SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.07 AM IST

സൗദിയിലെ ആക്രമണം സൃഷ്ടിക്കുന്ന ആശങ്ക

READ ENGLISH VERSION
a

യെമനിലെ ഹൂതി വിമതർ സൗദി അറേബ്യക്ക് നേരെ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ കേരളത്തിലെ പ്രവാസി സമൂഹത്തിൽ വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 12പേരാണ് മരണമടഞ്ഞത്. ഇതിന് തിരിച്ചടിയായി യെമനിലെ 82 ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേന കനത്ത വ്യോമാക്രമണം നടത്തുകയും ചെയ്തു. ലക്ഷക്കണക്കിന് മലയാളികൾ ജോലിചെയ്യുന്ന സൗദിയിലെ യുദ്ധാന്തരീക്ഷം ഇവിടെയുള്ള അവരുടെ കുടുംബങ്ങളിൽ പരത്തിയിട്ടുള്ള പരിഭ്രാന്തി ചെറുതല്ല. വിമാനത്താവളം താത്‌കാലികമായി അടച്ചിരിക്കുന്നു. ഇതെല്ലാം ഗൾഫ് മേഖല വീണ്ടുമൊരു കനത്ത യുദ്ധമുഖത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് പകരുന്നത്. അമേരിക്ക വിന്യസിച്ചിട്ടുള്ള വ്യോമപ്രതിരോധ മാർഗങ്ങളെ നിഷ്‌പ്രഭമാക്കിക്കൊണ്ടാണ് മിസൈൽ വിമാനത്താവളത്തിന്റെ ടെർമിനലിൽ പതിച്ചത്.

സൗദിയിൽ ഉണ്ടാകുന്ന ഏതൊരു അരക്ഷിതാവസ്ഥയും അവിടെ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷിതത്വത്തെയും ഉപജീവനത്തെയും നേരിട്ട് ബാധിക്കുന്നതാണ്. തിരിച്ചടിയുടെ ഭാഗമായി ഹൂതി കേന്ദ്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും സൗദിക്ക് നേരെ ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യതയാണ് അവിടെ നിലനിൽക്കുന്നത്. അതിനാൽ സൗദിയിലെ മലയാളി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഇറാൻ- അമേരിക്കൻ യുദ്ധത്തിന്റെ തുടർച്ചയായി വേണം ഹൂതി വിമതരുടെ ആക്രമണത്തെയും വീക്ഷിക്കാൻ. ഇറാന്റെ ശക്തമായ പിന്തുണയോടെയാണ് യെമനിൽ ഹൂതികൾ പ്രവർത്തിക്കുന്നത്. ഒരു ദശകത്തിനിടെ സൗദിക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ശനിയാഴ്ച ഉണ്ടായത്. ഹൈദരാബാദ് സ്വദേശിയായ ഐ.ടി എൻജിനിയർ മുഹമ്മദ് അലിയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും പരിക്കേൽക്കുകയും ചെയ്തു.

ആക്രമണം തുടരുമെന്ന് വ്യക്തമാക്കിയ ഹൂതികൾ സൗദി വിമാനത്താവളങ്ങൾ ഒഴിവാക്കാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. സൗദിയുടെ അഭ്യർത്ഥനപ്രകാരം അമേരിക്ക ഹൂതികളോട് നേരിട്ട് യുദ്ധത്തിന് ഇറങ്ങുമോ എന്നതാണ് ഇനി അറിയാനുള്ളത്. അങ്ങനെയാണെങ്കിൽ അടിയും തിരിച്ചടിയുമായി യുദ്ധം ഗൾഫ് മേഖലയാകെ പടരുമോ എന്ന കടുത്ത ആശങ്കയും നിലനിൽക്കുന്നു. അങ്ങനെ ഉണ്ടാവുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ലോകത്തെയാകെയും പ്രത്യേകിച്ച് കേരളത്തെയും രൂക്ഷമായാവും ബാധിക്കുക. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ലോകം മുഴുവൻ ഇന്ധന വില വർദ്ധിക്കാൻ ഇടയാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഉത്‌പാദക രാജ്യമാണ് സൗദി. അവിടെ യുദ്ധാന്തരീക്ഷം തുടർന്നാൽ എണ്ണ കയറ്റുമതി തടസപ്പെടുകയും എണ്ണ വില വീണ്ടും കുതിച്ചുയരാൻ അതിടയാക്കുകയും ചെയ്യും. ആഭ്യന്തര ഉൗർജ്ജ മേഖലയിലെ ഉപയോഗത്തിനായി ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളാവും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങേണ്ടിവരിക.

ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ ജോലിചെയ്യുന്നവർ എന്നതുപോലെ തന്നെ ഏറ്റവും വലിയ നിക്ഷേപങ്ങൾ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നതും മലയാളികളായ പ്രവാസി വ്യവസായികളാണ്. ദുബായിലും മറ്റും സ്വകാര്യ രംഗത്ത് ഏറ്റവും വലിയ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യങ്ങളിൽ മുൻനിരയിലാണ് ഇന്ത്യ. പശ്ചിമേഷ്യൻ യുദ്ധം കാരണം ബിസിനസുകളെല്ലാം ഏതാണ്ട് നിർജ്ജീവാവസ്ഥയിലാണ്. അതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം വളരെ വലുതാണ്. ഗൾഫ് മേഖലയിൽ വിവിധ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഭിന്നതയാണ് അമേരിക്കയും ഇസ്രയേലുമൊക്കെ മുതലെടുക്കുന്നത്. എന്നാൽ ഗൾഫ് രാജ്യങ്ങളുമായി ഒരേപോലെ മമതയും സൗഹൃദവുമുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ ഗൾഫിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ മുൻകൈയെടുക്കേണ്ടതാണ്.

English Summary

Missile attacks by Yemen’s Houthi rebels targeting Saudi Arabia have sparked widespread fear among the Malayali expatriate community in the Gulf, particularly those living and working in Saudi Arabia.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL, SAUDI ARABIA MISSILE ATTACKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION