
കേരളത്തിന്റെ സാംസ്കാരിക വിണ്ണിൽ അരനൂറ്റാണ്ടുകാലം വെളിച്ചവും വിസ്മയവും പെയ്യിച്ചൊരു മഹാപ്രതിഭ നിത്യനക്ഷത്രമായി ജ്വലിക്കുകയാണ്. അനന്തപുരിയുടെ സ്നേഹവും സൗഹൃദവും ഹൃദയത്തോട് ചേർത്തുപിടിച്ച്, കേരളത്തിന്റെ സാംസ്കാരിക ബ്രാൻഡായി മാറിയ സൂര്യ കൃഷ്ണമൂർത്തി. ഐ.എസ്.ആർ.ഒയിലെ ഉന്നത ജോലിയിൽ നിന്ന് മലയാളി മനസിലേയ്ക്ക് കലയുടെ വെളിച്ചം പകർന്നു നൽകിയ സമാനതകളില്ലാത്ത ജീവിതയാത്രയെ കണ്ണീരോർമ്മകളോടെ നെഞ്ചേറ്റുകയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ...
വർഷം 1976... ഞങ്ങൾ നാല് സിനിമ ഭ്രാന്തന്മാർ ഊണിനു ശേഷം ഒത്തുകൂടി ലോകോത്തര സിനിമയേക്കുറിച്ചും 'ചിത്രലേഖ"യുടെ പതനത്തെക്കുറിച്ചും കുടുംബത്തിൽ എന്തോ അത്യാഹിതം സംഭവിച്ചു കൊണ്ടിരിക്കുന്ന വേദനയോടെ, ചർച്ചയിൽ ഏർപ്പെട്ടിരുന്ന കാലം. തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലാഞ്ചിംഗ് സ്റ്റേഷനിലെ 10 ഹാംഗറുകളിൽ 6ൽ ആണ് എം.എൻ.ഡി നായർ, കെ.എൻ.ജി കൈമൾ, എസ്.ബി.ജയറാം പിന്നെ ഞാനും അടങ്ങുന്ന സംഘം ഒത്തുകൂടുക.
ദിവസങ്ങൾ പോകവേ പുതിയ ഒരു ഫിലിം സൊസൈറ്റി നഗരത്തിന് അനിവാര്യമാണെന്ന യാഥാർത്ഥ്യത്തിലേയ്ക്ക് ഞങ്ങൾ അടുത്ത് തുടങ്ങി. ഇപ്പോൾ ഓർക്കുമ്പോൾ പ്രസിദ്ധമായ പഴമൊഴി ഓർമ വരുന്നു : ഉദ്ദേശം ശുദ്ധ മാണെങ്കിൽ പ്രപഞ്ചം അതിനുവേണ്ടി ഗൂഢാലോചന നടത്തും. നേരാണ്, പ്രപഞ്ചം നടത്തിയ ഗൂഢാലോചന ആയിരുന്നു എൻ. കൃഷ്ണമൂർത്തി എന്ന 24 കാരൻ സുമുഖനായ എൻജിനിയറുടെ ഹാംഗർ 10ൽ നിന്നുമുള്ള നിത്യ സന്ദർശനം. എൻജിനിയർ ആണെങ്കിലും പുള്ളി സ്പോർട്സ് ഓഫീസർ ചാർജ് വഹിച്ചിരുന്നു. കൂട്ടത്തിൽ കലരാതെ രണ്ടടി പിന്നിൽ ഇരുന്നു ഞങ്ങളുടെ ആകുലതകൾ സശ്രദ്ധം മൂർത്തി കേട്ടിരുന്നു. ഓർക്കണം ഞങ്ങൾ പ്രായത്തിൽ 8-10 വർഷം മുതിർന്നവർ. ലോകസിനിമയെക്കുറിച്ച് കുറച്ചൊക്കെ അവഗാഹം. 'എന്നെ ഒരു എറണ്ട് ബോയ് ആയി നിങ്ങൾക് ഒപ്പം കൂട്ടാമോ. നിങ്ങൾ പറയുന്ന എന്തു പണിയും ഞാൻ ചെയ്യാം. "
1976 ജൂൺ 11ന് ചലച്ചിത്ര, അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോൻ ഉദ്ഘാടനം നടത്തുമ്പോൾ കൃഷ്ണ മൂർത്തി ചലച്ചിത്രയുടെ സെക്രട്ടറിയായി. അതിനു മുൻപ് ഏപ്രിൽ-മെയ് മാസങ്ങളിൽ അദ്ദേഹം നിരന്തരം യാത്രകളിൽ സത്യജിത് റേ, മൃണാൾ സെൻ, ഡോ.ബി.വി കാരന്ത് , മണികൗൾ എന്നിവരെ നേരിൽ സന്ദർശിച്ചു. ചിത്രങ്ങൾ നേടി. ചലച്ചിത്രയെ സജ്ജമാക്കി. സെക്രട്ടറി പദം സ്വാഭാവിക പരിണാമം ആയിരുന്നു. 'തുടക്കം നന്നായാൽ എല്ലാം നന്നാവും" എന്ന പഴഞ്ചൊല്ല് അന്വർത്ഥമാ ക്കി ചലച്ചിത്രയുടെ അരങ്ങേറ്റം. ആഗസ്റ്റിൽ മൃണാൾദാ എത്തി... ഏഴുനാൾ അദ്ദേഹം നഗരത്തിൽ നിറഞ്ഞു നിന്നു.
ജി.അരവിന്ദനെ കാണാനും ഉത്തരായണം കാണാനും മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേക ആവശ്യങ്ങൾ.(ദിനവും ഏതാനും പാക്കറ്റ് ചാർമിനാർ സിഗരറ്റും) ഇപ്പോഴും ഓർക്കുന്നു. രാത്രി 1.30 ന് കല്പന തീയേറ്ററിൽ 'ഉത്തരായണം" കണ്ട ശേഷം ജയറാമിന്റെ തോളിൽ കൈവച്ചു മൃണാൾദാ പറഞ്ഞ വാക്കുകൾ,: this man has to be watched..." അതൊക്കെ ഒരു നിയോഗം. മൂർത്തിയുടെ പ്രവർത്തനശൈലി ചില അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു.മൂർത്തി പിൻവാങ്ങി. മലയാളി അല്ലാത്ത എച്ച്. സുരേന്ദ്ര സെക്രട്ടറി ആയി. ചരിത്രം ഇതിനെ രേഖപ്പെടുത്തുക നഗരത്തിനു മികച്ച രണ്ടു സംഘടനകൾ ലഭിച്ചു എന്നാവും. സിനിമയുടെ യൂണിവേഴ്സിറ്റി പോലെ 'ചലച്ചിത്ര"യും ഡാൻസ് ആൻഡ് മ്യൂസിക് സൊസൈറ്റിയുടെ ഉത്തുംഗം ആയി 'സൂര്യ" യും. സഹവർത്തിത്വത്തിന്റെ നാല്പത്തിലേറെ വർഷങ്ങൾ. കഴിഞ്ഞ ജൂൺ 13ന് 'ചലച്ചിത്ര" അതിന്റെ 50-ാം വാർഷികം ആഘോഷിച്ചു.
കിംസ് ആശുപത്രിയിൽ നിന്ന് അനുവാദം വാങ്ങി വൈകി ആണെങ്കിലും, മൂർത്തി ഓടി എത്തി... ഗുരുസ്ഥാനീയനായ അടൂർജി യിൽ നിന്നും പൊന്നാട സ്വീകരിച്ചു. പാദം തൊട്ടു വണങ്ങി... കിംസിലെ ഡോക്ടർമാർ അനുവദിച്ചതിലും ഏറെ നേരം ഞങ്ങൾക്ക് ഒപ്പം കൂടി. പ്രിയ സഹോദരൻ ' വേഗത്തിൽ" മടങ്ങി......
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |