SignIn
Kerala Kaumudi Online
Thursday, 17 September 2026 2.45 AM IST

നരേന്ദ്ര മോദിയുടെ 25 വർഷങ്ങൾ

READ ENGLISH VERSION
aa

2001 മുതൽ 2014വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി 2014 മേയ് 26 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്നത് വിധികൽപ്പിതമായ ഒരു നിശ്ചയമായിട്ടല്ലാതെ വിലയിരുത്താനാകില്ല. ഇന്ത്യയുടെ സുരക്ഷ മോദിയുടെ കരങ്ങളിൽ ഭദ്രമാണെന്ന് ഇന്ത്യക്കാർക്ക് മാത്രമല്ല നമ്മുടെ ശത്രുരാജ്യത്തെ പൗരന്മാർക്കും നല്ല ബോദ്ധ്യമുള്ള കാര്യമാണ്.

സർക്കാരിന്റെ അധികാര പദവിയിൽ നരേന്ദ്രമോദി 25 വർഷങ്ങൾ പിന്നിടുകയാണ്. ഗുജറാത്തിൽ തുടർച്ചയായി നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച് മുഖ്യമന്ത്രിയായി തിളങ്ങിയ മോദി പിന്നീട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തെ നയിച്ച് മൂന്ന് ദേശീയ തിരഞ്ഞെടുപ്പുകളിലും വിജയം വരിച്ച് പ്രധാനമന്ത്രി പദത്തിൽ തുടരുകയാണ്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും മഹത്തായ ഈ രാഷ്ട്രത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും അതിന് അനുവദിക്കുന്നതിന് ജനങ്ങളോട് നന്ദിയുണ്ടെന്നുമാണ് ഈ വേളയിൽ മോദി എക്‌സിലെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 2001 മുതൽ 2014വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി 2014 മേയ് 26 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്നത് വിധികൽപ്പിതമായ ഒരു നിശ്ചയമായിട്ടല്ലാതെ വിലയിരുത്താനാകില്ല.

സ്വാതന്ത്ര്യ‌ത്തിന് ശേഷം ജനിച്ച് ഇന്ത്യയിൽ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. 1950 സെപ്തംബർ 17നാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നതെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. അതുപോലെയുള്ള ഒരു ഗ്രാമത്തിൽ വടക്കുകിഴക്കൻ ഗുജറാത്തിലെ വഡ്‌നഗറിലാണ് മോദി ജനിച്ചതും വളർന്നതും. വഡ്‌നഗർ റെയിൽവേ സ്റ്റേഷനിൽ ചായ വിൽക്കുന്ന ദാമോദർ ദാസിന്റെ മകനായി ഒരു സാധാരണ കുടുംബത്തിൽ പിറന്ന മോദി എട്ടാം വയസുമുതൽ ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുതുടങ്ങി. 1971ലാണ് മോദി ഗുജറാത്തിൽ ആർ.എസ്.എസിന്റെ മുഴുവൻ സമയ പ്രർത്തകനായത്. അതായത് ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണത്തിന് ഒൻപത് വർഷം മുമ്പ്.

1980ൽ ബി.ജെ.പിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മുംബയിൽ നടന്ന പ്ളീനറി സെഷനിൽ സമാപന പ്രസംഗം നടത്തിയത് അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു. ഉജ്ജ്വലമായ ഹിന്ദിയിൽ അദ്ദേഹം ആ വലിയ സദസിനെ നോക്കി മൂന്ന് വാചകങ്ങൾ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. അത് പ്രവചന സ്വഭാവമുള്ള വാക്കുകളായിരുന്നു. അന്ധേര ചലേഗ, സൂരജ് നികലേക, ഹമാരാ കമൽ ഖിലേക എന്നായിരുന്നു അത്. (രാത്രി മറയും, സൂര്യൻ ഉദിക്കും, നമ്മുടെ താമര വിരിയും). ബി.ജെ.പി രൂപീകരണ സമ്മേളനവും കഴിഞ്ഞ് 5 വർഷം പിന്നിട്ട് 1985ലാണ് മോദിയെ ആർ.എസ്.എസ് ബി.ജെ.പിയിലേക്ക് നിയോഗിച്ചത്. ഇന്ന് ഇന്ത്യയുടെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വിരിഞ്ഞിരിക്കുന്ന താമരയുടെ രാഷ്ട്രീയ സൂര്യനായി മോദി മാറിയിരിക്കുന്നു. ജനപ്രതിനിധിയായും ഭരണത്തലവനായും കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന മോദി ഇന്ന് ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യക്തിപ്രഭാവമുള്ള നേതാവായി പരിണമിച്ചിരിക്കുന്നു.

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് പുലർത്തുന്ന വ്യക്തമായ ദർശനവും അത് പ്രവൃത്തിപഥത്തിൽ എത്തിക്കാൻ പുലർത്തുന്ന കർമ്മകുശലതയുമാണ് മോദിയെ മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യയുടെ സുരക്ഷ മോദിയുടെ കരങ്ങളിൽ ഭദ്രമാണെന്ന് ഇന്ത്യക്കാർക്ക് മാത്രമല്ല നമ്മുടെ ശത്രുരാജ്യത്തെ പൗരന്മാർക്കും നല്ല ബോദ്ധ്യമുള്ള കാര്യമാണ്. ഇന്ത്യയുടെ മണ്ണിൽ നടത്തുന്ന ഏതൊരു ആക്രമണത്തിനും അതേ നാണയത്തിലല്ല, ആ നാണയത്തിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് തിരിച്ചടി നൽകുന്ന നേതാവാണ് മോദി. ഏറ്റവുമൊടുവിൽ പഹൽഗാം സംഭവത്തിൽ ഇന്ത്യ നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ ശക്തനായ ഭരണാധികാരിയുടെ വിട്ടുവീഴ്ചയില്ലാത്ത മറ്റൊരു മുഖമാണ് വെളിപ്പെടുത്തിയത്. രക്തവും ജലവും ഒരുമിച്ച് ഒഴുകുകയില്ല എന്ന മോദിയുടെ വാക്കുകൾ അതിന് അടിവരയിടുന്നതായി മാറി.

ആർ.എസ്.എസിന്റെ ആശീർവാദത്തോടെ ജനസംഘം രൂപീകരിക്കപ്പെട്ടപ്പോൾ അവരുടെ ലക്ഷ്യമായി മൂന്ന് കാര്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചത്. ജമ്മുകാശ്‌മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുക, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക, ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുക എന്നിവയായിരുന്നു അത്. ഈ ആവശ്യങ്ങൾ ഉയർന്നിട്ട് മുക്കാൽ നൂറ്റാണ്ടിനുശേഷം ഇതിൽ രണ്ട് കാര്യങ്ങളും നടന്നത് മോദിയുടെ ഭരണകാലത്താണ്. മൂന്ന് ദേശീയ തിരഞ്ഞെടുപ്പുകൾ വിജയിപ്പിച്ച നേതാവായി അദ്ദേഹം മാറിയത് വെറുതെയല്ല. സ്വന്തം പാർട്ടിയോടുള്ള പ്രതിബദ്ധത ഒരു വശത്ത് പുലർത്തുന്ന മോദി അതേസമയം ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ക്ഷേമത്തിന് നൽകുന്ന കൃത്യമായ പ്രാധാന്യവും അതിനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികളും ഒരു ഭരണാധികാരി എന്ന നിലയിൽ മോദിയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഇക്കാലത്തും കൊവിഡ് മഹാമാരിയുടെ കാലത്തും മറ്റുള്ള വലിയ ലോകരാജ്യങ്ങൾ പോലും സാമ്പത്തികമായും ഭരണപരമായും മന്ദീഭവിച്ചപ്പോൾ ഇന്ത്യ എല്ലാ മേഖലയിലും മുന്നേറി എന്നതാണ് മോദിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ വിജയം.

മോദി ആവിഷ്കരിച്ച ആത്മനിർഭർ ഭാരത് പദ്ധതി നാളെ ലോക മഹാശക്തികളിലൊന്നായി ഇന്ത്യയെ രൂപപ്പെടുത്താൻ പോന്നതാണ്. വികസിത ഭാരതമാണ് മോദിയുടെ മുഖ്യ അജണ്ട. ഇതിന്റെ തുടക്കം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ വിജയകരമായി നടപ്പാക്കാൻ മോദിക്ക് കഴിഞ്ഞു. 2014ൽ രാജ്യാധികാരത്തിലേക്ക് എത്തിയതോടെ ഈ വികസന മാതൃക ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ചു. വികസിത ഭാരത് 2047 എന്ന ലക്ഷ്യത്തോടെ ഇന്ത്യയെ ലോകത്തിലെ മുൻനിര രാജ്യമാക്കാനുള്ള ദീർഘകാല പദ്ധതികളിലാണ് മോദി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ ഏറ്റവും എടുത്തുപറയേണ്ട രണ്ട് കാര്യങ്ങൾ ഡിജിറ്റൽ വിപ്ളവവും അടിസ്ഥാന സൗകര്യങ്ങളിലെ അതിവേഗ വികസനവുമാണ്. ഡിജിറ്റൽ പേയ്മെന്റുകൾ ഇന്ന് സാധാരണക്കാരന്റെ ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. റോഡുകൾ, അതിവേഗ റെയിൽപ്പാതകൾ, പുതിയ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നിർമ്മാണത്തിലൂടെ രാജ്യത്തിന്റെ ലോജിസ്റ്റിക്സ് മേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.

വിദേശ രാജ്യങ്ങളുമായി മോദി പുലർത്തുന്ന ഊഷ്മളവും സമർത്ഥവുമായ സുഹൃദ്‌ ബന്ധങ്ങൾ ആഗോള തലത്തിൽ നയതന്ത്ര രംഗത്ത് ഇന്ത്യയുടെ മാഹാത്മ്യവും വലിപ്പവും പതിന്മടങ്ങ് വർദ്ധിപ്പിക്കുകയുണ്ടായി. ചൈനയുടെ പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പങ്കെടുത്ത ന്യൂഡൽഹിയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടി ഇന്ത്യയുടെയും മോദിയുടെയും നയതന്ത്ര വിജയം വിളിച്ചോതുന്നതായിരുന്നു. പരമാവധി ചുവപ്പുനാട ഒഴിവാക്കിക്കൊണ്ട് ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്തി ഭരണ സംവിധാനങ്ങൾ സുതാര്യമാക്കാൻ മോദി സ്വീകരിച്ച നടപടികൾ വേഗത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാരാണിതെന്ന ബോദ്ധ്യം വരുത്താൻ പോന്നതായി. ജൻധൻ അക്കൗണ്ടുകൾ നടപ്പാക്കൽ, ജി.എസ്.ടി പരിഷ്കാരം, സ്വച്ഛ് ഭാരത് മിഷൻ, ആയുഷ് ഭാരത് തുടങ്ങിയവ വിജയകരമായി നടപ്പാക്കാനായതിന്റെ സദ്‌ഫലങ്ങൾ ഓരോ രംഗത്തും അതിന്റേതായ മികച്ച നേട്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു.

നരേന്ദ്രമോദി ഭരണാധികാരി എന്ന നിലയിൽ 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ- ഭരണ യാത്ര അതിന്റെ കൊടുമുടിയിലാണ്. ഇന്ത്യയുടെ ഭരണ- നയതന്ത്ര- പ്രതിരോധ- സാമ്പത്തിക- സാമൂഹ്യ മേഖലകളിൽ സമാനതകളില്ലാത്ത വളർച്ച നേടിയ കാലഘട്ടമാണിത്. ബി.ജെ.പി ഈ ചരിത്രമുഹൂർത്തം സേവാ സങ്കൽപ് അഭിയാൻ എന്ന പേരിൽ രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. വികസനത്തിനൊപ്പം രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മൂല്യങ്ങളും കൂടുതൽ സംരക്ഷിക്കപ്പെടുന്ന മഹത്തായ സംഭാവനകൾ തുടർന്നും നരേന്ദ്രമോദിയിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്.ഇന്ന് നരേന്ദ്ര മോദിയുടെ 76 ാം പിറന്നാൾ ദിനമാണ്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ആശംസിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY