SignIn
Kerala Kaumudi Online
Thursday, 30 July 2026 2.38 AM IST

നീതികാത്ത് 23 വർഷം

fire

ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകണമെന്ന ആവശ്യവുമായാണ് 2002 ഡിസംബറിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ സമരം ആരംഭിച്ചത്. ആദിവാസികളുടെ കുടിലുകൾ പൊളിച്ചുമാറ്റാനെത്തിയ പൊലീസുകാരിൽ ഒരാളായ വിനോദിനെ ഗോത്രമഹാസഭ പ്രവർത്തകർ തടങ്കലിലാക്കി. ഏറ്റമുട്ടലിനിടെ വെട്ടേറ്റ പൊലീസുകാരൻ പിന്നീട് മരിച്ചു. നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസിൽ 23 വർഷങ്ങൾക്കുശേഷം കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി നാളെ വിധി പറയുകയാണ്.

പ്രതിഭാഗത്തിനുവേണ്ടി നാലുദിവസം തുടർച്ചയായി കോടതിയിൽ വാദം നടന്നു. സി.ബി.ഐ നേരത്തെ വാദം പൂർത്തിയാക്കിയിരുന്നു. മറുപടി വാദവും കഴിഞ്ഞ ദിവസം നടന്നു. ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് വെടിവയ്പിൽ ജോഗി എന്ന ഗോത്ര യുവാവ് കൊല്ലപ്പെട്ടു. വിനോദും ജോഗിയും ഒരേ ഷെഡിൽ ഒരേ സമയം കൊല്ലപ്പെട്ടെന്നാണ് കേസ്. രണ്ട് മരണങ്ങളുടെയും കാരണത്തിൽ അവ്യക്തതയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. ശാസ്ത്രീയ തെളിവുകൾ സംബന്ധിച്ചും വിശദമായ വാദം നടന്നു. ജില്ലാ സെഷൻസ് ജഡ്ജി അയ്യൂബ് ഖാനാണ് വിധി പറയുക.

103 രേഖകളും 13 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി.സുരേഷ് രാജ് പുരോഹിത് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് ഡി.വൈ.എസ്.പിമാരും സാക്ഷികളായി. 47സാക്ഷികളെ വിസ്തരിച്ചു. ഒരു ജില്ലാ ജഡ്ജിയെയും ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ടറേറ്റിനെയും സാക്ഷിയായി വിസ്തരിച്ചു എന്ന പ്രത്യേകതയുമുണ്ട്. 57 പ്രതികളിൽ 15 പേർ മരണപ്പെട്ടു. സി.ബി.ഐയ്ക്കുവേണ്ടി പ്രോസിക്യൂട്ടർ ബോബി ജോസഫ്, പ്രതികൾക്കു വേണ്ടി അഡ്വ. ടി.എം.റഷീദ് എന്നിവർ ഹാജരായി.

മുത്തങ്ങ ഭൂസമരം

2002 ഡിസംബറിൽ ആദിവാസി ഗോത്രമഹാസഭ നേതാക്കളായ എം.ഗീതാനന്ദന്റെയും സി.കെ.ജാനുവിന്റെയും നേതൃത്വത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കയറി ആദിവാസികൾ താമസമാരംഭിച്ചു. മുത്തങ്ങ പൊൻകുഴി മേഖലയിലായി 825 കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം 4200 ഓളംപേരാണ് കുടിൽകെട്ടി താമസമാരംഭിച്ചത്. വനത്തിൽ കുടിയേറിയ ആദിവാസികളുമായി വനം വകുപ്പ് ചർച്ച നടത്തിയെങ്കിലും ഇറങ്ങിപോകാൻ ഇവർ കൂട്ടാക്കിയില്ല.

ആദിവാസികൾ താമിച്ചുവന്ന മേഖലയിൽ വൻ തീപിടിത്തമുണ്ടാവുകയും ഇത് ആദിവാസികൾ ചെയ്തതാണെന്ന് വനം വകുപ്പും വകുപ്പാണ് പിന്നിലെന്ന് ആദിവാസികളും ആരോപിച്ചു. ഇതോടെ കുടിയേറി താമസിക്കുന്ന ആദിവാസികളെ ഒഴിവാക്കുന്നതിനെപ്പറ്റി സർക്കാർതലത്തിൽ നീക്കങ്ങൾ ആരംഭിച്ചു.


ഫെബ്രുവരി 17ന് ആദിവാസികൾക്ക് വനം വകുപ്പ് അന്ത്യശാസനം നൽകി. 18ന് ഇറങ്ങിയില്ലെങ്കിൽ ബലം പ്രയോഗിച്ച് ഇറക്കുമെന്നായിരുന്നു അത്. ഇത് തള്ളിക്കളഞ്ഞ ആദിവാസികൾ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌കരിച്ചു. 19ന് രാവിലെ 8ന് വനം,​ പൊലീസ് സേനകൾ വനത്തിൽ പ്രവേശിച്ചു. ആദിവാസികളുടെ കുടിലുകൾ പൊളിച്ച് നീക്കി. ഗോത്രമഹാസഭ പ്രവർത്തകർ അമ്പും വില്ലുമുപയോഗിച്ച് പൊലീസിനെ പ്രതിരോധിച്ചു. ഉച്ചയോടെ കണ്ണൂർ ക്യാമ്പിൽ നിന്നുള്ള വിനോദ് എന്ന പൊലീസുകാരനെ ഗോത്രമഹാസഭ പ്രവർത്തകർ പിടികൂടി ബന്ധിയാക്കി.

പൊലീസുകാരനെ വിട്ടയക്കണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വെട്ടേറ്റ്,​ രക്തം വാർന്നുകൊണ്ടിരുന്ന പൊലീസുകാരനെ രക്ഷിക്കാൻ ബലപ്രയോഗത്തിലൂടെയല്ലാതെ സാദ്ധ്യമല്ലന്ന് മനസിലാക്കിയാണ് പൊലീസ് കുടിൽ വളഞ്ഞത്. തുടർന്നുണ്ടായ ഏറ്റുമുട്ടൽ വെടിവെയ്പിൽ കലാശിക്കുകയായിരുന്നു. വെടിവയ്പിൽ ജോഗി എന്ന ആദിവാസിയും കൊല്ലപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY