
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങൾ കേടായാൽ നന്നാക്കാൻ വളരെ താമസമെടുക്കുന്നത് ഒരു പതിവ് ഏർപ്പാടാണ്. പണം നൽകാത്തതിനാൽസർവീസ് നടത്തുന്ന കമ്പനി വരുന്നില്ലെന്ന് പറഞ്ഞുകഴിഞ്ഞാൽ പിന്നെ ആരും അതിനെപ്പറ്റി അന്വേഷിക്കാറില്ല.
അടുത്തുള്ള സ്വകാര്യ പരിശോധനാ ലാബുകളെയും കേന്ദ്രങ്ങളെയും സഹായിക്കുന്നതിന് ഉപകരണങ്ങൾ നന്നാക്കുന്നത് പരമാവധി നീട്ടാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ചില ജീവനക്കാർ മനഃപൂർവം ഉപകരണങ്ങൾ കേടാക്കിയതായും ഇതിന് മുമ്പ് അന്വേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. ആരോഗ്യവകുപ്പിന്റെ പല കാര്യങ്ങളിലും അധികാര വികേന്ദ്രീകരണം ഇനിയും പുതിയ കാലത്തിന് അനുസൃതമായി നടപ്പായിട്ടില്ല. കേടായാൽ അതിന്റെ ചുമതലയുള്ള ഡോക്ടർ തന്റെ മേലധികാരിയെ രേഖാമൂലം അറിയിക്കണം. അദ്ദേഹം സൂപ്രണ്ടിനെ അറിയിക്കും. മെഡിക്കൽ കോളേജിന്റെ കാര്യത്തിലാണെങ്കിൽ സൂപ്രണ്ട് ഡി.എം.ഇയെയും ഡി.എം.ഇ ആരോഗ്യവകുപ്പിനെയും അറിയിക്കണം. കൂടുതൽ പണം ആവശ്യമുള്ളതാണെങ്കിൽ മന്ത്രിയുടെയൊ മന്ത്രിസഭയുടെയൊ തന്നെ അനുമതി വേണം. ഇതെല്ലാം കഴിഞ്ഞ് വരുമ്പോഴേക്കും ഉപകരണം തുരുമ്പെടുത്തിരിക്കും. സ്വകാര്യ ആശുപത്രിയിൽ ഒന്നോ രണ്ടോ ദിവസത്തിനകം ചെയ്യാൻ കഴിയുന്ന ഇത്തരം കാര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ചെയ്യാൻ മാസങ്ങളെടുക്കും. ഈ സിസ്റ്റമാണ് മാറേണ്ടത്. അധികാരം മുകളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലുള്ള രീതി അപ്പാടെ മാറ്റുന്നതിനെക്കുറിച്ചുള്ള പഠനമാണ് ആദ്യം ആരോഗ്യവകുപ്പ് നടത്തേണ്ടത്. അതനുസരിച്ച് അധികാര വികേന്ദ്രീകരണം നടപ്പാക്കുകയും തീരുമാനമെടുക്കുന്ന പ്രക്രിയയ്ക്ക് സമയപരിധി നിശ്ചയിക്കുകയും ചെയ്താൽ തന്നെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും.
കഴിഞ്ഞ പത്തുവർഷത്തിനിടെ ഉപകരണങ്ങൾ വാങ്ങിയതിൽ സമഗ്രമായ വകുപ്പുതല അന്വേഷണം ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചുകഴിഞ്ഞു. വിവിധ സർക്കാർ ആശുപത്രികളിൽ കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞുനോക്കാതെ ഇട്ടിരിക്കുന്നത് സംബന്ധിച്ച പരാതികളുടെയും നേരിൽക്കണ്ട് മന്ത്രി മനസിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് അന്വേഷണം. കമ്മിഷൻ ലക്ഷ്യമിട്ടാണ് ഇവ വാങ്ങിയതെങ്കിൽ ഇതിന്റെ കമ്മിഷൻ എങ്ങോട്ട് പോയെന്നതും കണ്ടെത്തേണ്ടതാണ്. കൊവിഡ് കാലത്ത് വാങ്ങിച്ച ഉപകരണങ്ങൾ, കേന്ദ്ര സർക്കാർ വിതരണം ചെയ്ത ഉപകരണങ്ങൾ തുടങ്ങിയവയിൽ ഭൂരിപക്ഷവും പ്രവർത്തിപ്പിക്കാതെ കൂട്ടിയിട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വയനാട് മെഡിക്കൽ കോളേജ് സന്ദർശിച്ചപ്പോൾ മന്ത്രി നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ അന്വേഷണം.
വയനാട് മെഡിക്കൽ കോളേജിൽ മൊബൈൽ മോർച്ചറികൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഉപകരണങ്ങൾ ഗോഡൗണിൽ തള്ളിയിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിന് മുന്നിൽ ഓട്ടോക്ളേവ് മെഷീൻ മഴയും വെയിലുമേറ്റ് നശിക്കുന്നു.
അന്വേഷണം ഒരു വഴിക്ക് നടക്കുമ്പോൾത്തന്നെ ഈ ഉപകരണങ്ങളിൽ എത്രയെണ്ണം വീണ്ടെടുക്കാനാവുമെന്നും ആരോഗ്യവകുപ്പ് പരിശോധിക്കണം. നിസാരമായ അറ്റകുറ്റപ്പണികൾകൊണ്ട് പല മെഷീനുകളും പ്രവർത്തിപ്പിക്കാൻ കമ്പനികൾക്ക് കഴിയും. കമ്പനിക്കാരുടെ കുടിശിക കഴിയുന്നത്ര അനുവദിച്ച് കേടായവ പ്രവർത്തിപ്പിക്കാനും സർക്കാർ അന്വേഷണത്തിനൊപ്പം പ്രാധാന്യം നൽകേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |