SignIn
Kerala Kaumudi Online
Saturday, 31 October 2026 1.39 AM IST

ശിവഗിരിയിൽ ഐക്യം പുലരട്ടെ

yoganadham

ഭാരതത്തിന്റെ ദാർശനിക നവോത്ഥാനത്തിന്റെ സൂര്യശോഭയാണ് ശ്രീനാരായണ ഗുരുദേവനാൽ സൃഷ്ടിക്കപ്പെട്ട ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്. 1928 ജനുവരി 9ന് ഗുരുദേവന്റെ നേതൃത്വത്തിൽ തൃശൂരിൽ രൂപംകൊണ്ട ശ്രീനാരായണ ധർമ്മസംഘമാണ് 1959ൽ ധർമ്മസംഘം ട്രസ്റ്റായി മാറിയത്. ഗുരുദർശനം പൂർണമായി ഉൾക്കൊണ്ട് ലോകസേവയ്ക്ക് തയ്യാറായ സന്യാസിമാരാണ് ധർമ്മസംഘത്തിലെ അംഗങ്ങൾ. 1997 ജൂൺ 26 മുതൽ 2001 ഒക്ടോബർ വരെ റിസീവർ, അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിലായത് ഒഴിച്ചാൽ ട്രസ്റ്റിന്റെ നിയന്ത്രണം ശിവഗിരി മഠത്തിലെ സന്യാസിമാരിൽ തന്നെയായിരുന്നു.

കുറച്ചു കാലമായി ട്രസ്റ്റ് ഭരണത്തിനായി സന്യാസിമാർക്കിടയിൽ വാശിയേറിയ മത്സരവും തിരഞ്ഞെടുപ്പുമാണ് നടക്കുന്നത്. അതിൽ അവസാനത്തേതാണ് ഒക്ടോബർ 22ന് നടന്നത്. ട്രസ്റ്റ് അംഗങ്ങളാണ് മഠത്തിലെ 56 സന്യാസിമാരും. അടുത്ത അഞ്ചുവർഷം ട്രസ്റ്റും മഠവും ഭരിക്കേണ്ട 11 അംഗ ഭരണസമിതിക്കും രൂപമായി. ഈ സമിതി വേണം ഇനി പ്രസിഡന്റിനെയും സെക്രട്ടറിയെയും ട്രഷററെയും നിശ്ചയിക്കേണ്ടത്. നവംബർ ആറിന് ചേരുന്ന യോഗത്തിലാണ് 11പേർ ചേർന്ന് ആ തീരുമാനം കൈക്കൊള്ളുക.

ഇന്ത്യയിൽ ജനാധിപത്യത്തിന്റെ രംഗപ്രവേശനത്തിന് മുമ്പേ ശിവഗിരിയുടെ ഭരണനിർവഹണം ഭൂരിപക്ഷാഭിപ്രായത്തിൽ വേണമെന്ന് വിൽപ്പത്രത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട് ഗുരുദേവൻ. ''ബോധാനന്ദന്റെ ജീവിതശേഷം ഈ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പിന്തുടർച്ചാവകാശം നമ്മുടെ ശിഷ്യപരമ്പരയായ സന്യാസിമാരുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സന്യാസിക്കായിരിക്കുന്നതും ഇതിൻവണ്ണം ഈ അവകാശം ശിഷ്യപരമ്പരയാ നിലനിൽക്കുന്നതുമാണ് '' എന്നാണ് ആ വിൽപ്പത്രത്തിലുള്ളത്.

നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻപ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എന്നിവർ നയിച്ച മൂന്നു പാനലുകളാണ് ഇക്കുറി മത്സരിച്ചത്. ഭരണ സമിതിയിലേക്ക് 6 അംഗങ്ങളെ വിജയിപ്പിക്കാനായ സ്വാമി ശുഭാംഗാനന്ദയുടെ പാനൽ വിജയിച്ചു. അഞ്ച് അംഗങ്ങളുള്ള സ്വാമി വിശുദ്ധാനന്ദപക്ഷമാണ് ബാക്കിയുള്ളവർ. വളരെ പ്രതീക്ഷയോടെ മത്സരിച്ച സ്വാമി സച്ചിദാനന്ദയാകട്ടെ ദയനീയമായി പരാജയപ്പെട്ടു. ഈ കൂട്ടത്തിൽ നിന്ന് ഒരാൾപോലും 11 അംഗ ഭരണസമിതിയിലേക്കെത്തിയില്ല. അഞ്ചു വർഷം ശിവഗിരിയെയും ധർമ്മസംഘം ട്രസ്റ്റിനെയും നയിച്ച അദ്ദേഹത്തെ സന്യാസിസമൂഹം ഇക്കുറി പൂർണമായും നിരാകരിച്ചെന്നു പറയാം.

ഗുരുദേവന്റെ സന്യാസസങ്കല്പം ത്യാഗത്തിന്റെ പൂർണതയായിരുന്നു. സർവ്വസംഗ പരിത്യാഗികളാണ് സന്യാസിമാർ. എന്നാൽ അധികാരത്തിന് വേണ്ടി ഗുരുദേവന്റെ കർമ്മഭൂമിയിൽ 56 അംഗങ്ങൾ മാത്രമുള്ള ട്രസ്റ്റിലെ സന്യാസിവര്യന്മാർ അത്യന്തം വാശിയോടെയാണ് മത്സരിച്ചത്. അത് ഉണ്ടാകരുതായിരുന്നു. മത്സരത്തിലൂടെ ഒരു ഭരണസമിതി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ തലസ്ഥാനമായ ശിവഗിരി മഠത്തിൽ വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കായ ഗുരുദേവ ഭക്തർ. ഇനി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ നിർണയമെങ്കിലും മത്സരമില്ലാതെ സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.

ഗുരുദേവനെ പിന്തുടരുന്ന ജനകോടികളുടെയും ശിവഗിരിയുടെയും മനസ് സന്യാസിവര്യന്മാർ തിരിച്ചറിയണം. ശിവഗിരിയുടെ നന്മയ്ക്കു വേണ്ടി 56 സന്യാസിമാരും ഒരേ മനസോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. സ്വാമി ശുഭാംഗാനന്ദ കഴിഞ്ഞ അഞ്ചുവർഷം സെക്രട്ടറിയായിരുന്ന കാലഘട്ടം ശിവഗിരിയിലും അനുബന്ധസ്ഥാപനങ്ങളിലും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടന്നു. നിന്നുപോയ പല നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കാൻ സാധിച്ചു. ആ സമീപനം ഇനിയും തുടരണം.

സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഈ ലോകത്തിനും ആശങ്കകളിൽ ജീവിക്കുന്ന മനുഷ്യർക്കും വഴികാട്ടിയാകാൻ ശിവഗിരിക്ക് കഴിയും. ഗുരുസാന്നിദ്ധ്യമുള്ള മണ്ണാണിത്. മനുഷ്യ മനസുകളിലേക്ക് ഗുരുദർശനം പകർന്നുനൽകാൻ വേണ്ടി എല്ലാ ഗുരുഭക്തരുടെയും കൈകളും മനസും അവിരാമം പ്രവർത്തിക്കേണ്ടതുണ്ട്. ഗുരുവിനെ അറിയാനും പഠിക്കാനുമായി എല്ലാ മേഖലയിലും നിന്ന് ജനങ്ങൾ എത്തുന്ന കാലമാണിത്.

പ്രവാസിയായ ഡോ.വരുൺ രാധാകൃഷ്ണൻ മുൻകൈയെടുത്ത് ഒക്ടോബർ 25ന് സംഘടിപ്പിച്ച ദൈവദശകം ഒരേസമയം ഒന്നിച്ചുള്ള ആലാപനം ലോകമെമ്പാടുമുള്ള ജനങ്ങൾ ഏറ്റെടുത്ത് വലിയ ആഘോഷമാക്കിയത് നാം കണ്ടു. പത്ത് ലക്ഷം പേരെ പങ്കാളികളാക്കാൻ ഉദ്ദേശിച്ച പരിപാടിയിൽ പങ്കുകൊണ്ടത് അതിന്റെ ഇരട്ടിയിലേറെപ്പേരാണ്. ഗുരുദേവനോടും ഗുരുദർശനത്തോടുമുള്ള ദേശാതിവർത്തിയായ താത്പര്യമാണ് അത് തെളിയിച്ചത്. ഗുരുഭക്തർ ആഗ്രഹിക്കുന്ന ആത്മീയവും ഭൗതികവുമായ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതുണ്ട്. അതിന് ഫലപ്രദമായ നേതൃത്വം നൽകാൻ ശിവഗിരിക്ക് സാധിക്കും. പിന്തുണയേകാൻ ദേശത്തും വിദേശത്തുമുള്ള വലിയൊരു ഭക്തസമൂഹം കാത്തിരിക്കുകയും ചെയ്യുന്നു. ശിവഗിരിക്ക് വേണ്ടി, ഗുരുദർശനത്തിന് വേണ്ടി എന്ത് സേവനത്തിനും സന്നദ്ധരുമാണ് അവർ.

ലോകത്തിന് ശാന്തി പകരുന്നതാണ് ഭേദചിന്തകൾക്ക് അപ്പുറം സഞ്ചരിക്കുന്ന ഗുരുദർശനം. അത് ലോകമെമ്പാടും പ്രചരിപ്പിക്കാനുള്ള ദൗത്യത്തിന് മുന്നിൽ വിളക്കുതെളിച്ച് നടക്കേണ്ടവരാണ് ശിവഗിരിയിലെ സന്യാസിസമൂഹം. അവരെ ആദരിക്കുന്ന, സ്‌നേഹിക്കുന്ന, ഗുരുദേവന്റെ പ്രതിപുരുഷന്മാരായി കാണുന്ന വലിയൊരു ജനസമൂഹത്തിന്റെ ആഗ്രഹങ്ങൾക്കൊപ്പം, അതിന്റെ സാക്ഷാത്കാരത്തിന് വേണ്ടി പ്രവർത്തിക്കാൻ സന്യാസിവര്യന്മാർക്ക് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു.


എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും ഒരുമിച്ച് നീങ്ങേണ്ട കാലഘട്ടമാണിത്. ജാതി, മത, വർഗ,വർണഭേദമന്യേ സമൂഹത്തിന് ഗുണകരമായ പല പദ്ധതികളും പ്രവൃത്തിപഥത്തിലേക്ക് എത്തിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കും. കുറഞ്ഞ പക്ഷം കേരളത്തിന് തന്നെ മതാതീതമായ ആത്മീയതയുടെയും സമാധാനത്തിന്റെയും നിർമ്മലമായ പാതയൊരുക്കാൻ കഴിയും. ജനം ആഗ്രഹിക്കുന്നതും അതാണ്. ആ ആഗ്രഹം പൂവണിയിക്കാൻ എല്ലാവർക്കും മനസുണ്ടാകട്ടെ. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ഭരണസമിതിക്കും ചുമതലയേൽക്കാൻ പോകുന്ന ഭാരവാഹികൾക്കും എല്ലാവിധത്തിലുമുള്ള പിന്തുണയും ആശംസകളും നേരുന്നു. ത്യാഗികളായ സന്യാസി ശ്രേഷ്ഠരാൽ സമ്പന്നമായി ശ്രീനാരായണ ധർമ്മസംഘം മാറട്ടെ. ഗുരുധർമ്മം വിജയിക്കട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOGANADHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA