SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.57 AM IST

മോദിക്ക് അധികാരക്കസേരയിൽ 25 വർഷം

chief

ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്ര മികവ് കണ്ട ബ്രിക്‌സ് ഉച്ചകോടിക്ക് പിന്നാലെ ലോകശ്രദ്ധ നാളെ വീണ്ടും ഡൽഹിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം പിറന്നാൾ ദിനം. ഒക്‌ടോബർ 7ന് മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങളിൽ തുടർച്ചയായി 25 വർഷം തികച്ച് രാഷ്‌ട്രീയ ജീവിതത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടും. ഇതാഘോഷിക്കാൻ ബി.ജെ.പിയുടെ ഒരു മാസത്തെ സേവാ സങ്കൽപ് അഭിയാനും നാളെ തുടങ്ങും. 2001 ഒക്‌ടോബർ ആറുമുതൽ 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ. 2014മുതൽ പ്രധാനമന്ത്രിയുമാണ്. ജവഹർലാൽ നെഹ്റുവിന്റെ റെക്കാഡ് മറികടന്ന് ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിൽ.

നേട്ടങ്ങൾ

സ്വാതന്ത്ര്യാനന്തരം ജനിച്ച പ്രധാനമന്ത്രി, ഹിന്ദി ഇതര സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്നയാൾ

 നെഹ്‌റുവിന് പുറമെ, ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായി തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ഏക പ്രധാനമന്ത്രി
ഗുജറാത്ത് നിയമസഭ (2002, 2007, 2012), ലോക്‌സഭ (2014, 2019, 2024) എന്നിങ്ങനെ തുടർച്ചയായി ആറ് തിരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയെ വിജയത്തിലേക്ക് നയിച്ച ഏക നേതാവ്

 ബംഗാളിൽ ബി.ജെ.പി കൊടി പാറിച്ചു, ഡൽഹിയിൽ ആംആദ്‌മി പാർട്ടിയെ ഒതുക്കി

 രാമക്ഷേത്രം യാഥാർത്ഥ്യമാക്കി, ജമ്മുകാശ്‌മീരിലെ 370-ാം വകുപ്പ് റദ്ദാക്കി

 യു.എസ്, ഫ്രാൻസ്, യു.കെ, ഇറ്റലി അടക്കം പാശ്‌ചാത്യ രാജ്യങ്ങളും മുസ്ളിം ഭൂരിപക്ഷ ഗൾഫ് രാജ്യങ്ങളും അംഗീകരിച്ച നേതൃത്വം

 ഇന്ത്യയുടെ നയതന്ത്ര മികവും മികച്ച സംഘാടനവും കണ്ട ജി20, ബ്രിക്‌‌‌സ് ഉച്ചകോടി എന്നിവ മികവുറ്റ രീതിയിൽ നടത്തി കൈയടി നേടി

 കൊവിഡ് പ്രതിസന്ധി മറികടന്നു

 2020ൽ വഷളായ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തി

 ഓപ്പറേഷൻ സിന്ദൂർ, സർജിക്കൽ ആക്രമണങ്ങളിലൂടെ പാകിസ്ഥാന് ശക്തമായ തിരിച്ചടി

 പുതിയ പാർലമെന്റ് മന്ദിരം യാഥാർത്ഥ്യമാക്കി

ജനപ്രിയ പദ്ധതികൾ

യു.പി.ഐ ഇടപാട്, ജൻധൻ അക്കൗണ്ടുകൾ,നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം,സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന,ജൽ ജീവൻ മിഷൻ,ആയുഷ്‌മാൻ ഭാരത്

പ്രതിസന്ധി ഘട്ടം

2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ കടുത്ത ആരോപണം നേരിട്ടു. അന്ന് മുഖ്യമന്ത്രിയായിരുന്നു മോദി. കലാപം തടയുന്നതിൽ പരാജയപ്പെട്ടെന്നും പലതിനും മൗനാനുവാദം നൽകിയെന്നും ആരോപണമുയർന്നു. എന്നാൽ,​ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിച്ച എസ്.ഐ.ടി മോദിക്ക് ക്ളീൻചിറ്റ് നൽകി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയ കോടതി,​ മോദിയെ കേസിൽ കുടുക്കാൻ ചിലർ വ്യാജ തെളിവുകൾ ചമച്ചെന്നും നിരീക്ഷിച്ചു. ശക്തനായി തിരിച്ചുവന്ന മോദി 2014ൽ ബി.ജെ.പിയെ വൻ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ അധികാരത്തിലേറ്റി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360