SignIn
Kerala Kaumudi Online
Thursday, 22 October 2026 2.15 AM IST

യൂറോപ്പിലെ ജനരോഷം

europe-protests

ഫ്രാൻസിൽ തുടങ്ങിയ പ്രക്ഷോഭം യൂറോപ്പിനെ ഉലയ്ക്കുന്ന രീതിയിൽ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. കുത്തനെ ഉയരുന്ന ജീവിതച്ചെലവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് ജനങ്ങളെ തെരുവിലിറക്കിയിരിക്കുന്നത്. ഫ്രാൻസിൽ നിന്ന് ഇറ്റലി, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിലേക്കും അശാന്തി പടരുകയാണ്. വിദ്യാലയങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്കെതിരെയാണ് യുവജനങ്ങൾ ഫ്രാൻസിൽ പ്രക്ഷോഭം തുടങ്ങിയത്. വിദ്യാഭ്യാസ കാര്യങ്ങൾക്ക് അനുവദിച്ചിരുന്ന ഫണ്ട് സർക്കാർ വെട്ടിക്കുറച്ചതിനെത്തുടർന്ന് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളുടെ സ്ഥിതി വളരെ ദയനീയമായി മാറിയിരുന്നു. പൂർണമായും വിദ്യാഭ്യാസത്തെയും വിദ്യാലയങ്ങളെയും അവഗണിക്കുന്ന സർക്കാരിനെതിരെയാണ് ആദ്യം യുവജനങ്ങൾ സംഘടിച്ചതെങ്കിലും പിന്നീടത് മറ്റ് പല കാര്യങ്ങളിലുമുള്ള അമർഷ പ്രകടനമായി മാറുകയായിരുന്നു.

വർദ്ധിക്കുന്ന ജീവിതച്ചെലവ് താങ്ങാനാവാതെയാണ് ജനങ്ങൾ രോഷാകുലരായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഫ്രാൻസിലെങ്ങും എട്ട് ലക്ഷത്തോളം പേരാണ് തെരുവിലിറങ്ങിയത്. പല നഗരങ്ങളിലും സമരം അക്രമാസക്തമാവുകയും ചെയ്തു. പാരീസിലടക്കം പല പ്രധാന നഗരങ്ങളിലും ആഡംബര വസ്‌ത്രശാലകളും മൊബൈൽ കടകളും സൂപ്പർ മാർക്കറ്റുകളും കൊള്ളയടിക്കപ്പെട്ടു. കാറുകൾക്കും സർക്കാർ ഓഫീസുകൾക്കും പൊലീസ് വാഹനങ്ങൾക്കു നേരെയും ആക്രമങ്ങൾ നടന്നു. വർദ്ധിക്കുന്ന ജീവിതച്ചെലവുകൾക്കെതിരെ ഇറ്റലിയിലെ മിലാനിൽ നടന്ന പ്രക്ഷോഭവും അക്രമാസക്തമായി. സർവകലാശാലാ ഫീസ് വർദ്ധനവിനെതിരെ ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളും അക്രമാസക്തരായി മാറി. പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ തുടരുന്ന പ്രക്ഷോഭം അൽബേനിയയിൽ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.

യൂറോപ്പിലെ ജീവിതച്ചെലവ് താങ്ങാനാവാതെ വന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റവും അതിനൊപ്പം പണപ്പെരുപ്പവുമാണ് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി മാറ്റിയിരിക്കുന്നത്. സാമ്പത്തിക നയങ്ങളിലെ പാളിച്ചകളും പൊതുജനങ്ങളുടെ ആവശ്യങ്ങളോടുള്ള സർക്കാരുകളുടെ നിസംഗതയുമാണ് തെരുവിലിറങ്ങാൻ ജനങ്ങളെ നിർബന്ധിതരാക്കിയത്. അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹവും കുടിയേറ്റവും രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്കും തദ്ദേശീയരുടെ തൊഴിലവസരങ്ങൾക്കും ഭീഷണിയാകുന്നുവെന്ന ആക്ഷേപവും ശക്തമാണ്. സമ്പന്നരുടെ ജീവിതരീതികൾക്കും മറ്റും അമിത പ്രാധാന്യം നൽകുന്ന സോഷ്യൽ മീഡിയയുടെ സ്വാധീനവും സമരങ്ങൾക്ക് പ്രേരകമായിട്ടുണ്ട്. ഫ്രാൻസിൽ അടുത്ത വർഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രൂപപ്പെട്ട ഈ പ്രക്ഷോഭം ഇമ്മാനുവൽ മാക്രോൺ സർക്കാരിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ അശാന്തിയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ ഭരണകൂടങ്ങൾ കുടിയേറ്റ നിയമങ്ങൾ പുനഃപരിശോധിക്കാനും കർശനമാക്കാനുമുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

ഇത് യൂറോപ്പിൽ ജോലി ചെയ്യുന്ന പ്രവാസികളായ നിരവധി ഇന്ത്യക്കാരെയും പ്രതികൂലമായി ബാധിക്കാം. യൂറോപ്യൻ യൂണിയന്റെ ഒത്തൊരുമയെ തന്നെ ഈ തെരുവ് യുദ്ധങ്ങൾ ബാധിച്ചേക്കും. യൂറോപ്പിൽ ജോലി ചെയ്യുന്ന പലരുടെയും ഏറ്റവും വലിയ ചെലവ് വാടകയാണ്. അടുത്തിടെ വാടക ഇനത്തിൽ വലിയ വർദ്ധന ഉണ്ടാവുകയും ചെയ്തു. ജനങ്ങളുടെ പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ഒരു പരിധി കഴിഞ്ഞ് ഒരു സർക്കാരിനും കഴിയില്ല. ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ മാത്രമേ ജനകീയ പ്രക്ഷോഭങ്ങളെ ശമിപ്പിക്കാനാവൂ. അതാകട്ടെ സർക്കാരിനുമേൽ വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തി വയ്ക്കുന്നതുമായിരിക്കും. യുവജനങ്ങളുടെ തൊഴിലില്ലായ്മ എവിടെയും പരിഹരിക്കപ്പെടേണ്ട ഒരു വലിയ പ്രശ്നം തന്നെയാണ്. ലോകത്തൊട്ടാകെ ഇന്ധന വില കൂടാൻ ഇടയാക്കിയതിൽ പശ്ചിമേഷ്യയിലെ സംഘർഷത്തിനുള്ള പങ്ക് ചെറുതല്ല. അതിനാൽ ലോക രാജ്യങ്ങൾ ഒറ്റക്കെട്ടായി അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മുൻതൂക്കം നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EUROPE PROTESTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION