SignIn
Kerala Kaumudi Online
Monday, 05 October 2026 10.34 PM IST

നഗോയയിലെ നാലാം സ്ഥാനം ഒരു ചൂണ്ടുപലക

1

ജപ്പാനിലെ അയ്‌ചി നഗോയയിൽ ഏഷ്യൻ ഗെയിംസിന്റെ 20-ാം പതിപ്പിന് തിരശീല വീണിരിക്കുന്നു. വൻകരയിലെ തങ്ങളുടെ കായികക്കരുത്തിന് അടിവരയിട്ട് ചൈന 169 സ്വർണവും 89 വെള്ളിയും 83 വെങ്കലവുമടക്കം 341 മെഡലുകളുമായി ചാമ്പ്യന്മാരായപ്പോൾ ഇന്ത്യ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമടക്കം 85 മെഡലുകൾ നേടി നാലാം സ്ഥാനം നിലനിറുത്തി. ചൈനയിലെ ഹ്വാംഗ്ചോയിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ ഇന്ത്യ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമടക്കം 107 മെഡലുകൾ നേടി ചരിത്രം കുറിച്ചിരുന്നു. മെഡലെണ്ണത്തിൽ കുറവുണ്ടായെങ്കിലും ഈ ഗെയിംസിന്റെ തുടക്കദിവസങ്ങളിൽ ആദ്യ പത്തിന് പുറത്തായിരുന്ന ഇന്ത്യ അവസാനദിനങ്ങളിൽ സ്വർണക്കുതിപ്പ് നടത്തിയാണ് നാലാം സ്ഥാനത്തേക്കുയർന്നത്. ഇക്കുറിയും ഇന്ത്യയ്ക്ക് ഏറ്റവുംകൂടുതൽ സ്വർണം നേടിത്തന്നത് ആർച്ചറിയാണ്. അഞ്ച് സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവും ഉൾപ്പെടെ ഒൻപത് മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്.

കഴിഞ്ഞ ഗെയിംസിലും നമുക്ക് ഒൻപത് മെഡലുകൾ ആർച്ചറിയിൽ നിന്ന് ലഭിച്ചിരുന്നു. ഷൂട്ടിംഗിലും അത്‌ലറ്റിക്സിലും കഴിഞ്ഞ തവണത്തെ പെരുമ നിലനിറുത്താൻ കഴിഞ്ഞില്ല. ഹ്വാംഗ്ചോയിൽ ഷൂട്ടിംഗിൽ നിന്ന് ഏഴും അത്‌ലറ്റിക്സിൽ നിന്ന് ആറും സ്വർണങ്ങൾ ലഭിച്ചപ്പോൾ ഇക്കുറി അത് യഥാക്രമം മൂന്നും ഒന്നുമായി കുറഞ്ഞു. ക്രിക്കറ്റിലും കബഡിയിലും പുരുഷ-വനിതാ വിഭാഗങ്ങളിലെ സ്വർണനേട്ടം ആവർത്തിച്ചപ്പോൾ ഹോക്കിയിലും ഇക്കുറി ഇന്ത്യൻ പുരുഷ ടീമും വനിതാ ടീമും ജേതാക്കളായി. 44 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് സ്വർണമണിയുന്നത്. ഇതോടെ ഇരുടീമുകൾക്കും ഒളിമ്പിക്സ് യോഗ്യതയും ലഭിച്ചു. കഴിഞ്ഞതവണ ഒരു സ്വർണംപോലും നേ‌ടാൻ കഴിയാതിരുന്ന ബോക്സിംഗിൽ നിന്ന് ഇക്കുറി മൂന്ന് സ്വർണങ്ങൾ സ്വന്തമാക്കാനായി. ഗുസ്തിയിലും ഇക്കുറി സ്വർണപ്പട്ടികയിലേക്ക് തിരിച്ചുവന്നു.

ഗോൾഫിൽ പ്രണവിയിലൂടെ ചരിത്രത്തിലാദ്യമായി സ്വർണത്തിലെത്തി. വനിതകളുടെ വെയ്റ്റ് ലിഫ്ടിംഗിൽ മീരാബായ് ചാനുവിന്റെ വെള്ളിയിലൂടെ 28 വർഷത്തിന് ശേഷം മെഡൽപ്പട്ടികയിൽ ഇടം നേടി. മിക്സഡ് മാർഷ്യൽ ആർട്സിലും സോഫ്റ്റ് ടെന്നീസിലും ആദ്യമെഡലുകൾ ലഭി​ച്ചതും സന്തോഷകരമാണ്. മലയാളി​ താരങ്ങളും ഈ മെഡൽനേട്ടങ്ങളി​ൽ പങ്കാളി​കളായി​ എന്നത് അഭി​മാനകരമാണ്. ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് ഈ ഗെയിംസിലെ ഏക മലയാളി സ്വർണമെഡലിസ്റ്റ്. ഷൂട്ടിംഗിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശ കെ.വിനോദിന്റെ താരോദയമുണ്ടായതും നഗോയയിലാണ്. ആദ്യമായാണ് ഒരു മലയാളിതാരം ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്നത്. വളരെ പരിമിതമായ ജീവിതസാഹചര്യങ്ങളോടും പരിശീലന സൗകര്യങ്ങളോടും പടവെട്ടിയാണ് വിദർശയുടെ നേട്ടമെന്നത് തിളക്കം വർദ്ധിപ്പിക്കുന്നു.

അത്‌ലറ്റിക്സിൽ ഓരോ വെള്ളിയും വെങ്കലവുമായി റിലേതാരം മനു ടി.എസ് തിളങ്ങി. ലോംഗ്ജമ്പിൽ ശ്രീശങ്കറും ആൻസി സോജനും നേടിയ വെള്ളിമെഡലുകൾക്ക് സ്വർണത്തോളം തിളക്കമുണ്ട്. സെയ്‌ലിംഗിൽ മനു ഫ്രാൻസിസ്- പ്രിൻസ് നോബിൾ സഖ്യത്തിന് വെള്ളി ലഭിച്ചു. വെങ്കലം നേടിയ പുരുഷ ബാഡ്മിന്റൺ ടീമിൽ എച്ച്.എസ്.പ്രണോയ്‌യും എം.ആർ.അർജുനും അംഗങ്ങളായിരുന്നു.

2030ൽ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന, 2036 ഒളിമ്പിക്സ് വേദിക്ക് ശ്രമിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഗെയിംസിലെ പ്രകടനം ചൂണ്ടുപലകയാണ്. നമ്മുടെ ശക്തിയും ദൗർബല്യങ്ങളും ഏതൊക്കെ കായിക ഇനങ്ങളിലാണെന്ന് തിരിച്ചറിഞ്ഞ്, കൂടുതൽ മെഡൽ സാദ്ധ്യതയുള്ള ഇനങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം. അത്‌ലറ്റിക്സിലും ഷൂട്ടിംഗിലുമുണ്ടായ തിരിച്ചടികൾ തിരുത്തണം.അടുത്തവർഷം ലോസാഞ്ചലസിൽ ന‌ടക്കുന്ന ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകൾ തുടരണം. നഗോയയിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ എല്ലാ കായികപ്രതിഭകൾക്കും അഭിനന്ദനങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION