
അന്താരാഷ്ട്ര യോഗാദിനമായി ജൂൺ 21 ലോകരാഷ്ട്രങ്ങൾ ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭയുടെ, 2014 സെപ്തംബർ 27ന് നടന്ന യോഗത്തിൽവച്ച് നടത്തിയ അഭ്യർത്ഥന മാനിച്ചാണ് ഈ രാഷ്ട്രങ്ങൾ 5000 വർഷം പഴക്കമുള്ള നമ്മുടെ ഈ ഭാരതീയ ജ്ഞാനം പ്രയോജനപ്പെടുത്തുന്നത്.
സർവസാധാരണവും മനുഷ്യനെ വളരെ കഷ്ടപ്പെടുത്തുന്നതുമായ അനവധി രോഗങ്ങളെ നിവാരണം ചെയ്യുന്നതിനുമുള്ള വിശിഷ്ടമായ ഒരു പദ്ധതിയെന്ന നിലയിൽ യോഗാസനങ്ങൾക്കുള്ള സ്ഥാനത്തെ എടുത്തു പറയേണ്ട കാര്യമില്ലല്ലോ. യോഗാസനത്തിന്റെ ഗുണങ്ങൾ ലോകം മുഴുവൻ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഗവൺമെന്റിൽ നിന്നും ഏർപ്പെടുത്തിയിട്ടുള്ള ഒരു വിദഗ്ദ്ധ സമിതി യോഗാസനത്തെ രോഗനിവാരണത്തിനുള്ള ഒരു ഉത്തമ മാർഗമായി ശുപാർശ ചെയ്തിട്ടുളളത്.
യോഗാ വ്യായാമങ്ങൾ ഏറ്റവും ഫലവത്താണെന്നുള്ളത് എന്റെയടുത്ത് യോഗ ചെയ്യാൻ വന്ന പലരുടേയും അനുഭവ കഥകൾ സാക്ഷ്യം വഹിക്കുന്നു. എനിക്കറിയാവുന്ന പലരും യോഗയിൽക്കൂടി രോഗവിമുക്തരായിട്ടുണ്ട്. ശാരീരിക പ്രവർത്തനങ്ങളെ തകരാറിലാക്കുന്ന പല രോഗങ്ങളുടേയും മൂലകാരണം മാനസിക പിരിമുറുക്കം മൂലമാണ്. ഇങ്ങനെ മാനസിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും ഫലപ്രദമാണ് യോഗാഭ്യാസമെന്ന് ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
എല്ലാ യോഗാസനങ്ങളും ശ്വാസത്തിൽ അധിഷ്ഠിതമായിട്ടുള്ളതാണ്. ഓരോ യോഗ ചെയ്യുമ്പോഴും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം എങ്ങനെ ശ്വാസോച്ഛ്വാസം ചെയ്യണം എന്നുള്ളതാണ്. ഈ രീതി അവലംബിച്ചു യോഗ ചെയ്താൽ അനവധി രോഗങ്ങളെ നമുക്ക് അകറ്റി നിറുത്താൻ കഴിയും.
ഞാൻ പതഞ്ജലി യോഗയാണ് അഭ്യസിച്ചിട്ടുള്ളത്. കൊല്ലം സ്വദേശി യോഗാസനാചാര്യ കെ.പി.ഗംഗാധരൻ സാറിന്റെ ശിഷ്യനാണ് ഞാൻ. അദ്ദേഹം 84 യോഗാസനങ്ങളാണ് പറഞ്ഞു തന്നിട്ടുള്ളത്. അതിൽ കിടന്നുകൊണ്ടും, ഇരുന്നുകൊണ്ടും മലർന്നു കിടന്നുകൊണ്ടും നിന്നുകൊണ്ടും ഉള്ള യോഗകളാണ് പഠിപ്പിച്ചത്. അദ്ദേഹം പഠിപ്പിച്ച ഈ 84 യോഗാസനവും സകലരും അറിഞ്ഞിരിക്കണമെന്നില്ല. ഇരുപതോളം യോഗാസനങ്ങൾ നിർദ്ദിഷ്ട ശ്വാസോച്ഛ്വാസ വ്യായാമ പുരസരം ദിനംപ്രതി അഭ്യസിച്ചു കൊണ്ടിരുന്നാൽ ശരീരം ആരോഗ്യവും സുശക്തവും ആയി സൂക്ഷിക്കാൻ ഏവർക്കും സാദ്ധ്യമാകുന്നതാണ്.
സ്ത്രീകൾ യോഗാസനം അനുഷ്ഠിക്കുന്ന പക്ഷം അമിതവണ്ണവും അകാല വാർദ്ധക്യവും ഒഴിവാകും. പ്രകൃത്യായുള്ള സൗന്ദര്യം നിലനിൽക്കും ഗർഭാശയ സമ്പന്നമായ പേശികൾ ശക്തമാകും. പ്രസവം ഒരു പ്രശ്നമേ ആകില്ല. ആർത്തവ ദിവസങ്ങളിൽ ആസന പരിശീലനം പാടില്ല. നേരത്തെ ആസന പരിശീലനം നടത്തി വരുന്ന സ്ത്രീകൾക്ക് ഗർഭകാലത്ത് ചില പ്രത്യേക ആസനങ്ങൾ ചെയ്യാവുന്നതാണ്.
പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ന് അനേകം യോഗാപ്രേമികളുണ്ട്. അവരിൽ പലരും യോഗ പരിശീലിച്ചശേഷം യോഗാസ്കൂളുകൾ നടത്തി വരുന്നു. ജർമ്മനി, ഓസ്ട്രിയ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ കേരളീയരായ പലരും വർഷങ്ങളായി യോഗ സ്കൂളുകൾ നടത്തി വരുന്നുണ്ട്.
ശരീര സംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമായി പ്രായഭേദമന്യെ സ്ത്രീ പുരുഷന്മാർക്ക് പരിശീലിക്കാവുന്ന സർവ സമ്മതമായ ആസനങ്ങൾ ഇവയൊക്കെയാണ്. സുഖാസനം,സ്വസ്തികാസനം, പത്മാസനം, ഭുജംഗാസനം, ശലഭാസനം, മേരുദണ്ഡാസനം, പവനമുക്താസനം, ധനുരാസനം, ഹലാസനം, അനന്താസനം, സർവ്വാംഗാസനം, മത്സ്യാസനം, പാദഹസ്താസനം, ത്രികോണാസനം, വിപരീതകരണി, ശവാസനം തുടങ്ങിയവ.
ലാഭകരമായ വ്യവസായമാണ് ഇന്ന് ആശുപത്രികൾ. ആശുപത്രികൾ പെരുകുംതോറും രോഗികൾ വർദ്ധിക്കും. രോഗികൾ വർദ്ധിക്കുന്തോറും ആശുപത്രികളും ഡോക്ടർമാരും വർദ്ധിക്കും. ഇതൊരു വിഷമവൃത്തമാണ്, രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാൾ ഭേദം രോഗം വരാതെ സൂക്ഷിക്കുകയാണ്. അമിതാഹാരമടക്കമാണ് മിക്ക രോഗത്തിനും പ്രധാന നിദാനം. അനിയന്ത്രിതമായ മനസും മേലനങ്ങാത്ത ജീവിത രീതിയും പ്രകൃതിയിൽ നിന്നുമുള്ള അകൽച്ചയുമാണ് ആരോഗ്യത്തിനു ഹാനി വരുത്തുന്ന മറ്റു കാരണങ്ങൾ. ഇതിൽ നിന്നെല്ലാമുള്ള മോചനവും സുന്ദരവും സുഖപ്രദവുമായ ഒരു ജീവിതമാണ് യോഗശാസ്ത്രം മനുഷ്യരാശിക്ക് അസന്ദിഗ്ദ്ധമായ വാഗ്ദാനം.
ഡി. കുട്ടപ്പൻ
വൈ.എസ്.സി യോഗ സെന്റർ
യംഗ്സ്റ്റേഴ്സ് സ്പോർട്സ് ക്ലബ്
പേട്ട, തിരുവനന്തപുരം - 24
മൊബൈൽ : 9846615075
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |