SignIn
Kerala Kaumudi Online
Friday, 23 October 2026 1.58 AM IST

ആശങ്ക വേണ്ട, ജാഗ്രത മതി

READ ENGLISH VERSION
a

ലോകം കൊവിഡ് ബാധയുടെ ഭീഷണിയിലൂടെ കടന്നുപോയിട്ട് അധിക കാലമായിട്ടില്ല. അന്ന് ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒറ്റപ്പെടലുകളുമൊക്കെ ഒരിക്കൽക്കൂടി ഓർക്കാൻപോലും ആരും ഇഷ്ടപ്പെടില്ല. അതിനാൽ മറ്റൊരു വൈറസ് ബാധ കൂടി ഉണ്ടാകുന്നു എന്ന വാർത്ത സ്വാഭാവികമായും ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കും. മാത്രമല്ല,​ ഇത് ചൈനയിൽ നിന്നാണ് ഉത്‌ഭവിച്ചിരിക്കുന്നത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും വന്ന വ്യാജ പ്രചാരണങ്ങൾ ജനങ്ങളുടെ പരിഭ്രാന്തി കൂട്ടാനും ഇടയാക്കി. 'ചൈനയിൽ പുതിയൊരു വൈറസ് പിടിമുറുക്കുന്നു-എച്ച്.എം.പി.വി അഥവാ ഹ്യുമൻ മെറ്റന്യൂമോ വൈറസ്" എന്ന രീതിയിലാണ് തുടക്കത്തിൽ വാർത്തകൾ പ്രചരിച്ചത്. കൊവിഡ് സംബന്ധിച്ച് യഥാർത്ഥ വിവരങ്ങൾ ഇപ്പോഴും മറച്ചുവച്ചിരിക്കുന്ന രാജ്യമാണ് ചൈന. അതിനാൽ ലോകത്തെ ഭയപ്പെടുത്താൻ പുതിയൊരു വൈറസിനെ അവർ പടച്ചുവിട്ടിരിക്കുകയാണ് എന്ന രീതിയിലാണ് സാധാരണ ജനങ്ങൾ ചിന്തിച്ചത്.

അതിനിടെയാണ് ബംഗളൂരുവിൽ രണ്ടു ശിശുക്കൾക്ക് ഈ വൈറസ് ബാധയുണ്ടായി എന്ന വാർത്ത എത്തിയത്. ഇതിനു പിന്നാലെ ചെന്നൈയിൽ രണ്ടും അഹമ്മദാബാദിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു. അപ്പോഴാണ് ഇന്ത്യയിൽ നേരത്തേ തന്നെ ഈ വൈറസ് ഉണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. ഇത്തരം വിശദീകരണങ്ങളും ബോധവത്‌കരണങ്ങളും സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾ പ്രചരിച്ചു തുടങ്ങിയപ്പോൾത്തന്നെ അധികൃതർ നൽകേണ്ടതായിരുന്നു. ഈ വൈറസിന്റെ പേരിൽ ഇവിടെ ആശങ്കയ്ക്കുള്ള സാദ്ധ്യതകൾ ഒന്നുമില്ലെന്നാണ് ഇപ്പോൾ വിദഗ്ദ്ധർ പറയുന്നത്. കാരണം,​ നമ്മുടെ നാട്ടിൽ കാലങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു വൈറസ് ആണത്രെ ഇത്. പിഞ്ചുകുട്ടികളെയാണ് ഇത് കൂടുതലായും ബാധിക്കുക. ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതുമാണ്. മുതിർന്നവരെയും ഇത് പിടികൂടാം. ഒരിനം ജലദോഷം വരുത്തുന്ന വൈറസാണിത്.

മൂക്കിലും തൊണ്ടയിലും അണുബാധ വരുത്തുന്ന രീതിയിലാണ് എച്ച്.എം.പി വൈറസ് പ്രവർത്തിക്കുന്നത്. അതിനാൽ വീണ്ടും കൊവിഡിന്റെ വ്യാപനമാണോ എന്നും തെറ്റിദ്ധരിക്കാനിടയുണ്ട്. മറ്റ് വൈറസ് രോഗങ്ങൾ പോലെ ഇതും അടുത്ത് ഇടപെടുന്നവരിലേക്ക് പകരുന്നതാണ്. അതിനാൽ മാസ്‌ക് ധാരണം പോലുള്ള ചില മുൻകരുതലുകളെടുക്കുന്നത് നല്ലതാണ്. മറ്റ് കടുത്ത രോഗങ്ങളുള്ളവരാണ് ഇതു വരാതെ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ചുരിക്കിപ്പറഞ്ഞാൽ ആശങ്കയല്ല,​ ജാഗ്രതയാണ് വേണ്ടത്. എച്ച്.എം.പി വൈറസിന് നിലവിൽ പ്രത്യേകിച്ച് ആന്റി വൈറൽ മരുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ തനിയെ മാറുന്ന അസുഖമാണിത്. എന്നാൽ വലിയ രീതിയിലുള്ള പകർച്ചവ്യാധിയാവുകയാണെങ്കിൽ പുതിയ വാക്‌സിനുകൾ കണ്ടെത്തുന്നത് സംബന്ധിച്ചും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചന നടത്തേണ്ടതാണ്.

ബംഗളൂരുവിൽ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞ് രോഗമുക്തയായി. പത്തുമാസം പ്രായമുള്ള ആൺകുഞ്ഞ് സുഖംപ്രാപിച്ചു വരികയാണ്. അതിനാൽ ഇതിന്റെ പേരിൽ അനാവശ്യ തെറ്റിദ്ധാരണകൾ സമൂഹത്തിൽ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളെക്കുറിച്ച് അറിവില്ലാത്തവർ അഭിപ്രായങ്ങൾ തട്ടിവിടാതിരിക്കുന്നതാണ് ഉചിതം. ശുചിത്വം പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് എന്തായാലും ഇത്തരം വൈറസുകളെ അകറ്റിനിറുത്താൻ ഉപകരിക്കുമെന്നു കരുതാം. ആശുപത്രി സന്ദർശനം, ആൾക്കൂട്ട മഹോത്സവങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുക, സാനിറ്റൈസറോ സോപ്പ് വെള്ളമോ ഉപയോഗിച്ച് കൈ കഴുകുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാതിരിക്കരുത്. ശിശുക്കളുടെയും അമ്മമാരുടെയും മറ്റും ആശുപത്രികൾ അണുവിമുക്തമാക്കാനുള്ള നടപടികൾ അധികൃതരും സ്വീകരിക്കണം. ചെറിയ കുട്ടികളെയും കൂട്ടിയുള്ള വിനോദയാത്രകളും ഒഴിവാക്കുന്നതാണ് നല്ലത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION