
കോടതിയുടെ മുമ്പിൽ ഒരു പ്രശ്നം അവതരിപ്പിക്കേണ്ടത് കോടതിയിലേക്ക് മാർച്ച് നടത്തി നിവേദനം സമർപ്പിച്ചല്ല. അവിടെ പരാതിക്ക് അടിസ്ഥാനമായ വിഷയം ഉന്നയിച്ച് ഹർജി സമർപ്പിച്ചാണ് പരിഹാരത്തിന് ശ്രമിക്കേണ്ടത്. എന്നാൽ സർക്കാരിന്റെ മുമ്പിൽ ഒരു പ്രശ്നം അവതരിപ്പിക്കാൻ മാർച്ച് നടത്താം. നിവേദനവും നൽകാം. ഇതൊക്കെ ജനാധിപത്യത്തിന്റെ ബാലപാഠങ്ങളാണ്. ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല ഇവിടത്തെ രാഷ്ട്രീയകക്ഷികൾ.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിഷയം ഹർജിയുടെ രൂപത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തിൽ ചീഫ് ജസ്റ്റിസിനെ നേരിട്ടുകണ്ട് നിവേദനം സമർപ്പിക്കാൻ അനുമതി ചോദിച്ചതുതന്നെ അനുചിതമാണ്. സ്വാഭാവികമായും ഒരു കോടതിക്കും ഇതിന് അനുമതി നൽകാനാവില്ല. ഇത് മനസിലാക്കാനുള്ള വിവേകം കാട്ടാതെ പ്രതിപക്ഷ കക്ഷികളും മറ്റും സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല ദുർബലപ്പെടുത്താനും ഒരു രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ഭരണഘടനാ സംവിധാനങ്ങളെ തകർക്കാനുമേ ഇടയാക്കൂ.
ഇതിന്റെ ആത്യന്തികമായ ദോഷം ഇവിടത്തെ സാധാരണ പൗരന്മാരായിരിക്കും അനുഭവിക്കേണ്ടിവരിക. അതിനാൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിനെയും കോടതിവളപ്പിലെ ബഹളത്തെയും നിശിതമായി വിമർശിച്ചതിനെ കുറ്റം പറയാനാകില്ല. ചോദിച്ച് വാങ്ങിച്ച അടിയാണത്. ജനാധിപത്യ രാജ്യങ്ങളിൽ പ്രതിഷേധിക്കാനും വിയോജിപ്പുകൾ രേഖപ്പെടുത്താനും എല്ലാവർക്കും അവകാശമുണ്ട്. സർക്കാരിനെതിരെ തെരുവിൽ പ്രക്ഷോഭം നടത്താം. എന്നാൽ അതുപോലെയല്ല രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അന്തസിനെയും സ്വതന്ത്രമായ പ്രവർത്തനത്തെയും ബാധിക്കുന്ന രീതിയിൽ പ്രക്ഷോഭത്തിന്റെ ഗതി തിരിച്ചുവിടുന്നത്. ഇത് ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് തന്നെ ഭീഷണിയാണ്. അതുകൊണ്ട് തന്നെയാണ് നീതിന്യായ വ്യവസ്ഥയെ ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ആർക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസിന് അസന്നിഗ്ദ്ധമായി വ്യക്തമാക്കേണ്ടിവന്നത്.
''ഞങ്ങൾ ദന്തഗോപുരങ്ങളിലല്ല ജീവിക്കുന്നത്; പുറത്ത് ആര് എന്ത് പറയുന്നുവെന്നും കോടതിയിൽ വന്ന് എന്താണ് പറയുന്നതെന്നും ഞങ്ങൾക്കറിയാം." ചീഫ് ജസ്റ്റിസിന്റെ ഈ വാക്കുകൾ രാഷ്ട്രീയ നേതൃത്വങ്ങൾക്കുള്ള കൃത്യമായ താക്കീതാണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ദുർബലമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാൻ ചിലരെങ്കിലും അച്ചാരം വാങ്ങി നടത്തുന്ന സമരങ്ങളാണോ ഇതെന്ന് നിഷ്പക്ഷരായവരിൽ സംശയം ഉണർത്താനേ ഇത്തരം അപക്വമായ നീക്കങ്ങൾ ഇടയാക്കൂ. വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേടുകൾ വന്നിട്ടുണ്ടെങ്കിൽ അത് തിരുത്തപ്പെടുന്നതിന് ആവശ്യപ്പെടാം. അർഹരായവർ പുറത്തായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടാം. സമരവും നടത്താം. എന്നാൽ, ആ സമരങ്ങൾ ഇന്ത്യയിലെ ഉന്നത നീതിന്യായ സംവിധാനത്തിനെതിരെ തിരിയുന്നത് ശക്തമായി തടയപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്.
പ്രതിഷേധ മാർച്ചിന് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുകയുണ്ടായി. വിവാദമായതോടെ അത് പിൻവലിച്ചു. ഇത്തരം അപക്വമായ രീതികൾ രാഷ്ട്രീയ പാർട്ടികൾക്ക് പൊതുസമൂഹത്തിന് മുന്നിൽ വലിയ തിരിച്ചടി നൽകാൻ ഉതകുന്നതാണ്. സുപ്രീംകോടതിയുടെ വാതിലുകൾ പ്രക്ഷോഭകർക്കും അതിനെ എതിർക്കുന്നവർക്കും ഒരേപോലെ തുറന്ന് കിടക്കുന്നവയാണ്. അതിനെ അനാവശ്യമായ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. മുമ്പേ നടക്കുന്നവർക്ക് വഴിതെറ്റിയാൽ പിന്നാലെ ഗമിക്കുന്ന എല്ലാവർക്കും വഴിതെറ്റും. രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അപഭ്രംശങ്ങൾ രാജ്യത്തിന്റെ കെട്ടുറപ്പിനും അന്തസിനും ജനാധിപത്യത്തിന്റെ നിലനിൽപ്പിനും വരുത്തുന്ന ദോഷം വളരെ വലുതായിരിക്കും. ജനങ്ങളുടെ മനസിലേക്ക് കുറുക്കുവഴികളില്ല എന്നത് വൈകിയെങ്കിലും അവർ ഉൾക്കൊള്ളുന്നത് നന്നായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |