
മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സൊസൈറ്റി സ്ഥാപിക്കുവാനും,സിനിമയെ വ്യവസായമായി പരിഗണിക്കാനുമടക്കം ചലച്ചിത്ര-സാംസ്കാരിക-സാഹിത്യ മേഖലകൾക്ക് ഒട്ടാകെ ഉണർവേകുന്ന വിവിധ പദ്ധതികൾ മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ സിനിമയെ വ്യവസായമായി കണക്കാക്കണമെന്ന ആവശ്യം നിർമ്മാതാക്കളുടെയും തിയറ്റർ ഉടമകളുടെയുമടക്കം ചലച്ചിത്ര രംഗത്തെ സംഘടനകൾ ദീർഘകാലമായി ഉന്നയിച്ചു വരികയായിരുന്നു.വ്യവസായമായി പ്രഖ്യാപിച്ചതിലൂടെ സിനിമ നിർമ്മാണത്തിനും തിയറ്റർ നിർമ്മാണത്തിനുമൊക്കെ ബാങ്ക് വായ്പ എളുപ്പത്തിൽ ലഭ്യമാകും.വൈദ്യുതി നിരക്കിലടക്കം വ്യവസായം എന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങളും ലഭിക്കും. കൊള്ളപ്പലിശക്കാരെ ആശ്രയിച്ച് പണം പലിശയ്ക്ക് വാങ്ങി നിർമ്മിക്കുന്ന ചിത്രം ഒടുവിൽ തിയറ്ററിൽ സാമ്പത്തിക വിജയം നേടാതെ വരുമ്പോൾ വൻ കടക്കെണിയിൽ അകപ്പെടുന്ന നിർമ്മാതാക്കളുടെ എത്രയോ കഥകൾ നമുക്കു മുന്നിലുണ്ട്.സിനിമയ്ക്കുള്ള ഇരട്ടനികുതി ഒഴിവാക്കണമെന്ന മറ്റൊരു ആവശ്യം കൂടി സംഘടനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ജി.എസ്.ടിക്കു പുറമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിനോദ നികുതിയും നൽകണം.കേരളത്തിൽ മാത്രമാണ് ഇങ്ങനെ ഇരട്ട നികുതിയുള്ളത്.തമിഴ്നാട്ടിൽ ഉണ്ടായിരുന്നത് അവർ പിൻവലിച്ചു.ഇക്കാര്യത്തിലും അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ജെ.സി.ഡാനിയേലിന്റെ പേരിലുള്ള ചിത്രനഗരം വിപുലമായ ലക്ഷ്യത്തോടയാണ് അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി സൃഷ്ടിക്കൽ,ആന്റി പൈറസി സെല്ലുകൾ രൂപീകരിക്കൽ,ദേശീയ-അന്താരാഷ്ട്ര സിനിമ നിർമ്മാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കൽ എന്നിങ്ങനെ 100കോടിരൂപയുടെ ഈ പദ്ധതിയിലൂടെ വലിയ സ്വപ്നങ്ങളാണ് മുഖ്യമന്ത്രി ബഡ്ജറ്റിൽ പങ്കുവയ്ക്കുന്നത്. അതെസമയം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പറിച്ചു നടാനുള്ള ഒരു നീക്കവും ഇതിനു പിന്നിലുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. നമ്മുടെ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തും പുറത്തുനിന്നും ഡെലിഗേറ്റുകൾ വരാറുണ്ട്. ടൂറിസം കലണ്ടറിൽപ്പോലും ഫെസ്റ്റിവൽ ഇടംപിടിച്ചു. വേദി മാറ്റുമ്പോൾ അത് എല്ലാത്തിനെയും തകിടം മറിക്കും. മാത്രമല്ല ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി ഗോവയാണെന്നതുപോലെ തലസ്ഥാന നഗരത്തിന്റെ ഒരു സാംസ്കാരിക ബിംബമായി ചലച്ചിത്രോത്സവം മാറിക്കഴിഞ്ഞു. ഉത്സവാന്തരീക്ഷത്തിലാണ് ഓരോ മേളയും കൊണ്ടാടപ്പെടുന്നത്. ഇപ്പോഴത്തെ സിനിമ-സാംസ്കാരിക മന്ത്രി പി.സി.വിഷ്ണുനാഥ് മിക്കവാറും എല്ലാ ചലച്ചിത്രോത്സവങ്ങളിലും സജീവമായി പങ്കെടുത്തുവരുന്ന സിനിമാസ്വാദകനാണ്. പ്രധാന ചലച്ചിത്രോത്സവം തലസ്ഥാനത്തു തന്നെ തുടരുകയും അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സിനിമകൾ മറ്റു ജില്ലകളിലെ ഫിലിം സൊസൈറ്റികളുടെ സഹകരണത്തോടെ ഓരോയിടത്തും പ്രദർശിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഇതിനിടെ പറയട്ടെ സിനിമ മന്ത്രിയുടെ സത്വരശ്രദ്ധ പതിയേണ്ട മറ്റൊരു വിഷയമാണ് ഫിലിം സൊസൈറ്റികളുടെ പുനരുജ്ജീവനം. കേരളത്തിൽ മികച്ചൊരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തുന്നതിൽ ഫിലിം സൊസൈറ്റികൾ വഹിച്ച പങ്ക് നിർണായകമാണ്. പക്ഷെ അവയിൽ പലതും പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ നിശ്ചലമായ മട്ടാണ്. രാജ്യത്തെ തന്നെ പ്രശസ്തമായ ഫിലിം സൊസൈറ്റികളിലൊന്നാണ് കഴിഞ്ഞ വാരം അമ്പതാം വാർഷികം ആഘോഷിച്ച ചലച്ചിത്ര ഫിലിം സൊസൈറ്റി.നിർഭാഗ്യവശാൽ അവരുടെ പ്രവർത്തനം പോലും സാമ്പത്തിക പ്രതിസന്ധി മൂലം സജീവമല്ലാതായി. സിനിമാപ്രേമിയും മികച്ച വായനക്കാരനുമായ മന്ത്രി വിഷ്ണുനാഥിന് ഇതൊക്കെ മനസിലാക്കാനും പരിഹാരം കാണാനും വലിയ പ്രയാസമൊന്നും വേണ്ടിവരുമെന്നു തോന്നുന്നില്ല. സർഗധനനായ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും,അനശ്വര നടൻ സലിംകുമാറിന് കൊച്ചിയിൽ സ്മാരകവും അനുഗ്രഹീത സംഗീതജ്ഞൻ ജോൺസന്റെ സ്മരണയിൽ തൃശൂരിൽ മ്യൂസിക് അക്കാഡമി സ്ഥാപിക്കാൻ തീരുമാനിച്ചതും അഭിനന്ദനാർഹം തന്നെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |