SignIn
Kerala Kaumudi Online
Friday, 23 October 2026 6.16 AM IST

തലസ്ഥാനത്തെ വെള്ളം മുടക്ക്

water

തലസ്ഥാന നഗരവാസികളും വാട്ടർ അതോറിട്ടി അധികൃതരും തമ്മിൽ കുറെ നാളായി കടുത്ത പോരിലാണ്. ഇന്നു കുടിവെള്ളം കിട്ടുമോ എന്നറിയാൻ രാവിലെ പത്രങ്ങൾ നോക്കണമെന്നായിരിക്കുന്നു. ഒരിടത്ത് വെള്ളമുണ്ടെങ്കിൽ മറ്റൊരിടത്ത് നാക്കിൽ തൊട്ടുനനയ്ക്കാൻ പോലും വെള്ളം കിട്ടണമെന്നില്ല. ആറും ഏഴും ദിവസംവരെ വെള്ളം മുടങ്ങിയ നരകാനുഭവവും തലസ്ഥാനത്തിന് പുതുമയുള്ളതല്ല. മുടക്കം തീർന്നാലും പല സ്ഥലങ്ങളിലും വെള്ളമെത്താൻ പിന്നെയും ദിവസങ്ങൾ വേണ്ടിവരും. അന്വേഷണങ്ങളുമായി വാട്ടർ അതോറിട്ടിക്കാരുടെ അടുത്തു ചെന്നാൽ ഉത്തരങ്ങൾ ധാരാളം സ്റ്റോക്കുണ്ടാവും. ഏതായാലും വെള്ളം കിട്ടുന്നില്ലെന്നത് പച്ചപ്പരമാർത്ഥം മാത്രം. എത്രയോ നാളായി നാട്ടുകാർ ഈ ദുരിതം അനുഭവിക്കുന്നു. മനുഷ്യർ ചന്ദ്രനിൽ പോയി എട്ടും ഒൻപതും മാസം വരെ താമസിച്ച് തിരിച്ചുവരുന്ന ഈ യുഗത്തിൽ,​ ഭൂമിക്കടിയിലൂടെ ഏതാനും മീറ്റർ താഴ്ചയിൽ കുഴിച്ചിട്ടിരിക്കുന്ന പൈപ്പിൽ പ്രഷർ കൂടിയാൽ വെള്ളത്തിന്റെ മർദ്ദം നിയന്ത്രിക്കാനുള്ള സാങ്കേതിക പരിജ്ഞാനം വാട്ടർ അതോറിട്ടിയുടെ പക്കലില്ലേ?

എന്താണിങ്ങനെ സ്ഥിരമായി പൈപ്പുകൾ പൊട്ടുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥന്മാർ അന്വേഷിക്കാറുണ്ടോ? അഥവാ അന്വേഷിച്ചാലും,​ തുടരെ ഇത് ആവർത്തിക്കാതിരിക്കാൻ വല്ല നടപടികളും എടുക്കാറുണ്ടോ? പത്രങ്ങളിൽ നാലുവരി അറിയിപ്പു കൊടുക്കുന്നതിനപ്പുറം ഇക്കാര്യത്തിൽ ഒരു ചുമതലാബോധം ഇനിയും ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? സംസ്ഥാനമാകെ ജലവിതരണത്തിന് വെള്ളം നൽകാൻ ഒരു അതോറിട്ടിയും അതിനു ചുമതലക്കാരനായി ഒരു മന്ത്രിയുമുണ്ടെന്നാണ് സങ്കല്പം. ഈ അതോറിട്ടിയും മന്ത്രിയും എന്തു ചെയ്യുകയാണ്? കാര്യങ്ങൾ നേരെചൊവ്വേ നടത്താനറിയില്ലെങ്കിൽ ഇവർക്കെല്ലാം ഒരുമിച്ച് രാജിവച്ച് സ്ഥലംവിട്ടുകൂടേ? എന്തിനിങ്ങനെ ജനങ്ങളുടെ ശാപം ഏറ്റു വാങ്ങുന്നു?​ തലസ്ഥാന നഗരിയിലെ പതിവായുള്ള ജലമുടക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിരവധി മാസങ്ങളായി ഈ പ്രതിഭാസം ആവർത്തിക്കുകയാണ്.

പഴയ പൈപ്പ് ലൈൻ കൂടെക്കൂടെ പൊട്ടുന്നതുകൊണ്ടാണ് ഈ ദുരിതമെന്ന് ആദ്യകാലങ്ങളിൽ പറഞ്ഞു കേട്ടു. പിന്നീട് പഴി മുഴുവൻ തിരുവനന്തപുരം- കന്യാകുമാരി ഇരട്ട റെയിപ്പാതയുടെ തലയിൽ കെട്ടിവയ്ക്കാൻ തുടങ്ങി. കരമനയ്ക്കടുത്ത് എവിടെയോ ഒരു വലിയ പൈപ്പ് ലൈൻ മാറ്റിക്കൊടുത്തെങ്കിലേ പണി മുന്നോട്ടു കൊണ്ടു പോകാനാവൂ എന്നാണ് അതോറിട്ടി നിലപാട്. ഇതിനായി പണവും കെട്ടിവച്ചത്രേ. ഏതായാലും മാസങ്ങളോളം ഒന്നും സംഭവിച്ചില്ല. വെള്ളം മുടക്കത്തിന്റെ അറിയിപ്പുമാത്രം പതിവായി പത്രങ്ങളിൽ വരുന്നു. കാര്യപരിപാടിയനുസരിച്ച് ഇന്നും നാളെയും വെള്ളം മുടക്കമായിരിക്കും. വെള്ളയമ്പലത്തെ മുഖ്യ ജലസംഭരണിയിൽ നിന്നുള്ള പൈപ്പ് ലൈനുകൾ ഒന്നിച്ച് അടച്ചുപൂട്ടുന്നതിനാലാണ് നഗര വ്യാപകമായി ജലവിതരണം മുടങ്ങുന്നത്. എത്രയോ കാലമായി ഒരു മുഖ്യ പൈപ്പ് ലൈൻ അടയ്ക്കുന്നതുമൂലം നഗരം ഒന്നടങ്കം വെള്ളം മുടങ്ങുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന നഗരവാസികളുടെ ആവശ്യത്തിന് ചെവികൊടുക്കാൻ അതോറിട്ടിക്കാർ തയ്യാറായിട്ടില്ല.

അവർ പഴയ ശീലം മാറ്റമില്ലാതെ തുടരുകയാണ്. പൈപ്പ് കണക്ഷന്റെ പേരിൽ കുറച്ചു മാസങ്ങൾക്കു മുമ്പ് നഗരം ഒന്നാകെ ദിവസങ്ങളോളം വരണ്ടപ്പോൾ ക്ഷമകെട്ട് രോഷാകുലരായ ജനങ്ങൾക്ക്,​ എല്ലാം നേരെയാക്കാമെന്ന് ഉറപ്പു ലഭിച്ചിരുന്നു. ഒന്നും നടന്നില്ലെന്നു മാത്രം. പഴയ ടെക്നീഷ്യന്മാരുടെ നേതൃത്വത്തിൽ ജലവിതരണം നടന്നിരുന്നപ്പോൾ കുടിവെള്ളം മുട്ടുന്ന സ്ഥിതി അപൂർവമായിരുന്നു. പൈപ്പുകൾ പൊട്ടിയാലും മണിക്കൂറുകൾക്കകം പരിഹരിക്കപ്പെടുമായിരുന്നു. ഇന്നത്തെപ്പോലെയുള്ള നവീന യന്ത്രസഹായമൊന്നും അക്കാലത്ത് ലഭ്യമായിരുന്നില്ല. എല്ലാ സൗകര്യവുമുള്ളപ്പോഴാണ് ഇന്നത്തെ ഈ ഉപേക്ഷ. ഏതായാലും വെള്ളമില്ലാത്ത ഇന്നത്തെ അവസ്ഥ അത്ര ശോഭനമൊന്നുമല്ല. കാര്യങ്ങൾ അറിഞ്ഞുകൂടെങ്കിൽ കളഞ്ഞിട്ടു പോകണം. മാസത്തിൽ അധിക ദിവസവും ജനങ്ങളെ ഇങ്ങനെ വലയ്ക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION