
ന്യൂഡൽഹി: ഗുജറാത്തിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി ബുക്ക് മൈ ഷോ ആപ്പിൽ വൻ ഹിറ്റ്. വഡോദര മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി (എം.എസ്.യു) പവലിയൻ ഗ്രൗണ്ടിൽ നടന്ന 'നമോ ഫോർ വികസിത് ഭാരത്” പരിപാടിയിൽ പങ്കെടുക്കാനുള്ള സൗജന്യ ടിക്കറ്റുകൾ
ഒരു മണിക്കൂറിൽ വിറ്റു തീർന്നു. 42,000ത്തോളം പേർ വെയിറ്റിംഗ് ലിസ്റ്റിലായതോടെ ആപ്പുവഴിയുള്ള ബുക്കിംഗ് നിറുത്തി. അഞ്ചിനാണ് ബുക്കിംഗ് തുടങ്ങിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെ 6,000ത്തോളം പേർ രജിസ്റ്റർ ചെയ്‌തു. ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലെ പരിപാടിയിൽ പങ്കെടുക്കാൻ ഒരു സ്വകാര്യ ആപ്പു വഴി അവസരമൊരുക്കിയത്. രജിസ്റ്റർ ചെയ്‌തപ്പോൾ ലഭിച്ച ക്യൂആർ സഹിതമുള്ള ടിക്കറ്റുള്ളവർക്ക് മാത്രം പ്രവേശനം അനുവദിച്ചു. പ്രധാന വേദിയിൽ സീറ്റുകൾ കിട്ടാത്തവർക്ക് 'ഫാൻ സോണുകളും' ഒരുക്കിയിയിരുന്നു. 35,000 കോടിയിലധികം വരുന്ന പദ്ധതികൾക്ക് തുടക്കമിടുന്ന ചടങ്ങാണ് നടന്നത്.
2019ൽ യു.എസിലെ ഹൂസ്റ്റണിൽ മോദി പങ്കെടുത്ത 'ഹൗഡി, മോദി' കമ്മ്യൂണിറ്റി പരിപാടിയിൽ 50,000ത്തിലധികം പേർ ഓൺലൈനിൽ രജിസ്റ്റർ ചെയ്‌തിരുന്നു. ഓസ്ട്രേലിയിൽ നടന്ന 'മെൽബൺ മീറ്റ്സ് മോദി' കമ്മ്യൂണിറ്റി പരിപാടിക്കും ഓൺലൈനിൽ വൻ സ്വകാര്യത ലഭിച്ചു.
റാമ്പും
മോദിയെ അടുത്തു കാണാൻ റാമ്പ് ഒരുക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ യുവാക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് 4 കെ ക്യാമറകൾ ഉപയോഗിച്ച് പരിപാടി ഷൂട്ടു ചെയ്‌തു. ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങളുടേത് പോലെ അന്താരാഷ്‌ട്ര നിലവാരമുള്ള ടെലിവിഷൻ സംപ്രേക്ഷണമാണ് നടന്നത്. ബുക്കു ചെയ്‌തവർക്കു പുറമെ അഭിഭാഷകർ, ഡോക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, അദ്ധ്യാപകർ തുടങ്ങിയ പ്രൊഫഷണലുകളെയും വ്യവസായികൾ, വഡോദര ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (വി.സി.സി.ഐ) അംഗങ്ങളെയും ക്ഷണിച്ചിരുന്നു. യുവ നേതാക്കളും വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |