SignIn
Kerala Kaumudi Online
Thursday, 30 July 2026 1.24 AM IST

സ്വതന്ത്രമായ അന്വേഷണം കോടതി നടത്തണം

READ ENGLISH VERSION
investigaion

ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹിയിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായുണ്ടായ അക്രമത്തെക്കുറിച്ചും പൊലീസ് അതിക്രമത്തെക്കുറിച്ചും സ്വതന്ത്രമായ അന്വേഷണമാണ് ഇനി വേണ്ടത്. ഇത്തരമൊരു അന്വേഷണം റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര അന്വേഷണ സമിതിയെ ഏൽപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സുപ്രീംകോടതി സൂചിപ്പിച്ചിട്ടുണ്ട്. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ആവശ്യമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പൊലീസിന്റെ മാത്രമല്ല,​ വിദ്യാർത്ഥി പ്രക്ഷോഭകരുടെ ഭാഗത്തുനിന്നും വാഹനങ്ങൾ അഗ്നിക്കിരയാക്കുക, കല്ലേറ് നടത്തുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ അക്രമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതും കോടതി നിയോഗിക്കുന്ന സ്വതന്ത്ര സമിതിയുടെ അന്വേഷണ പരിധിയിൽ വരേണ്ടതാണ്.

അക്രമം ആരു നടത്തിയാലും അത് പൊലീസായാലും പ്രക്ഷോഭകരായാലും അവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ പൊതുസമാധാനം കാത്തുസൂക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.

സമാധാനപരമായും ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതിയോടെയും പൊതുസ്ഥലത്ത് പ്രകടനവും പ്രക്ഷോഭവും മറ്റും നടത്താൻ ഭരണഘടന തന്നെ അനുമതി നൽകിയിട്ടുണ്ട്. പൊലീസ് അനുമതി നിഷേധിക്കുകയാണെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കാനും പ്രക്ഷോഭകർക്ക് അവകാശമുണ്ട്. എന്നാൽ പ്രക്ഷോഭത്തിന്റെ പേരിൽ നിയമം കൈയിലെടുത്ത് അക്രമങ്ങൾ കാട്ടാൻ സമരക്കാർക്കും അവരെ നേരിടുന്നതിന്റെ ഭാഗമായി നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ള പെല്ലറ്റ് ഉപയോഗവും എ.കെ 47 തോക്ക് പ്രയോഗവും നടത്താൻ പൊലീസുകാർക്കും അവകാശമില്ല. ഇതിനെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചാൽ അത് ഏകപക്ഷീയമാകുമെന്ന് വ്യാഖ്യാനിക്കപ്പെടാം. അതിനാൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുതന്നെ ഇതിനുള്ള അന്വേഷണ സമിതി നിയോഗിക്കപ്പെടുന്നതാണ് ഉത്തമം.

പഴയ കാലമല്ലിത്. പ്രക്ഷോഭകർക്ക് അവരുടെ വാദമുഖങ്ങൾ സാധൂകരിക്കാനുള്ളതും പൊലീസുകാർക്ക് അവരുടെ പ്രതികരണം വ്യക്തമാക്കാനുള്ളതുമായ ക്യാമറ ദൃശ്യങ്ങൾ ഹാജരാക്കാവുന്നതാണ്. ഇതെല്ലാം വിലയിരുത്തി വേണം സ്വതന്ത്ര അന്വേഷണ സമിതി നിഗമനങ്ങളിലും ശിക്ഷാ നടപടികളുടെ ശുപാർശകളും സമർപ്പിക്കേണ്ടത്.

സമാധാനപരമായി പ്രക്ഷോഭം നടത്തിയവർക്കെതിരെയും ഡൽഹി പൊലീസ് എഫ്.ഐ.ആർ ഇട്ടിട്ടുണ്ട്. ഇത് പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ സി.ജെ.പിയുടെ നേതാക്കൾക്ക് ഉറപ്പ് നൽകിയത് അതേപടി പാലിക്കപ്പെടുന്നതാണ് ജനാധിപത്യ മര്യാദ. ഇതിന്റെ ഭാഗമായി സമരങ്ങളുമായി ബന്ധപ്പെട്ട് ബീഹാർ, അസാം, രാജസ്ഥാൻ എന്നിവിടങ്ങളിലെ എഫ്.ഐ.ആറുകൾ കേന്ദ്ര സർക്കാരും സി.ജെ.പി വക്താക്കളും തമ്മിൽ ധാരണയായിട്ടുള്ളത് സ്വാഗതാർഹമാണ്. മഹാരാഷ്ട്രയും കേരളവും കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചതായാണ് വാർത്തകൾ. കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്കെതിരെ എടുത്ത കേസുകളുമായി മുന്നോട്ട് പോകാമെന്ന് അനുവദിച്ച സുപ്രീംകോടതി, അറസ്റ്റിലായ 18 വയസിനു താഴെയുള്ളവരെ മോചിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. എരിതീയിൽ എണ്ണ ഒഴിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് തുടർന്നും ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.

അതേസമയം പ്രക്ഷോഭകരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ നുഴഞ്ഞുകയറി അതിക്രമങ്ങൾ കാട്ടിയതായുള്ള പൊലീസിന്റെ ആരോപണം ഗുരുതരമാണ്. അതിനാൽ അങ്ങനെയുള്ളവരെ തെളിവുകൾ സഹിതം കണ്ടെത്തിയാൽ അവർക്കെതിരെ നിയമ നടപടി തുടരേണ്ടത് തന്നെയാണ്. ഏതൊരു പ്രക്ഷോഭവും കലാപത്തിലേക്ക് നയിക്കുന്ന സ്ഥിതി സൃഷ്ടിക്കുന്നത് അതിൽ നുഴഞ്ഞുകയറുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളാണ്. അത്തരക്കാർക്ക് അഴിഞ്ഞാടാനുള്ള വേദിയായി ഒരു പ്രക്ഷോഭവും മാറാൻ പാടില്ല. അതിനാൽ അത്തരക്കാർക്കെതിരെ നിയമപരമായ ദാക്ഷിണ്യം കാണിക്കേണ്ട കാര്യവുമില്ല. ഇതെല്ലാം ജനങ്ങൾക്ക് കൂടി ബോദ്ധ്യപ്പെടാൻ സ്വതന്ത്ര ഉന്നതതല സമിതിയുടെ അന്വേഷണം അനിവാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVESTIGAION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY