
വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലും കേരളം കൈവരിച്ച പുരോഗതിയും നേട്ടങ്ങളും അഭിമാനാർഹമാണ്. മറ്റു സംസ്ഥാനങ്ങൾക്ക് അത് മാതൃകയുമായിരുന്നു. സ്വകാര്യ വിദ്യാലയങ്ങളും ആതുരാലയങ്ങളും ആദ്യകാലത്ത് സ്ഥാപിച്ചവർക്ക് അവ മനുഷ്യസേവനം, കാരുണ്യപ്രവർത്തനം എന്നീ ലക്ഷ്യങ്ങൾ കൂടിയുണ്ടായിരുന്നു. ചെറിയ ലാഭം സ്വാഭാവികമായും അതിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. കാലം മാറിയതോടെ മുൻഗണന നൽകുന്ന കാര്യങ്ങളിൽ വലിയ മാറ്റം വന്നു. സേവനത്തിന്റെ തോതു കുറയുകയും ലാഭത്തിന്റെ വ്യാപ്തി കൂടുകയും ചെയ്തു. അതിന്റെ തിക്തഫലങ്ങൾ കേരളീയർ പല രീതിയിൽ അനുഭവിക്കുന്നു.
ഇപ്പോഴും കൊള്ള ലാഭമെടുക്കാതെ ആതുരസേവനത്തിന് പ്രാമുഖ്യം നൽകുന്ന നിരവധി മാതൃകാസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തിക നേട്ടം നോക്കാതെ പ്രവർത്തിക്കുന്ന ധാരാളം ഡോക്ടർമാരുമുണ്ട്. അവർ തന്റെ മുന്നിലെത്തുന്ന രോഗിയുടെ ജീവനാണ് പ്രാധാന്യം നൽകുന്നത്.
എന്നാൽ വേദനകൊണ്ടു പുളയുന്ന രോഗിയുടെ പോക്കറ്റിൽ മാത്രം കണ്ണുനട്ടിരിക്കുന്നവരും കുറവല്ല. പ്രലോഭനങ്ങളുടെയും സമ്മർദ്ദങ്ങളുടെയും നടുവിൽ മനസ്സാക്ഷി മറച്ചു പ്രവർത്തിക്കേണ്ടി വരുന്നവരാണ് ഏറെയും. കൊള്ളലാഭം കൊയ്യണമെന്ന തന്ത്രങ്ങൾ ശക്തിപ്പെടുമ്പോൾ രോഗിയുടെ ജീവന് വിലയില്ലാതാകുന്നു. അതിന്റെ ദുരവസ്ഥയെപ്പറ്റി മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രി കെ. മുരളീധരനും മനസിലാക്കുകയും തുറന്നുപറയുകയും ചെയ്തത് സമൂഹത്തിന് ആശ്വാസകരമാണ്. ഹൃദയചികിത്സയുടെ പേരിൽ ആൻജിയോപ്ളാസ്റ്റി അടിച്ചേൽപ്പിച്ച് ചില ആശുപത്രികൾ നേട്ടമുണ്ടാക്കുന്നുവെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ആയിരക്കണക്കിന് അനുഭവസ്ഥർ അതിനോട് യോജിക്കും. ഹൃദയ വേദനയോടെ ചെല്ലുന്ന രോഗികളോട് കാട്ടുന്ന ഈ ക്രൂരതയും ചൂഷണവും തടയേണ്ടതാണ്. ആരോഗ്യമേഖലയിലെ വിദഗ്ദ്ധന്മാരുമായി ചർച്ച ചെയ്ത് സർക്കാർ ഈ ദുരവസ്ഥ ഒഴിവാക്കേണ്ടതാണ്.
ആരോഗ്യമന്ത്രി കെ.മുരളീധരൻ വെന്റിലേറ്റർ സംവിധാനം ദുരുപയോഗപ്പെടുത്തുന്നതിന് എതിരെയാണ് തുറന്നടിച്ചത്. മരിച്ചാലും വിടില്ല വെന്റിലേറ്ററിൽ കിടത്തും. ലക്ഷങ്ങൾ ബില്ല് ചുമത്തും. പല സ്വകാര്യ ആശുപത്രികളിലും മരണശേഷവും വെന്റിലേറ്റർ മാറ്റാതെയുള്ള ചികിത്സാചൂഷണം വർദ്ധിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ജീവിതം തന്നെ ഗതിമുട്ടിപ്പോയ വലിയൊരു വിഭാഗമുണ്ട് നമുക്കുചുറ്റും. മക്കളെ ഉന്നത നിലയിലെത്തിക്കാനും ഉറ്റവരുടെ ആരോഗ്യപരിപാലനത്തിനുമായി എന്തു ത്യാഗവും ചെയ്യാൻ സന്നദ്ധമാണ് കേരളീയർ. ഉറ്റവരുടെ ജീവൻ തുലാസിലാകുമ്പോൾ മറ്റെല്ലാം അവർ മറക്കുന്നു. കിടപ്പാടം വരെ വിറ്റ് പഠിപ്പിക്കുന്നവരും ചികിത്സ നടത്തുന്നവരും ധാരാളം. ഈ മന:സ്ഥിതിയെ ചൂഷണം ചെയ്യുന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ആ പൊതുവികാരമാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നത്. ശ്വാസമെടുക്കാൻ കഴിയാതെ വരുന്ന രോഗിക്കാണ് വെന്റിലേറ്റർ സഹായം വേണ്ടിവരുന്നത്. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോഴും അത് ഉപയോഗിക്കാറുണ്ട്. ഇതിലൂടെ ആവശ്യമായ ഓക്സിജൻ നിയന്ത്രിത തോതിൽ നൽകാൻ കഴിയും.
വെന്റിലേറ്റർ ഉൾപ്പെടെ ഐ.സി.യു ചികിത്സയ്ക്ക് പല ആശുപത്രികളിലും വ്യത്യസ്ത നിരക്കാണ്. 30,000- 35,000 രൂപവരെ പ്രതിദിനം ഈടാക്കുന്ന ആശുപത്രികളുണ്ട്. ഏതു ചികിത്സയും ഫലപ്രദമാകണമെന്ന് രോഗിയുടെ ബന്ധുക്കൾ ആഗ്രഹിക്കും. നൂറുശതമാനവും നിഷ്‌ഫലമാണെന്ന് ചികിത്സിക്കുന്നവർക്ക് ഉറപ്പുണ്ടെങ്കിൽ അതിന് വിധേയമാക്കരുത്. മരണശേഷവും വെന്റിലേറ്ററിൽ കിടത്തുന്നത് മനുഷ്യത്വരഹിതമാണ്. അതിന് കനത്ത തുക ഈടാക്കുന്നുവെന്നുള്ള പരാതികൾ പരിശോധിക്കണം. അതിൽ കഴമ്പുണ്ടെങ്കിൽ ആ പ്രവണത നിരുത്സാഹപ്പെടുത്തണം. നിജസ്ഥിതി അപ്പോഴപ്പോൾ ഉറ്റവരെ സുതാര്യമായി അറിയിക്കാനുള്ള സംവിധാനവും ഉണ്ടാകണം. സർക്കാർ മെഡിക്കൽ കോളേജുകളുടെയും ആശുപത്രികളുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നത് ഒരു പരിധിവരെ ഇത്തരം ചൂഷണം തടയാൻ സഹായകമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |