
നേരിന്റെ നക്ഷത്രമാണ് എസ് അജയകുമാർ. കേരളത്തിലെ കൺസ്ട്രക്ഷൻ കരാർ രംഗത്ത് ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും സുതാര്യതയുടെയും പര്യായമായി തലയെടുപ്പോടെ നിൽക്കുന്ന കുന്നത്ത് കൺസ്ട്രക്ഷൻസിന്റെ മാനേജിംഗ് പാർട്ണർ.
കുന്നത്ത് കൺസ്ട്രക്ഷൻസിന്റെ ഈ വിശ്വാസ്യതയ്ക്ക് പിന്നിൽ അജയകുമാറിന്റെ കഠിനാദ്ധ്വാനമുണ്ട്, നിശ്ചയദാർഢ്യമുണ്ട്, തീക്ഷ്ണമായ പോരാട്ടങ്ങളും അനുഭവ പാഠങ്ങളുമുണ്ട്. അച്ഛനിൽ നിന്ന് പഠിച്ച ഗുരുദർശനങ്ങളും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുമുണ്ട്. ജന്മനാടായ കൊല്ലം ഓടനാവട്ടത്തെ ചെപ്പറ എന്ന ചെറുഗ്രാമം മനസിൽ നിറച്ച വിശുദ്ധിയുണ്ട്.
ക്വാളിറ്റിയിൽ കുന്നത്ത് കൺസ്ട്രക്ഷൻസിന് കോമ്പ്രമൈസില്ല. കരാർ രംഗത്ത് കുന്നത്ത് കൺസ്ട്രക്ഷൻസ് മാനേജിംഗ് പാർട്ണർ എസ്.അജയകുമാർ 38 വർഷം പിന്നിടുകയാണ്. തെറ്റായ കാര്യങ്ങൾ ചെയ്യരുതെന്ന നിർബന്ധബുദ്ധിയോടെയാണ് പ്രവൃത്തികൾ ഏറ്റെടുക്കുന്നതും പൂർത്തിയാക്കുന്നതും.
വകുപ്പുകളുടെ എൻജിനിയർമാരെക്കാൾ ശുഷ്കാന്തിയും സൂക്ഷ്മതയും പുലർത്തിയാണ് കുന്നത്ത് കൺസ്ട്രക്ഷൻസിന്റെ എൻജിനിയർമാർ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് അജയകുമാർ തന്റെ ജീവനക്കാർക്കും തൊഴിലാളികൾക്കും നൽകിയിരിക്കുന്ന നിർദേശം. അതുകൊണ്ട് തന്നെ എസ്. അജയകുമാർ കരാർ രംഗത്തെ 38 വർഷം പിന്നിടുമ്പോൾ വിവാദങ്ങളിൽ പെടുകയോ ആരോപണങ്ങൾ നേരിടുകയോ ചെയ്തിട്ടില്ല.
ഗുരുദേവനും മാർക്സും പറഞ്ഞത് ഒന്നാണെന്ന് വിശ്വസിച്ചിരുന്ന എസ്.എൻ.ഡി.പി യോഗത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തകനായിരുന്ന ശ്രീധരൻ കോൺട്രാക്ടറുടെ മകനാണ് എസ്.അജയകുമാർ. ഓടനാവട്ടം കെ.ആർ.ജി.പി.എം എച്ച്.എസിൽ നിന്നും എസ്.എസ്.എൽ.സിയും കരിക്കോട് ടി.കെ.എം ആർട്സ് കോളേജിൽ നിന്നും പ്രീഡിഗ്രിയും പാസായി.
തുർടന്ന് ചന്ദനത്തോപ്പ് ഐ.ടി.യിൽ മെക്കാനിക്കൽ ഓട്ടോ മൊബൈൽ കോഴ്സ് പാസായി. അക്കാലത്ത് വിദ്യാത്ഥികളുടെ അവകാശ സംരക്ഷണത്തിനായി സമരം നയിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി.
അച്ഛന്റെ പകരക്കാരൻ
പാർട്ടി പ്രവർത്തനത്തിലും കരാർ ജോലിയിലും എസ്.എൻ.ഡി.പി യോഗം ശാഖാ പ്രവർത്തനത്തിലും സജീവമായി നിൽക്കുന്നതിനിടിൽ 1984ൽ ശ്രീധരൻ കോൺട്രാക്ടർക്ക് പെട്ടെന്നൊരു രോഗം ബാധിച്ചു.
ചികിത്സയുമായി ബന്ധപ്പെട്ട് കുറച്ചുകാലം വിശ്രമിക്കേണ്ടി വന്നതോടെ കരാർ ജോലികളെല്ലാം മുടങ്ങി വീട്ടിൽ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടു. ഇതോടെ അന്ന് വിദ്യാർത്ഥിയായിരുന്ന അജയകുമാറിന് അച്ഛന്റെ കരാർ പ്രവൃത്തികൾ താൽക്കാലികമായി ഏറ്റെടുക്കേണ്ടി വന്നു.
അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ് വർക്കായിരുന്നു അച്ഛൻ പ്രധാനമായും കരാറെടുത്തിരുന്നത്. സത്യസന്ധനായിരുന്നതിനാൽ ഉദ്യോഗസ്ഥർക്കെല്ലാം അച്ഛനോട് വലിയ സ്നേഹമായിരുന്നു. അവർ പറഞ്ഞു '' മോനെ നീ ഇങ്ങ് വന്നാ മതി. പണിയെല്ലാം ഞങ്ങൾ ചെയ്യിക്കാം'' വാത്സല്യ രൂപേണയുള്ള ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് അജയകുമാർ അവർക്കൊപ്പം ശ്രീധരൻ കോൺട്രാക്ടറുടെ കരാർ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിലെത്തി.
പുനലൂർ പേപ്പർ മിൽ, കലയനാട്, മണിയാർ എന്നിവിടങ്ങളിലെ കരാർ പ്രവൃത്തികൾ ഒരു വർഷത്തോളം ഹാൻഡിൽ ചെയ്തു. ഒപ്പം വിദ്യാഭ്യാസവും തുടർന്നു. അന്ന് 20 വയസ് പ്രായമേ ഉള്ളായിരുന്നു. ബന്ധുക്കളിൽ ചിലർ പണി പൂർത്തിയാക്കാനുള്ള പണം നൽകി. അമ്മ താമരാക്ഷിയും സഹോദരങ്ങളും വലിയ പ്രോത്സാഹനം നൽകി.
സർക്കാർ ജോലി ഉപേക്ഷിച്ച് കരാർ രംഗത്തേക്ക്
അച്ഛൻ വിശ്രമം കഴിഞ്ഞ് കരാർ രംഗത്തേക്ക് മടങ്ങിയെത്തിയതോടെ എസ്. അജയകുമാർ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധിച്ചു. അജയകുമാറിന്റെ സഹോദരിയും സഹോദരി ഭർത്താവും കൊച്ചി നേവൽ ബേസിൽ സിവിലിയൻ സ്റ്റാഫായിരുന്നു. അവിടെയുള്ള കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അജയകുമാർ ഇടയ്ക്ക് ജോലിക്ക് കയറി.
89 ദിവസം വീതം രണ്ട് ടേം ജോലി ചെയ്തു. തുടർച്ചയായി മൂന്ന് ടേം ജോലി ചെയ്താൽ സൊസൈറ്റിയിൽ സ്ഥിരപ്പെടുത്തുമായിരുന്നു. തുടർച്ചയായി മൂന്നാം ടേം ജോലിക്കുള്ള അവസരം അജയകുമാറിനെ തേടിയെത്തി.
പക്ഷെ അജയകുമാർ ജോലിക്ക് പോയില്ല. സ്ഥിരപ്പെടുന്ന ജോലിക്കുള്ള അവസരം നഷ്ടമാക്കിയത് വീട്ടിൽ വലിയ പ്രശ്നമായി. പക്ഷെ അജയകുമാർ നിരാശപ്പെട്ടില്ല. മനസിൽ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു. അന്ന് സൊസൈറ്റിയിൽ 4200 രൂപയായിരുന്നു പ്രതിമാസ ശമ്പളം.
എന്നാൽ അച്ഛന്റെ കരാർ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തിയപ്പോൾ അതിനേക്കാൾ വരുമാനം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എങ്ങനെയും കരാർ പ്രവൃത്തികൾ ഏറ്റെടുക്കുകയായിരുന്നു അജയകുമാറിന്റെ ലക്ഷ്യം. അങ്ങനെ അച്ഛനൊപ്പം നിന്ന് കരാർ ജോലികൾ ചെയ്യിച്ചു. ഒരുവർഷം കഴിഞ്ഞപ്പോൾ അച്ഛൻ കൃഷിയിലേക്ക് തിരിഞ്ഞു. ഇതോടെ അജയകുമാർ സ്വന്തം നിലയിൽ കരാർ പ്രവൃത്തികൾ ഏറ്റെടുത്ത് തുടങ്ങി.
സ്വപ്നങ്ങളും അദ്ധ്വാനവും
സ്വപ്നങ്ങളും അത് യാഥാർത്ഥ്യമാക്കാൻ നടത്തിയ കഠിനാദ്ധ്വാനവുമാണ് എസ്.അജയകുമാറിനെ ശ്രദ്ധേയനായ കരാറുകാരനാക്കിയത്. അയൂർ കൊട്ടാരക്കര റോഡിൽ ചൂലാൽ പാലത്തിനടുത്ത് പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി നീർച്ചാലിന്റെ പാർശ്വഭിത്തി നിർമ്മാണമാണ് ആദ്യം ഏറ്റെടുത്ത പ്രവൃത്തി. കേരള ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷനായിരുന്നു കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയുടെ നിർവഹണ ഏജൻസി.
അന്ന് പത്ത് തൊഴിലാളികളെ ഉണ്ടായിരുന്നുള്ളു. പണി കുറച്ച് പിന്നിട്ടപ്പോൾ 32000 രൂപയുടെ പാർട്ട് ബിൽ എഴുതി. ബിൽ മാറാനായി ആലപ്പുഴയിലുള്ള കൺസ്ട്രക്ഷൻ എൻജിനിയറുടെ ഓഫീസിൽ പോയി. മറയൂരിൽ നിന്നുള്ള ഒരു കോൺട്രാക്ടറും അവിടെ എത്തിയിരുന്നു.
അദ്ദേഹത്തിന് ഒരു ലക്ഷത്തിന് മുകളിലുള്ള ബിൽ ആയിരുന്നു. അതുകണ്ടപ്പോൾ അജയകുമാറിന് ചെറിയ നിരാശ തോന്നി. ഒരു ലക്ഷത്തിന് മുകളിലുള്ള ബിൽ തനിക്കും മാറണമെന്ന ആഗ്രഹമുണ്ടായി. അങ്ങനെ ആദ്യം ഏറ്റെടുത്ത കരാറിന്റെ തുടർ പ്രവൃത്തികൾ ഏറ്റെടുത്ത് നാല് മാസത്തിനുള്ളിൽ 1.15 ലക്ഷം രൂപയുടെ ബിൽ മാറി.
പ്രവൃത്തികൾ ഏറ്റെടുക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും ആളില്ലാതെ പശ്ചിമഘട്ട വികസന പദ്ധതിക്ക് സംസ്ഥാനത്ത് കാര്യമായ പ്രോഗ്രസ് ഇല്ലാത്ത സമായമായിരുന്നു അത്. അതുകൊണ്ട് തന്നെ എല്ലാവർഷവും കേന്ദ്ര സർക്കാർ അനുവദിക്കുന്ന വൻതുക ലാപ്സായിക്കൊണ്ടിരിക്കുകയായിരുന്നു. അജയകുമാർ കരാറുകൾ ഏറ്റെടുത്തതോടെ കൊല്ലം ജില്ലയിൽ വലിയ മുന്നേറ്റമുണ്ടായി. ഇതോടെ പത്തനംതിട്ട, എറുണാകുളം ജില്ലകളിലെ പശ്ചിമഘട്ട വികസന പദ്ധതികളുടെ നടത്തിപ്പ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും താല്പര്യമെടുത്ത് അജയകുമാറിനെ കൊണ്ട് ഏറ്റെടുപ്പിച്ചു. ഇതോടെ കരാറുകാരൻ എന്ന നിലയിൽ അജയകുമാർ അറിയപ്പെട്ട് തുടങ്ങി. കോട്ടയത്തും എറണാകുളത്തും ചെക്ക് ഡാമുകളുടെ നിർമ്മാണം അടക്കം കേരളത്തിലങ്ങളോളമിങ്ങോളം പ്രവൃത്തികൾ ഏറ്റെടുത്ത് തുടങ്ങി. കരാറുകാർ സാധാരണ നേരിടാറുള്ള പല പ്രതിസന്ധികളും അജയകുമാറിന്റെ വഴികളിലുമുണ്ടായി. പക്ഷേ തളർന്നില്ല. ഉശിരോടെ, ആത്മവീര്യത്തോടെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു. ഇപ്പോൾ ദേശീയജലപാത വികസനത്തിന്റെ തിരുവനന്തപുരം ജില്ലയിലെ വിവിധ റീച്ചുകളുടെ നവീകരണ പ്രവൃത്തി കുന്നത്ത് കൺസ്ട്രക്ഷൻസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സ്വപ്നങ്ങൾക്കൊപ്പം
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിൽ കഴിഞ്ഞ എട്ട് വർഷമായി നടക്കുന്ന ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ തെക്കൻ കേരളത്തിലെ പ്രധാന നടത്തിപ്പുകാരനാണ് എസ്. അജയകുമാർ. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദീർഘവീക്ഷണത്തോടെയുള്ള ആശയങ്ങൾ അതിവേഗം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കുന്നത്ത് കൺസട്രക്ഷൻസ് ഇപ്പോൾ. ദേശീയ ജലപാത വികസനത്തിന്റെ വേളി മുതൽ കിഠനകുളം കായൽ വരെയുള്ള 12 കിലോ മീറ്റർ, വർക്കല ഒന്നാം പാലം മുതൽ ശിവഗിരി നടയറ കായൽ വരെയുള്ള റീച്ചിന്റെയും നവീകരണം എന്നിവ നിർവഹിക്കുന്നു.
ടൂറിസം വികസനത്തിന്റ ഭാഗമായുള്ള പരവൂർ ലേക്ക് സാഗർ ബോട്ട് ജെട്ടി, കായിക്കര ബോട്ട് ജെട്ടി, പണയിൽക്കടവ് ബോട്ട് ജെട്ടി, മുരുക്കുംപുഴ ബോട്ട് ടെർമിനൽ, കൊല്ലം നഗരത്തിലെ കിളികൊല്ലൂർ തോടിന്റെ 12 കിലോ മീറ്റർ നീളത്തിലുള്ല വികസനം കരുനാഗപ്പള്ളി, ആയൂർ, തോട്ടത്തറ, കുരിയോട്ടുമല ഫാമുകൾ, അഞ്ചൽ കോട്ടുക്കൽ ജില്ലാ കൃഷാം ഫാം എന്നിവയുടെ വികസനം , ആദ്യകാലം മുതൽ തുടർന്നുവരുന്ന കേരള ഭൂവികസന കോർപ്പറേഷന്റെ തൃശ്ശൂർ, മലപ്പുറം കോൾ നിലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം , കുട്ടനാട്ടിലെ റാണി കായലിന്റെ വികസനം, പുനലർ ട്രാൻസ്പോർട്ട്, ബസ് സ്റ്റാൻഡ് പനുലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കുളക്കട സി.കെ. ചന്ദ്രപ്പൻ സ്മാരകം തുടങ്ങിയവ സമയബന്ധിതമായി ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ പൂൃത്തിയാക്കിയ പ്രവൃത്തികളിൽ ചിലതാണ്.
കേരളത്തിൽ 12 ജില്ലകളിൽ എസ്. അജയകുമാർ കരാർ പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ബൃഹത്തായ സൗഹൃബന്ധങ്ങളുണ്ട്. അതിൽ രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവർത്തകരും സാധാരണക്കാരുമുണ്ട്. വൈസ്മെൻ ഇന്റർനാഷണലിന്റെ പ്രവർത്തനത്തിലും നാട്ടിലെ സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്നുണ്ട്.
കുടുംബം
ഭാര്യ രജനി അജയകുമാർ എം.എ, ബി.എഡ് ബിരുദധാരിയും നേരത്തെ അദ്ധ്യാപികയുമായിരുന്നു. ഇപ്പോൾ അദ്ധ്യാപനം ഉപേക്ഷിച്ച് കുന്നത്ത് കൺസ്ട്രക്ഷൻസിന്റെ പാർട്ണറായി പ്രവർത്തിക്കുന്നു. മകൾ ദക്ഷിണ എം.ബി.ബി.എസ് കഴിഞ്ഞ് ബംഗളൂരുവിൽ ഡെർമെറ്റോളജിയിൽ എം.ഡി ചെയ്യുന്നു. മരുമകൻ ഡോ. അർജുൻ ശിവകുമാർ ബംഗളൂരു മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗം പ്രൊഫസറാണ്. മകൻ കെ.എ.ഭാരതീയൻ ലണ്ടനിൽ ഗവേഷകനാണ്. ലതിക, എസ്. അജയകുമാറിന്റെ മൂത്ത സഹോദരിയാണ്. കോൺട്രാക്ടറായ പ്രദീപ്കുമാർ സഹോദരൻ. ബിന്ദു ഇളയസഹോദരി.
നൂതനാശയങ്ങളുമായി ഭാരതീയൻ
പഠനത്തിൽ സമർത്ഥനായ കെ.എ. ഭാരതീയൻ, കേരളം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പ്ലാസ്റ്റിക് മാലിന്യം സംസ്കരണത്തെ കേരളത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാക്കി മാറ്റുന്ന പദ്ധതിയുടെ ആലോചനയിലാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയുമായി ചേർന്ന് പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് വേർതിരിച്ച് കാർബണിനും ഗ്യാസിനും പുറമേ എയർ ഫ്യൂയർ വരെ നിർമ്മിക്കുന്ന പ്രോജക്ട് നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. വൈകാതെ നാട്ടിലെത്തി മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച് നേരിട്ട് കൂടിക്കാഴ്ച നടത്തും.
ജെ.ഇ.ഇ പരീക്ഷയിൽ ഉയർന്ന സ്കോർ ലഭിച്ചിട്ടും ഐ.ഐ.ടികളിൽ പ്രവേശനം നേടാതെ ലോകോത്തര സർവകലാശാലയിൽ പഠിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഭാരതീയൻ ലണ്ടനിലേക്ക് പോയത്. ലണ്ടനിലെ ഇമ്പീരിയിൽ കോളേജിന്റെ ബിസിനസ് സ്കൂളിൽ നിന്നും ക്ലൈമെറ്റ് ചെയ്ഞ്ച് മാനേജ്മെന്റ് ആൻഡ് ഫിനാൻസിൽ എം.എസ് സിയും യു.കെയിലെ യൂണിയവേഴ്സിറ്റി ഒഫ് ലീഡ്സിൽ നിന്നും സിവിൽ എൻജിനിയറിംഗിൽ നിന്നും ഡിഗ്രിയും പി.ജിയും ഒരുമിച്ചുള്ള ബി എൻജിനിയറിംഗ് വിത്ത് എം എൻജിനിയറിംഗ് ബിരുദവും നേടി.
ക്വാളിറ്റിയിൽ കുന്നത്ത് കൺസ്ട്രക്ഷൻസിന് കോമ്പമൈസില്ല. കരാർ രംഗത്ത് കുന്നത്ത് കൺസ്ട്രക്ഷൻസ് മാനേജിംഗ് പാർട്ണർ
എസ്.അജയകുമാർ 38 വർഷം പിന്നിടുകയാണ്. തെറ്റായ കാര്യങ്ങൾ ചെയ്യരുതെന്ന നിർബന്ധ ബുദ്ധിയോടെയാണ് പ്രവൃത്തികൾ ഏറ്റെടുക്കുന്നതും പൂർത്തിയാക്കുന്നതും. വകുപ്പുകളുടെ എൻജിനിയർമാരെക്കാൾ ശുഷ്കാന്തിയും സൂക്ഷ്മതയും പുലർത്തിയാണ് കുന്നത്ത് കൺസ്ട്രക്ഷൻസിന്റെ എൻജിനിയർമാർ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഗുണനിലവാരത്തിൽ യാതൊരു
വിട്ടുവീഴ്ചയും പാടില്ലെന്നാണ് അജയകുമാർ തന്റെ ജീവനക്കാർക്കും തൊഴിലാളികൾക്കും നൽകിയിരിക്കുന്ന നിർദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |