
സമരവീര്യത്തിൽ കേരളീയർ മുന്നിലാണെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ സഹനത്തിൽ അവർ ഒട്ടും പിന്നിലല്ല. നിത്യേന ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹന യാത്രികർ വലിയ യാതന അനുഭവിക്കുന്നു. അടിക്കടി കുടിവെള്ളം മുടങ്ങുന്നതും വൈദ്യുതി മുടങ്ങുന്നതും അവർ നിശബ്ദമായി സഹിക്കുന്നു. എന്തുകൊണ്ടാണ് അത്തരത്തിൽ ബുദ്ധിമുട്ടുകൾ വരുന്നതെന്ന് അറിഞ്ഞാൽ വലിയ ഒച്ചയും ബഹളവും വയ്ക്കുന്നവരല്ല. അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായി കാണുന്നത് ശീലമാക്കിയിരിക്കുന്നു.
വൈദ്യുതിയും വെള്ളവും എപ്പോൾ മുടങ്ങും, പുനഃസ്ഥാപിക്കും എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. തങ്ങളെ അധികാരത്തിലെത്തിച്ച സാധാരണക്കാരെ അതറിയിക്കേണ്ട ബാദ്ധ്യത സർക്കാരിനുമുണ്ട്. അതിൽ വീഴ്ച വരുത്തുമ്പോൾ ആദ്യം പൊതുജനം മനസിൽ പ്രതിഷേധിക്കും. പിന്നെ അമർഷം വാക്കുകളിലേക്ക് പടരും. സഹനത്തിന്റെ എല്ലാ സീമകളും കടക്കുമ്പോഴാണ് തിരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നത്. അപ്പോഴപ്പോൾ തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിപ്പോയാൽ ഈ അവസ്ഥയുണ്ടാകില്ല. മുൻകൂട്ടി അറിയിക്കാതെ പകലും രാത്രിയും വൈദ്യുതി മുടങ്ങുന്നത് ഇപ്പോൾ പതിവായി. വിവിധ മേഖലകളെ ഇത് സാരമായി ബാധിക്കുന്നു.
പാലക്കാട് സിവിൽ സ്റ്റേഷന് സമീപം ഓക്സിജൻ കോൺസെൻട്രേറ്റർ നിശ്ചലമായതിനെ തുടർന്ന് കിടപ്പുരോഗി മരിച്ചത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിന്റെ ഫലമായാണ്. എം.കൃഷ്ണൻ എന്ന എഴുപത്തിയൊന്നുകാരനാണ് പ്രാണവായു കിട്ടാതെ മരിച്ചത്. ഇത്തരത്തിൽ മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി മുടങ്ങുന്നത് പലേടത്തും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഓക്സിജൻ കോൺസെൻട്രേറ്റർ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ ഓക്സിജൻ സിലിണ്ടർ പോലെ റീഫിൽ ചെയ്യേണ്ട. ഇക്കാരണത്താൽ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഓർക്കാപ്പുറത്ത് വൈദ്യുതി മുടങ്ങുന്നത് അവിടെയെല്ലാം ബുദ്ധിമുട്ടുണ്ടാക്കും. പിണറായി സർക്കാരിന്റെ പത്തുവർഷത്തെ ഭരണകാലത്ത് പവർകട്ട് ഇല്ലായിരുന്നുവെന്നും യു.ഡി.എഫ് വന്നതോടെ ഇരുട്ടിലായെന്നുമുള്ള പ്രചാരണം ഇടതുമുന്നണി ശക്തമായി നടത്തുന്നുണ്ട്. അതു സ്വാഭാവികമാണ് താനും.
മുൻകൂട്ടി പ്രഖ്യാപിക്കാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയാൽ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനത്തിൽ താളപ്പിഴയുണ്ടാകും. അത് പാലക്കാട് സംഭവം പോലെ കൂടുതൽ രക്തസാക്ഷികളെ സൃഷ്ടിക്കും. വൈദ്യുതി മുടങ്ങുന്നത് സംസ്ഥാനത്തൊട്ടാകെ അനിശ്ചിതത്വം പടർത്തിയ സാഹചര്യത്തിൽ കെ.എസ്.ഇ.ബി ചില സാങ്കേതിക തടസങ്ങൾ ഉന്നയിക്കുന്നുണ്ട്. വൈദ്യുതി വില നൽകി വാങ്ങാൻ പണമില്ലാത്തപ്പോഴും ഉയർന്ന ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി കൊണ്ടുവരാനുള്ള ഗ്രിഡ് സംവിധാനം ഇല്ലാത്തപ്പോഴുമാണ് മുൻകൂട്ടി സമയം പ്രഖ്യാപിച്ച് ലോഡ് ഷെഡിംഗ് നടത്താറുള്ളത്. ഇപ്പോൾ അത്തരമൊരു സാഹചര്യമില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. പ്രധാനപ്പെട്ട ജലവൈദ്യുത അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്‌ന്നിരിക്കുകയാണ്. ജൂണിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം 88.45 മില്യൺ യൂണിറ്റാണ്.
എന്നാൽ ജലവൈദ്യുതി, കാറ്റ്, സൗരോർജ്ജം എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര സ്രോതസുകളിൽ നിന്ന് ഉത്‌പാദിപ്പിക്കുന്നത് 15 മില്യൺ യൂണിറ്റാണ്. അതായത് 17 ശതമാനം മാത്രം. ശേഷിക്കുന്ന 73.45 മില്യൺ യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതാണ്. വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിലുള്ള വേഗവും ശുഷ്‌കാന്തിയും ഉപഭോക്താക്കൾക്ക് മുടങ്ങാതെ വൈദ്യുതി എത്തിക്കുന്നതിൽ കെ.എസ്.ഇ.ബി കാട്ടാറില്ലെന്നത് യാഥാർത്ഥ്യം. ശാസ്‌ത്രീയമായി ദീർഘവീക്ഷണത്തോടെ അതിനുള്ള പരിഹാരം കണ്ടെത്തണം. ആര് ആരുമായി എപ്പോൾ കരാറുണ്ടാക്കുന്നുവെന്നോ അതിന്റെ വ്യവസ്ഥകളെന്തെന്നോ സാധാരണക്കാർ ചിന്തിക്കാറില്ല. കൃത്യമായി കറന്റ് ബില്ലടയ്ക്കുന്നവർ മുടങ്ങാതെ വൈദ്യുതി ലഭിക്കാനും ആഗ്രഹിക്കും. അതിന് തടസമുണ്ടാകുകയാണെങ്കിൽ അതറിയിക്കാനുള്ള ബാദ്ധ്യത കെ.എസ്.ഇ.ബിക്കുണ്ട്. സാങ്കേതിക കാര്യങ്ങളിൽ തൂങ്ങി ആ ബാദ്ധ്യതകളിൽ നിന്ന് കൈകഴുകി മാറരുത്. ഈ ഡിജിറ്റൽ കാലത്ത് മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നത് അത്ര പ്രയാസമുള്ളതല്ല. എല്ലാം സിസ്റ്റത്തിന്റെ തലയിൽ വച്ചാലുള്ള ശിക്ഷ ആരും മറക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |