മുംബയ്: മരണപ്പെട്ട പിതാവിനെ സംസ്‌കരിക്കാൻ തയ്യാറാകാതിരുന്ന മകൾ മൃതശരീരം സൂക്ഷിച്ചത് നാലുവർഷം. മുംബയിൽ അടഞ്ഞുകിടന്ന ഡേ കെയർ സെന്ററിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഡേ കെയറിൽ നിന്ന് അസഹനീയമയ ദുർഗന്ധം പുറത്തുവന്നതോടെ പ്രദേശവാസികളുടെ പരാതിയിൽ പൊലീസെത്തി പരിശോധിച്ചപ്പോഴായിരുന്നു വിവരം പുറത്തുവന്നത്.
മുംബയിലെ മലാദ് ഈസ്റ്റിലാണ് സംഭവം. നവീകരണ പ്രവർത്തനങ്ങൾക്കായി ഡേ കെയർ സെന്റർ കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹമായിരുന്നു പൊലീസ് കണ്ടെടുത്തത്.
2022 ജൂണിൽ ഹൃദയാഘാതം മൂലമായിരുന്നു ഇയാൾ മരിച്ചത്. എന്നാൽ പിതാവിന്റെ വിയോഗം താങ്ങാനാകാത്ത മകൾ മൃതശരീരം സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പിതാവ് പുനർജനിക്കുമെന്നും മകൾ വിശ്വസിച്ചിരുന്നു. വിദേശ കമ്പനിയുടെ സഹായത്തോടെയായിരുന്നു മൃതശരീരം സൂക്ഷിച്ചിരുന്നത്. ഇതിനായി മാസം 1.6 ലക്ഷം രൂപയാണ് ചെലവഴിച്ചിരുന്നത്. കുറച്ചുകാലങ്ങൾക്കുശേഷം മൃതശരീരം അമേരിക്കയിലെ ക്രയോണിക്‌സ് കേന്ദ്രത്തിലേയ്ക്ക് മാറ്റാനും കുടുംബം തീരുമാനിച്ചിരുന്നു. മൃതശരീരം നിയമപരമായി സൂക്ഷിക്കുന്ന സ്ഥലമാണിത്. എന്നാൽ മൃതദേഹത്തിൽ നിന്ന് പെട്ടെന്ന് ദുർഗന്ധം വമിക്കാനുള്ള കാരണം വ്യക്തമല്ല.
സംഭവത്തിൽ കേസെടുത്ത കുരാർ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസ് വാദിക്കാൻ യുവതിയും അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതശരീരം സൂക്ഷിക്കുന്നതിനുള്ള നിയമവശങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
A Mumbai woman reportedly kept her father’s body for nearly four years after his death in June 2022, believing he would be revived. The body was discovered at a closed daycare centre in Malad East following complaints about a foul smell. Police said there was no apparent foul play and are investigating the legal aspects of preserving the body.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |