SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.07 AM IST

വയോജനങ്ങളുടെ സംരക്ഷണം

a

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മികച്ച ആരോഗ്യ സംവിധാനവും ശുചിത്വപരിപാലനവും നിലവാരമുള്ള ജീവിത സാഹചര്യങ്ങളുമാണ് ആയുർദൈർഘ്യം കൂടാൻ ഇടയാക്കിയിട്ടുള്ളത്. 2011ൽ വയോജനങ്ങൾ മൊത്തം ജനസംഖ്യയുടെ 13 ശതമാനമായിരുന്നത് 2035ഓടെ 23 ശതമാനമായി വർദ്ധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആയുർദൈർഘ്യം വർദ്ധിക്കുന്നതിനൊപ്പം ജോലിതേടി വിദേശത്തേക്ക് ഒട്ടേറെ ചെറുപ്പക്കാർ കുടിയേറുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഇതോടെ മുതിർന്ന പൗരന്മാർ നേരിടുന്ന സുരക്ഷിതത്വമില്ലായ്‌മയും ഒറ്റപ്പെടലും വലിയൊരു സാമൂഹ്യ പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമവും അന്തസും ഉറപ്പാക്കുന്നതിനായി സർക്കാർ പരിഷ്കരിച്ച വയോജന നയം രൂപീകരിച്ചിരിക്കുന്നത്.

രാജ്യത്താദ്യമായി വയോജന ക്ഷേമ വകുപ്പ് എന്നപേരിൽ പ്രത്യേക ഭരണ വിഭാഗം നിലവിൽ വരുത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി വയോജന സംരക്ഷണ ബില്ലും നിയമസഭയിൽ പരിഗണനയിൽ വന്നിരിക്കുകയാണ്. വയോജനങ്ങളെ വീട്ടിൽ നിന്ന് ഇറക്കിവിടുകയോ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുകയോ ചെയ്‌താൽ 3 വർഷം വരെ തടവും 50,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്.

മുതിർന്ന പൗരന്മാരുടെ പരിചരണ കേന്ദ്രങ്ങളുടെ നിലവാരവും സുതാര്യതയും ഉറപ്പാക്കുക, മുതിർന്ന പൗരന്മാർ ആഗ്രഹിക്കുന്നിടത്തോളം കാലം സ്വന്തം വീട്ടിൽ കഴിയുന്നതിനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ഈ ബിൽ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്നുതന്നെയാണ്. പ്രായമാകുമ്പോൾ മാതാപിതാക്കളെ മക്കൾ നോക്കണമെന്നതാണ് സമൂഹത്തിന്റെ പരമ്പരാഗതമായ കാഴ്ചപ്പാട്. എന്നാൽ പുതിയ കാലത്തെ ജോലികളുടെ രീതികളും വിദേശ വാസവും മറ്റും പ്രായോഗികമായി അത് നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ സൃഷ്ടിച്ചിട്ടുള്ളത് എന്നതും കണക്കിലെടുക്കാതിരുന്നുകൂടാ.

ഇവിടെയാണ് സർക്കാരിന്റെ ഇടപെടലുകളുടെ പ്രസക്തി വർദ്ധിക്കുന്നത്. പലപ്പോഴും പണം ചെലവാക്കാൻ തയ്യാറാകുന്ന മക്കൾക്ക് പോലും നേരിട്ട് നിന്ന് അവരുടെ പരിചരണം ഉറപ്പാക്കാൻ കഴിയില്ല. സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പേരിൽ മക്കളിൽ നിന്നു കൂടി ഫീസ് ഈടാക്കുന്ന വയോജന കേന്ദ്രങ്ങൾ തുറക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. വീടുകളിൽ വന്ന് കിടപ്പുരോഗികളെ നോക്കുന്നതിന് പ്രത്യേക പരിശീലനം ആവശ്യമാണ്.

ഇത്തരം ട്രെയിനിംഗ് നൽകുന്ന സ്ഥാപനങ്ങൾ ആരോഗ്യവകുപ്പ് മുൻകൈയെടുത്ത് ആരംഭിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര വൈദഗ്ദ്ധ്യമില്ലാത്ത ഏജൻസികളാണ് ഹോം നഴ്‌സുകളെയും മറ്റും ഇപ്പോൾ നിയോഗിക്കുന്നത്. ധാരാളം തൊഴിൽ സാദ്ധ്യതയുള്ള ഒരു മേഖല കൂടിയാണിത്. ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കിയാൽ ലഭിക്കുന്നതിന്റെ ഇരട്ടി ശമ്പളം വയോജനങ്ങളെ പരിപാലിക്കുന്നതിനായി വീട്ടിൽ വരുന്നവർക്ക് ലഭിക്കുന്നുണ്ട്. ഇവരുടെ മറ്റ് ചെലവുകളെല്ലാം നോക്കേണ്ടത് വീട്ടുകാരായതിനാൽ ഇവർക്ക് ഏതാണ്ട് മൊത്തം ശമ്പളവും ലാഭിക്കാനാവുകയും ചെയ്യും.

സ്വത്തെല്ലാം എഴുതിവാങ്ങിയിട്ട് വയസാകുമ്പോൾ മാതാപിതാക്കളെ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും നോക്കാൻ തയ്യാറാകാത്തവരെ കർശനമായ നിയമങ്ങൾ വഴി തന്നെയാണ് നേരിടേണ്ടത്. അതുപോലെ കിടപ്പിലായവർക്ക് ആശ്വാസം പകരുന്ന പാലിയേറ്റീവ് ശൃഖലകൾ സംസ്ഥാനത്ത് വ്യാപിപ്പിക്കേണ്ടതും ആവശ്യമാണ്. മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന മേഖലയിലേക്ക് സ്വകാര്യ സംരംഭകരും കൂടുതലായി കടന്നുവരാൻ സർക്കാർ അവസരം ഒരുക്കേണ്ടതും ആവശ്യമാണ്. ഉത്‌പാദനക്ഷമമായ ചെറിയ തൊഴിൽ സംരംഭങ്ങളുടെ ഭാഗമാകാൻ വയോജനങ്ങൾക്ക് അവസരമൊരുക്കിയാൽ വാർദ്ധക്യകാലത്ത് അവർക്ക് അതൊരു വലിയ സാമ്പത്തിക പിന്തുണയായും മാറും. വയോജന സൗഹൃദ സംസ്കാരം നിയമത്തിലൂടെ മാത്രമല്ല ഓരോ കുടുംബത്തിലൂടെയും വളർന്നുവരേണ്ടത് ആവശ്യമാണ്.

English Summary

Kerala is one of the Indian states with the highest proportions of elderly people. An effective healthcare system, good sanitation and better living conditions have contributed to the state's higher life expectancy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL, KERALA ELDERLY POPULATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION