SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

സ്‌നേഹത്തിന്റെ കേരള മാതൃക

s

വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയായതിന്റെ ഭാഗമായി 178 വീടുകൾ കൈമാറിയിരിക്കുന്നു. നാടിന്റെ ഒരുമയുടെയും സ്‌നേഹത്തിന്റെയും കേരള മാതൃക ഒരിക്കൽക്കൂടി രാജ്യത്തിനും ലോകത്തിനും മുന്നിൽ ഉയർത്തിക്കാട്ടുകയാണ് വയനാട് മാതൃകാ ടൗൺഷിപ്പ് പദ്ധതിയെന്ന്,​ വീട് അനുവദിച്ച കുടുംബങ്ങൾക്കുള്ള പട്ടയവിതരണം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് സംസ്ഥാനത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയാണ്. മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ടൗൺഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തിൽ വീടുകൾ കൈമാറിയത്.

ദുരന്തബാധിതർക്ക് ഉപജീവനത്തിനായി പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതിന് 17.2 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. സമാശ്വാസ സഹായമായി 13 കോടി രൂപയും,​ അടിയന്തര ധനസഹായമായി 1.3 കോടി രൂപയും വിതരണം ചെയ്തു. ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് സഹായം നൽകുന്നതിന് രണ്ടുകോടി രൂപയാണ് ചെലവഴിച്ചത്. 858 കുടുംബങ്ങൾക്ക് പ്രതിമാസം 1000 രൂപയുടെ ഭക്ഷ്യകൂപ്പണും നൽകിവരുന്നു. 773.98 കോടി രൂപയാണ് വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ നാനാതുറയിലുള്ള സംഘടനകളും വ്യക്തികളും പ്രവാസികളും സംഭാവന നൽകിയവരിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ കർണാടക, ആന്ധ്രാപ്രദേശ് സർക്കാരുകൾ 10 കോടി രൂപ വീതവും തമിഴ്‌നാട്, രാജസ്ഥാൻ സർക്കാരുകൾ അഞ്ചു കോടി രൂപ വീതവും സംഭാവനയായി നൽകി.

ദുരന്തബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സർക്കാർ ചെയ്ത ഏറ്റവും വിലപ്പെട്ട സേവനങ്ങളിലൊന്ന് അവരുടെ വായ്‌പാ കുടിശ്ശികകൾ പൂർണമായി ഏറ്റെടുത്തതാണ്. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1620 വായ്‌പകളുടെ കുടിശ്ശിക തുകയായ 18.75 കോടി രൂപയാണ് സർക്കാർ പൂർണമായും ഏറ്റെടുത്തത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടാതെ ബാക്കിയായവരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു വീണ്ടും ഒരുമിച്ച് താമസിക്കണമെന്നത്. ആ സ്വപ്നമാണ് രണ്ടുവർഷത്തിനുള്ളിൽ സർക്കാർ സാക്ഷാത്കരിച്ചിരിക്കുന്നത്. ആരോഗ്യകേന്ദ്രം, അംഗനവാടി, കമ്മ്യൂണിറ്റി സെന്റർ, പൊതുമാർക്കറ്റ്, ഉരുൾ സ്മാരകം, ഓപ്പൺ തിയേറ്റർ, മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി, കളിയിടങ്ങൾ, വൈദ്യുതി സബ് സ്റ്റേഷൻ തുടങ്ങിയവയും ഇവിടെ നിർമ്മിക്കുന്നതാണ്. മികച്ച രീതിയിൽ റെക്കാ‌ർഡ് സമയത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സമർപ്പിതമായ പ്രയത്നം ശ്ലാഘനീയമാണ്.

ഊരാളുങ്കൽ സൊസൈറ്റിക്ക് പദ്ധതികൾ നിർവഹിക്കാൻ ലഭിക്കുന്നത്,​ അവർക്ക് അതിനുള്ള യന്ത്രോപകരണങ്ങളും വൈദഗ്ദ്ധ്യവും മികവും സ്വന്തമായി ഉള്ളതുകൊണ്ടാണ്. കേരളത്തിലെ ദേശീയപാതയുടെ നിർമ്മാണം വൻകിട നിർമ്മാണ സ്ഥാപനങ്ങളാണ് നിർവഹിക്കുന്നത്. ഇതിൽ ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്ത കാസർകോട് ജില്ലയിലെ തലപ്പാടി - ചെങ്ങള സ്ട്രെച്ച് മാത്രമാണ് പറഞ്ഞ സമയത്തിനു മുമ്പ് നിർമ്മാണം പൂർത്തിയാക്കിയത്. 39 കിലോമീറ്റർ ദൂരം വരുന്ന ഈ പാത ഇപ്പോൾ ഗതാഗതത്തിന് തുറന്നുകൊടുത്തിക്കുകയാണ്. ഈ പാതയുടെ ഒരു വശവും ഇതുവരെ ഇടിഞ്ഞുവീണതായി ആർക്കും പറയാൻ കഴിഞ്ഞിട്ടില്ല. 'മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാത്തതു"കൊണ്ട് ഇത്തരം ലോക നിലവാരമുള്ള സൊസൈറ്റിയെ വിമർശിക്കുമ്പോൾ അതിനും കൈയടിക്കാൻ ഇവിടെ ആളുകളെ കിട്ടും. അതും മറ്റൊരു കേരള മാതൃകയെന്നേ പറയാൻ കഴിയൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നു തന്നെയാണ് വയനാട് മാതൃകാ ടൗൺഷിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY