SignIn
Kerala Kaumudi Online
Thursday, 15 October 2026 1.36 PM IST

നീതി കനിഞ്ഞാലും കനിയാത്തവർ

reservation

സർക്കാരിന്റെ ശമ്പളം വാങ്ങിക്കൊണ്ട് നീതി അട്ടിമറിക്കാൻ പേന ഉന്തുന്ന ചില ഉന്നത ഉദ്യോഗസ്ഥർ പിന്നാക്ക വിഭാഗങ്ങളോട് കാണിച്ചിട്ടുള്ള വഞ്ചന എണ്ണിയാൽ തീരില്ല. ഭരിക്കുന്ന മന്ത്രിയെയും ഭൂരിപക്ഷം ജനവിഭാഗങ്ങളെയും വിഡ്ഢികളാക്കാൻ തന്റെ പേനയിലെ മഷിക്ക് കഴിയുമെന്ന അഹങ്കാരവും പേറി സർക്കാർ ലാവണങ്ങളിൽ അമർന്നിരിക്കുന്ന അവരെയാണ് പിന്നാക്ക വിഭാഗങ്ങൾ എതിർക്കേണ്ടത്. ദൈവം കനിഞ്ഞാലും പോറ്റി കനിയില്ലെന്ന മട്ടാണവർക്ക്.

മെഡിക്കൽ പി.ജി പ്രവേശനത്തിൽ ഈഴവ, മുസ്ളിം, എൽ.സി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് കിട്ടേണ്ട എത്രയോ അവസരങ്ങൾ വർഷങ്ങളോളം അവർ ഇല്ലാതാക്കി. ഒടുവിൽ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് സംസ്ഥാന മെഡിക്കൽ പി.ജി കോഴ്‌സുകളിലേക്ക് ഈ വർഷം 27 ശതമാനം സംവരണമേർപ്പെടുത്താൻ മന്ത്രിസഭയ്ക്ക് തീരുമാനിക്കേണ്ടിവന്നു. നിയമപരമായി 30 ശതമാനം സംവരണം നൽകേണ്ടിടത്താണ് വെറും ഒൻപത് ശതമാനം നല്‌കി ഇവർ പിന്നാക്കക്കാരെ പറ്റിച്ചുകൊണ്ടിരുന്നത്. അവസാനം മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയപ്പോൾ ഒട്ടും വെള്ളം ചേർക്കാതെ അപ്പടി നടപ്പാക്കി. അപ്പോൾ മെഡിക്കൽ പി.ജിക്ക് മുന്നാക്ക വിഭാഗങ്ങളിലെ 31 കുട്ടികൾക്ക് സംവരണത്തിലൂടെ പ്രവേശനം കിട്ടി. പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിച്ചത് 29 സീറ്റും. ഈ നീതിനിഷേധം തുറന്നുകാട്ടി എന്നും പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സധൈര്യം നിലകൊണ്ടിട്ടുള്ള കേരളകൗമുദി 2020 ഒക്ടോബർ 27ന് പിന്നാക്കത്തിലും അധികം സംവരണം മുന്നാക്കത്തിന് എന്ന തലക്കെട്ടിൽ വാർത്ത നൽകി. തുടർന്ന് പ്രശ്നം വി.ആർ. ജോഷി നേതൃത്വം നൽകുന്ന നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ഏറ്റെടുത്തു. അവരുടെ പിന്തുണയോടെയാണ് കോട്ടയം സ്വദേശി ഡോ. സജിത് രാജ്, തിരുവനന്തപുരം സ്വദേശിനി ഡോ. എ.കെ. ഹൃദ്യ എന്നീ മെഡിക്കൽ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. നാല് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി പറഞ്ഞെങ്കിലും സർക്കാരും അന്നത്തെ ഉന്നത വിദ്യാഭ്യാസമന്ത്രിയും ഒന്നും ചെയ്യാതിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ സംവരണം നല്‌കാൻ,​ സീറ്റില്ലെന്ന മുടന്തൻ ന്യായമാണ് സർക്കാർ കോടതിയെ അറിയിച്ചത്. 27 ശതമാനം സീറ്റുകൾ നിയമപരമായി നൽകേണ്ടത് വെട്ടിക്കുറച്ച് ഒൻപത് ശതമാനമാക്കിയവരാണ് ഈ ന്യായം പറഞ്ഞത്. ഹർജിക്കാർ ഒടുവിൽ കോടതിയലക്ഷ്യത്തിന് കേസ് കൊടുത്തപ്പോഴാണ് സർക്കാരിന് 27 ശതമാനം സംവരണം അനുവദിക്കാൻ തീരുമാനിക്കേണ്ടിവന്നത്. ഇതിന് പിന്നാക്കക്കാർ കടപ്പെട്ടിരിക്കുന്നത് ഹൈക്കോടതിയോട് മാത്രമാണ്.

ഉന്നത മെഡിക്കൽ വിദ്യാഭ്യാസ അധികൃതർ കഴിഞ്ഞയാഴ്ച ഇറക്കിയ മറ്റൊരു ഉത്തരവിൽ ദന്തൽ പി.ജി കോഴ്‌‌സിലെ പ്രവേശനത്തിനുള്ള പിന്നാക്ക വിഭാഗങ്ങളുടെ സംവരണം 20 ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്. 30 ശതമാനമോ ഏറ്റവും കുറഞ്ഞത് 27 ശതമാനമോ കിട്ടേണ്ടിടത്താണ് ഉദ്യോഗസ്ഥ ലോബി പത്തുശതമാനം വിഴുങ്ങിയിരിക്കുന്നത്. ആയുർവേദത്തിന്റെയും ഹോമിയോയുടെയും കാര്യത്തിലും സമാനമായ പ്രശ്നങ്ങളുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെയും മന്ത്രിയുടെയും നിശ്ചയദാർഢ്യമില്ലായ്മയും അജ്ഞതയുമാണ് സംവരണവിരുദ്ധ ഉദ്യോഗസ്ഥ മേലാളസംഘം മുതലെടുക്കുന്നത്. വിവിധ പി.ജി പ്രവേശനത്തിനുള്ള കോഴ്‌സുകളിലെ സംവരണ അട്ടിമറി ഓരോന്നായി ചോദ്യംചെയ്ത് പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾ കോടതി കയറിയിറങ്ങേണ്ട സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ മുഖ്യമന്ത്രി ഇടപെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RESERVATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION