SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

റേഷൻ കാർഡുകളുടെ റദ്ദാക്കൽ നടപടി

a

കഴിഞ്ഞ ആറു മാസമായി റേഷൻ കാർഡുകൾ ഉപയോഗിക്കാത്ത രാജ്യത്തെ 1.58 കോടി ഗുണഭോക്താക്കളുടെ കാർഡുകൾ ഒക്ടോബർ മുതൽ അസാധുവാക്കാൻ കേന്ദ്രം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. പൊതുവിതരണ സംവിധാനത്തിലെ വിവര ശേഖരണം കൃത്യമാക്കുന്നതിനും ഇരട്ടിപ്പുള്ളതും സംശയാസ്പദവുമായ ഗുണഭോക്താക്കളെ ഒഴിവാക്കുന്ന നടപടിയുടെ ഭാഗമായാണ് ഈ നീക്കം. ആറു മാസമായി ഒരിക്കൽ പോലും ഭക്ഷ്യധാന്യം വാങ്ങുന്നതിനായി റേഷൻ കാർഡ് ഉപയോഗിക്കാതിരുന്നവയാണ് നിർജ്ജീവമായി കണക്കാക്കുക. രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരം അർഹരായ ഗുണഭോക്താക്കളിൽ തന്നെയെത്തുന്നെന്ന് ഉറപ്പാക്കാനും അനർഹർ ഉപയോഗിക്കുന്നത് തടയാനുമായുള്ള ഈ ശുദ്ധീകരണം പൊതുവെ നല്ലതാണെങ്കിലും അതിന്റെ പേരിൽ അർഹരായവർ ഒഴിവാകുന്നത് ന്യായീകരിക്കാനാവില്ല.

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ആറു മാസത്തോളം വീട്ടിലെ മാതാപിതാക്കൾ പോലും വിദേശത്തുള്ള മക്കളോടൊപ്പം കഴിയാൻ പോകുന്നത് സാധാരണ സംഭവമാണ്. അത്തരക്കാരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളിലേക്കാൾ കൂടുതലാണ് കേരളത്തിൽ. അതിനാൽ ആറു മാസം റേഷൻ വാങ്ങാത്തത് കർശനമായ മാനദണ്ഡമായി കണക്കാക്കിയാൽ ഏറ്റവും കൂടുതൽ പേർ പുറത്താകുന്ന സംസ്ഥാനമായി കേരളം മാറാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ ഇങ്ങനെയുള്ളവർക്ക് ഇക്കാര്യം പൊതുവിതരണ വകുപ്പിനെ അറിയിക്കാനും അത്തരം കാർഡുകാരെ ഒഴിവാക്കുന്നതിൽ നിന്ന് മാറ്റിനിറുത്താനുമുള്ള സംവിധാനം ആവശ്യമാണ്. ആദ്യം റേഷൻ കാർഡുകൾ താത്കാലികമായി മരവിപ്പിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. തുടർന്ന് തങ്ങൾ യഥാർത്ഥ ഗുണഭോക്താക്കളാണെന്ന് തെളിയിക്കാൻ മൂന്ന് മാസത്തെ സമയം അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഇത് ആറുമാസം വരെയെങ്കിലും നീട്ടാൻ കേന്ദ്രം തയ്യാറാകണം. തുടർന്നും ഇ- കെ.വൈ.സി നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരെ മാത്രമേ പുറത്താക്കാൻ നടപടി എടുക്കാവൂ. കഴിഞ്ഞ ആറ് മാസത്തിനിടെ വിഹിതമൊന്നും കൈപ്പറ്റാത്ത കാർഡുകളെ നിശബ്ദ റേഷൻ കാർഡുകൾ എന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നത്. ഇത്തരം നടപടികളുടെ ഭാഗമായി ഏകദേശം 5.8 കോടി റേഷൻ കാർഡുകൾ പി.ഡി.എസ് സംവിധാനത്തിൽ നിന്ന് നീക്കം ചെയ്തതായി 2024 നവംബറിൽ ഭക്ഷ്യമന്ത്രാലയം അറിയിച്ചിരുന്നു. കേരളത്തിൽ നാലര ലക്ഷത്തോളം കാർഡുകളാണ് ഇപ്പോൾ നിർജ്ജീവാവസ്ഥയിലുള്ളത്. മുൻഗണനാ വിഭാഗത്തിലുള്ള 44,000 കാർഡുകളും ഇതിൽ ഉൾപ്പെടുന്നു. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട നാല് ലക്ഷത്തോളം കാർഡുകളുണ്ട്. ഒഴിവാക്കുന്നതിന് പകരം പുതിയ ആളുകളെ കണ്ടെത്തി ഉൾപ്പെടുത്താനുള്ള നടപടിയും പൊതുവിതരണ വകുപ്പ് ശക്തിപ്പെടുത്തണം. ഇല്ലെങ്കിൽ കേരളത്തിന്റെ റേഷൻ വിഹിതം വൻതോതിൽ കുറയാൻ ഇടയാക്കും.

ഇ- കെ.വൈ.സി പൂർത്തിയാക്കുന്ന ആരെയും ഒഴിവാക്കാനും പാടില്ല. അർഹതയുള്ള ഒരു കാർഡുടമയെയും പുറത്താക്കില്ല എന്നാണ് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മൊത്തം 94 ലക്ഷം റേഷൻ കാർഡുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതുപ്രകാരം ഇപ്പോൾ 32,000 ടൺ അരി വിഹിതമാണ് സംസ്ഥാനത്തിന് ലഭ്യമാകുന്നത്. ഇതിന് പുറമെ ടൈഡ് ഓവർ വിഹിതവും ലഭിക്കുന്നു. കേന്ദ്രത്തിന്റെ പുതിയ നീക്കം സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് ഒഴിവാക്കാനുള്ള ഔദ്യോഗിക നടപടികളും ബോധവത്കരണവും സമയബന്ധിതമായി നടപ്പാക്കേണ്ടത് സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ഉത്തരവാദിത്വമാണ്. കാർഡുകൾ റദ്ദാക്കുന്നതിന് റേഷൻ വാങ്ങിയില്ല എന്നത് കർശന മാനദണ്ഡമാക്കുന്നതിന്റെ നിയമവശവും പരിശോധിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY