
മരുന്ന് പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ആവശ്യം വരുന്നതാണ്. ആഡംബര കാറുകൾക്ക് വില കൂട്ടുന്നതുപോലെ ക്യാൻസറിന്റെയും മറ്റും മരുന്നുകൾക്ക് മരുന്നു കമ്പനികളും സ്വകാര്യ ആശുപത്രികളും വില കൂട്ടിയാൽ അത് സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവരെയും ഒന്നുപോലെ കൊള്ളയ്ക്ക് വിധേയമാക്കുന്നതിന് തുല്യമാണ്. 2700 രൂപയ്ക്ക് ആശുപത്രികൾക്ക് ലഭിക്കുന്ന ക്യാൻസർ മരുന്നിന് 27,000 രൂപ ഈടാക്കി രോഗികൾക്ക് നൽകുന്നതിനെ 'കൂട്ടക്കുരുതി' എന്നല്ലാതെ എന്താണ് വിളിക്കാൻ കഴിയുക എന്ന് സുപ്രീംകോടതി ചോദിച്ചിരിക്കുന്നു. ഇത് ഇവിടത്തെ സാധാരണ മനുഷ്യന്റെ മനസിൽ ഉയർന്നിരുന്ന ചോദ്യം തന്നെയാണ്. സ്വകാര്യ ആശുപത്രികൾ മൃതശരീരങ്ങൾ പിടിച്ചുവച്ച് പോലും വിലപേശുന്നു. മരുന്ന് നിർമ്മാതാക്കളും ആരെക്കുറിച്ചും ചിന്തിക്കുന്നില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാർ ഇക്കാര്യം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
പരമാവധി ലാഭം പതിനാറ് ശതമാനം എന്ന നിരക്കിൽ എം.ആർ.പിക്ക് പരിധി നിശ്ചയിച്ചു കൂടെയെന്നും സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. ഇതിനായി ഏകീകൃത ചട്ടം കൊണ്ടുവരാവുന്നതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മരുന്ന് വില നിയന്ത്രിക്കൽ, ജനറിക് മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത, മരുന്ന് കുറിക്കൽ എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കോർപ്പറേറ്റ് ആശുപത്രികൾ സേവനത്തിൽ നിന്ന് വിട്ട് വ്യവസായമായി മാറിയെന്നും അതിന്റെ ദുരിതം സാധാരണക്കാരനും അനുഭവിക്കേണ്ടി വന്നിരിക്കുകയാണെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ആയുഷ്‌മാൻ ഭാരത് പോലെയുള്ള സർക്കാർ പദ്ധതികൾക്ക് കീഴിലാണ് ചികിത്സയെങ്കിൽ ആ പണമത്രയും പൊതുഖജനാവിൽ നിന്ന് അടയ്ക്കേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനോട് യോജിച്ച കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, പരിഹാരം മുന്നോട്ടു വയ്ക്കാൻ കൂടുതൽ സമയം ചോദിച്ചു. ഇതനുവദിച്ച കോടതി തുടർവാദം 12ലേക്ക് മാറ്റിയിരിക്കുകയാണ്.
ആശുപത്രിയുടെ സ്വന്തം ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങണമെന്ന് വലിയ സ്വകാര്യ ആശുപത്രികളെല്ലാം നിഷ്കർഷിക്കാറുണ്ട്. വെളിയിൽ നിന്ന് ലഭിക്കുന്ന അതേ മരുന്ന് ഇവിടെ പത്തും അമ്പതും ഇരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കോടതി, ആശുപത്രിയുടെ സ്വന്തം ഫാർമസിയിൽ നിന്നേ മരുന്ന് വാങ്ങാവൂ എന്ന നിർബന്ധം സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് പറഞ്ഞു. പുറത്തെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങിയാൽ ചികിത്സ നൽകില്ലെന്ന സാഹചര്യമുണ്ടെങ്കിൽ അതും പരിശോധിക്കണം. അതുപോലെ എല്ലാ മരുന്നുകളും അതാത് രോഗം വരുന്നവർക്ക് അവശ്യ മരുന്നുകൾ തന്നെയാണ്. അപ്പോൾ അവശ്യ മരുന്നുകൾ എന്നും അല്ലാത്തവയെന്നും വേറിട്ടു കാണുന്നതിന്റെ യുക്തി വിശദീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വഴിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും മറ്റും പിടിച്ചുപറിക്കുന്നവരെ പൊലീസ് പിടികൂടും. എന്നാൽ, അതിനേക്കാൾ വലിയ പിടിച്ചുപറിയല്ലേ 40 രൂപയുടെ ഗുളികയ്ക്ക് 400 രൂപ ഈടാക്കുന്നത്. നിയമപരമായ ലൈസൻസോടു കൂടിയ പിടിച്ചുപറിയാണിത്. ഇത്തരം മരണ കൊള്ളകൾക്ക് ഒരു നിയന്ത്രണവും തടയിടലും വന്നേ മതിയാവൂ. അതോടൊപ്പം പൊതുമേഖലയിലെ ആശുപത്രികളിലെ സൗകര്യങ്ങൾ ശരാശരി നല്ല സ്വകാര്യ ആശുപത്രികളിലേതിന് തുല്യമായി ഉയരുകയും വേണം. അങ്ങനെ വരുമ്പോൾ സ്വകാര്യ ആശുപത്രികൾ തനിയെ പത്തി താഴ്‌ത്താൻ നിർബന്ധിതമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |