
ഓർമയുറച്ച കാലം മുതൽ ആകാശമായിരുന്നു അവനെല്ലാം. നിറം മാറുന്ന, ഇരുളും വെളിച്ചവും പടരുന്ന, വിവിധ രൂപങ്ങൾ തെളിയുന്ന, പെയ്ത് തോരുന്ന, ചിലപ്പോൾ ചുട്ടുപൊള്ളിക്കുന്ന, ആ അദ്ഭുതാനുഭവത്തിന്റെ പൊരുളെന്തെന്നറിയാൻ ഉള്ളം കൊതിച്ചു. കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്ത മാനം വിസ്മയിപ്പിച്ചു. തനിക്കൊപ്പം നീങ്ങുന്ന മേഘപാളികളെ നോക്കി നടക്കുന്നതിനിടെ ഇടയ്ക്കൊക്കെ തട്ടി വീണു. അച്ഛന്റെയും അമ്മയുടേയും നെഞ്ചിൽ പലപ്പോഴും കൊള്ളിയാൻ മിന്നി. എന്താണ് മോൻ ഇങ്ങനെ?
സ്കൂളിൽ ചേർന്നതോടെ സംശയങ്ങളുടെ സാഗരമായിരുന്നു. രാത്രിയിൽ സൂര്യനെ കാണാത്തത്, കൺചിമ്മുന്ന കുഞ്ഞു നക്ഷത്രങ്ങളും പകൽ മറയുന്ന ചന്ദ്രനും ഒളിമങ്ങിയിറങ്ങുന്ന സൂര്യപ്രകാശവുമൊക്കെ കൃത്യമായ ഉത്തരമില്ലാതെ അവശേഷിച്ചു. മകന്റെ ഇടതടവില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മാതാപിതാക്കൾ കുഴങ്ങി. തങ്ങളുടെ അറിവിനുമപ്പുറത്തേയ്ക്കുള്ള ചോദ്യങ്ങളുയർന്നതോടെ വഴി വേറിട്ടതാണന്ന് അവരുറപ്പിച്ചു. കഴിയും വിധം പിന്തുണച്ചു. റോക്കറ്റുകളും ഗ്രഹങ്ങളും ഭൂമിയും ബഹിരാകാശവുമങ്ങനെ 'പ്രായത്തിന് അപ്പുറമുള്ള"ചിന്തകൾ ഉറങ്ങാനാവാത്ത വിധം അവന്റെ സ്വപ്നത്തിൽ നിറഞ്ഞു. കണ്ടെത്തിയ ഉത്തരങ്ങളോരോന്നും വളർച്ചയ്ക്കുള്ള പടിക്കെട്ടുകളാവുകയായിരുന്നു. ഏറ്റവും ചെറുപ്രായത്തിൽ ഛിന്ന ഗ്രഹത്തെ കണ്ടെത്തി രാജ്യത്തിന് അഭിമാനമായ, വിവിധ രാജ്യങ്ങളിലുള്ളവരെ പങ്കാളികളാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എയ്റോസ്പേസ് എന്ന കമ്പനി സ്ഥാപിച്ചൊരു 14കാരൻ. എറണാകുളം ജെംസ് മോഡേൺ അക്കാഡമിയിൽ ഒമ്പതാം ക്ളാസിൽ പഠിക്കുന്ന ശ്രേയസ് ഗിരീഷ്! തലയോലപ്പറമ്പ് ബ്രഹ്മമംഗലം ഏനാദി തെക്കേച്ചിറയിൽ ഗിരീഷ് -ചിഞ്ചു ദമ്പതികളുടെ മകൻ ശ്രേയസ് ഗിരീഷിലൂടെ, നാടിന്റെ ശ്രേയസ് ലോകത്തിന് മുന്നിൽ ഉയർന്ന് നിൽക്കുന്നു.
കളിപ്പാട്ടക്കാലത്തെ കാര്യമുള്ള ചിന്തകൾ
സമപ്രായക്കാർ കളിപ്പാട്ടങ്ങളും കാർട്ടൂണുകളും തിരയുമ്പോൾ ശ്രേയസ് ബഹിരാകാശവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചുറ്റും തിരിഞ്ഞുകൊണ്ടേയിരുന്നു. റോക്കറ്റ് വിക്ഷേപണം, ഗ്രഹങ്ങൾ, ഭൂമിക്കപ്പുറമുള്ള നിഗൂഢതകൾ അങ്ങനെ കൊച്ചുതലയിൽ തളിർത്ത ചിന്തകൾക്ക് പെരുമരത്തിന്റെ കാമ്പും കനവുമുണ്ടായിരുന്നു. രാത്രിയിൽ ടെറസിന് മുകളിൽക്കയറി മേലയ്ക്ക് നോക്കി കിടന്നു. ചിമ്മിത്തെളിയുന്ന നക്ഷത്രങ്ങൾക്കൊക്കെയും തന്നോടെന്തൊക്കെയോ ചൊല്ലാനുണ്ടെന്ന് തോന്നി. ഓൺലൈൻ ഗെയിമുകൾക്ക് പകരം ഗൂഗിളിൽ പ്രപഞ്ച രഹസ്യങ്ങളുടെ പൊരുൾ തേടി.
നക്ഷത്രത്തിൽ തെളിഞ്ഞ കൗതുകം
2020ൽ ശ്രേയസിന് എട്ട് വയസ്. നാസ കണ്ടെത്തിയ ഒരു നക്ഷത്രത്തിന് ഓൺലൈൻ മത്സരത്തിലൂടെ പേരിടാൻ അവസരം ലഭിച്ചു. ആദ്യം ഓർമ്മവന്നത് കലവറയില്ലാത്ത പിന്തുണ നൽകുന്ന കുടുംബാംഗങ്ങളെയാണ്. അച്ഛൻ ഗിരീഷിന്റേയും സഹോദരി ശ്രേയയുടേയും അമ്മ ചിഞ്ചുവിന്റേയും ആദ്യാക്ഷരങ്ങൾ ചേർത്ത് 'ജി.എസ്.സി ഷൈനി" എന്ന് പേരിട്ടുവിളിച്ചു. അനേകം നക്ഷത്രങ്ങളിൽ ഒന്നിന് സ്വന്തം ഇഷ്ടപ്രകാരം പേരിടാൻ ലഭിച്ച അവസരം മാത്രമായിരുന്നില്ല അത്.
നാസയ്ക്കൊപ്പം ഗവേഷണം
2023ൽ ഇല്ലിനോയി സർവകലാശാലയുടെ സഹകരണത്തോടെ നാസ സംഘടിപ്പിച്ച ഓൺലൈൻ എയ്റോസ്പേസ് പ്രോഗ്രാമിൽ പങ്കെടുത്തു. ബഹിരാകാശ സാങ്കേതിക വിദ്യയിൽ തത്പരരായ വിദ്യാർത്ഥികളായിരുന്നു ഏറെയും. നൂറ് ശതമാനം സ്കോർ നേടിയതോടെ ശ്രേയസിനെ ടീമിലേയ്ക്ക് നാസ ശുപാർശ ചെയ്തു. 11വയസുള്ളൊരു പയ്യൻ ജ്യോതിശാസ്ത്രത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നത് അവരെ അദ്ഭുതപ്പെടുത്തി. ദൂരദർശിനി ഡാറ്റ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളെ കണ്ടെത്താൻ കഴിയുന്ന ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബറേഷൻ (ഐ.എ.എസ്.സി) വഴി നാസയുടെ ഭാഗമായി. പ്രായപരിധിയില്ലാത്ത, നാസയുടെ ഓൺലൈൻ റിസർച്ച് ടീമിൽ അംഗത്വം നേടി സിറ്റിസൺ സയന്റിസ്റ്റായി പ്രവർത്തിക്കാനുള്ള അപൂർവാവസരമാണ് ഇതുവരെയുള്ള നേട്ടങ്ങൾക്കൊക്കെ തുടക്കമായത്. നാസയുടെ നിരീക്ഷണ ശാലകളിൽ നിന്നുള്ള ശ്രോതസുകൾ ഉപയോഗിച്ചും ജ്യോതിശാസ്ത്ര വിവരങ്ങൾ വിശകലനം ചെയ്തും ഛിന്നഗ്രഹങ്ങളെ കണ്ടെത്താനുള്ള അവസരം തുറന്നു.
ദൂരദർശിനിയിലൂടെ ആകാശം നിരീക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ഓൺലൈൻ ഗവേഷണം. ലഭ്യമായ ജ്യോതിശാസ്ത്ര വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും ചലിക്കുന്ന ആകാശഗോളങ്ങളെ തിരിച്ചറിയുകയും അവയെക്കുറിച്ചുള്ള കണ്ടെത്തലുകൾ രേഖപ്പെടുത്തുകയും വേണം. ക്ഷമയും നിരീക്ഷണപാടവവും കൃത്യതയും ആവശ്യമായ മേഖലയിൽ പ്രായത്തേക്കാൾ പ്രധാനം പഠിക്കാനുള്ള സന്നദ്ധതയും ശാസ്ത്രീയ സമീപനവുമാണ്.
ചിന്നപ്പയ്യൻ കണ്ടെത്തിയ
ഛിന്നഗ്രഹങ്ങൾ
2024 ശ്രേയസിന്റെ ഗവേഷണജീവിതത്തിലെ നിർണായക വർഷമായി. ജെറ്റ്, സ്കൈ, ജി.എസ്.സി എന്നീ പേരുകളിട്ട് മൂന്ന് ഛിന്നഗ്രഹങ്ങളെ കണ്ടെത്തി. ഛിന്നഗ്രഹങ്ങൾ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന അംഗീകാരവും ശ്രേയസിന്റെ പേരിലായി. ഈ നേട്ടങ്ങൾ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിനും വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡിനും അർഹമാക്കി. ഇതുകൊണ്ടൊന്നും ശ്രേയസ് വെറുതെയിരുന്നില്ല. ഓരോ കണ്ടെത്തലുകളും തുടരന്വേഷണത്തിന്റെ വാതിലുകളായി. അംഗീകാരങ്ങൾക്കപ്പുറം കൂടുതൽ പഠിക്കാനും ഗവേഷണം തുടരാനുമുള്ള പ്രചോദനമായി. 2024 മുതൽ 2026 വരെയുള്ള കാലയളവിൽ ആകെ എട്ട് ഛിന്നഗ്രഹ ഗവേഷണ ഫലങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ആറ് പ്രാഥമിക കണ്ടെത്തലുകളും രണ്ട് താത്ക്കാലിക ഛിന്നഗ്രഹ കണ്ടെത്തലുകളും ഉൾപ്പെടുന്നു.
കളിക്കേണ്ട പ്രായത്തിൽ സി.ഇ.ഒ
കളിച്ചു നടക്കേണ്ട പ്രായത്തിൽ സ്വന്തമായൊരു കമ്പനി രൂപീകരിക്കുന്നതിനെപ്പറ്റി ആരെങ്കിലും ചിന്തിക്കുമോ? അതും ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ടത്. ലോകത്തുള്ള വിവിധ ശാസ്ത്രജ്ഞരുമായുള്ള ബന്ധമാണ് അത്തരമൊരു ചിന്തയ്ക്ക് വഴിതുറന്നത്. ഐ.എ.എസ്.സിയുടെ നിർദ്ദേശ പ്രകാരം യൂണിവേഴ്സൽ ഒബ്സർവേറ്ററി എയ്റോസ്പേസിന് (യു.ഒ.എ) തുടക്കമിടുമ്പോൾ ശ്രേയസിന് ആശങ്കകളേറെയുണ്ടായിരുന്നു. നോൺ പ്രൊഫിറ്റബിൾ കമ്പനിയുടെ സ്ഥാപക സി.ഇ.ഒയാകുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതിയും ശ്രേയസിനാണ്.
ഛിന്നഗ്രഹ തിരച്ചിൽ, ഗ്രഹസംരക്ഷണം, റോക്കറ്റ് മാതൃകകളുടെ നിർമാണം, ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകൾഭാഗത്തേക്കുള്ള ഗവേഷണ ദൗത്യങ്ങൾ എന്നിവയാണ് പ്രവർത്തനമേഖലകൾ. ബഹിരാകാശത്തെക്കുറിച്ചുള്ള പഠനവും നേട്ടവും കൂടുതൽ പേരിലേയ്ക്ക് എത്തിക്കുകയും കൂട്ടായ ഗവേഷണത്തിനുള്ള വേദിയൊരുക്കുകയുമാണ് ഈ സംരംഭത്തിന്റെ വിശാല സാദ്ധ്യത. ലോകമെമ്പാടുമുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകൾ, എൻജിനിയർമാർ, ഗവേഷകർ, ജ്യോതിശാസ്ത്രജ്ഞർ, വൈദഗ്ദ്ധ്യമുള്ള ബഹിരാകാശ പ്രേമികൾ എന്നിവർ ചേർന്ന് യഥാർത്ഥ എയ്റോസ്പേസ്, ശാസ്ത്രീയ പദ്ധതികളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണിത്. വിവിധ രാജ്യങ്ങളിലുള്ള പന്ത്രണ്ട് അംഗങ്ങളുണ്ട്.
'' നമ്മുടെ എയറോസ്പേസ് മേഖലയ്ക്ക് കരുത്ത് പകരണം. ഭാവി തലമുറയ്ക്ക് ഇതെല്ലാം ഉപയോഗിക്കാൻ കഴിയണം. അങ്ങനെ ഒരുപാട് ലക്ഷ്യം മുന്നിലുണ്ട്. നാസ പോലുള്ള സംഘടനകളുമായി ചേർന്നും സമാന ലക്ഷ്യമുള്ളവരുമായി കൈകോർത്തുമാണ് കമ്പനിയുടെ പ്രവർത്തനം.""ശ്രേയസ് പറയുന്നു. ബഹിരാകാശ ഗവേഷണങ്ങളുടെ ഭാഗമായി പ്രോജക്ടുകളും മറ്റ് വർക്കുകളും യു.ഒ.എയുടെ നേതൃത്വത്തിൽ നടക്കുന്നു. ഇന്ന് അസ്ട്രോണമിക്കൽ സെർച്ച് കൊളാബറേഷനുമായി ചേർന്നു പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച 10 കമ്പനികളിൽ ഒന്നാണ് ശ്രേയസിന്റെ യൂണിവേഴ്സൽ ഒബ്സർവേറ്ററി എയ്റോസ്പേസ്.
കുടുംബമെന്ന കരുത്ത്
അച്ഛൻ ഗിരീഷും അമ്മ ചിഞ്ചുവും മകന്റെ സ്വപ്നത്തിന്റെ പടവുകളുടെ ഉറച്ചതറകളാകുന്നു. നേട്ടത്തിൽ പ്രോത്സാഹനവും വീഴ്ച്ചകളിൽ ധൈര്യവുമാകുന്നു. വാനനിരീക്ഷണത്തിന് അത്യാധുനിക ദൂരദർശിനി വേണം. നാലു ലക്ഷം രൂപയാണ് ചെലവ്. തന്റെ സാമ്പത്തിക ചുറ്റുപാടിൽ ഇപ്പോൾ ഗിരീഷിന് ചിന്തിക്കാൻ പോലുമാവില്ലത്. പക്ഷേ, മകന്റെ പ്രയാണത്തിന് ഇന്ധനമാകാൻ അച്ഛന്റെ ബക്കറ്റ് ലിസ്റ്റിലെ പ്രഥമ പരിഗണനയാണത്. വാനനിരീക്ഷണത്തിന് പുറമേ ക്രിക്കറ്റും ബാഡ്മിന്റനും കളിക്കാനും വായിക്കാനും യാത്ര ചെയ്യാനുമൊക്കെ ശ്രേയസിന് ഇഷ്ടമാണ്.
ശാസ്ത്രജ്ഞനാകും
പത്ത് വയസ് പിന്നിട്ടപ്പോഴേ ശ്രേയസ് തന്റെ ലക്ഷ്യം ഉറപ്പാക്കി. ശാസ്ത്രജ്ഞനാവണം. '' നാസയിലോ, ഐ.എസ്.ആർ.ഒയിലോ ജോലി ചെയ്യും. നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും ബഹിരാകാശ രംഗത്തെ സാങ്കേതിക വിദ്യയും സാദ്ധ്യതകളും വർദ്ധിപ്പിക്കാനും ചെറു പങ്കെങ്കിലും വഹിക്കണം. മിഷൻ ഭാരത് എന്ന ദീർഘ ലക്ഷ്യവുമുണ്ട്. ബഹിരാകാശത്തേയ്ക്ക് പേ ലോഡ് എത്തിക്കാനുള്ള മിഷനാണ് ലക്ഷ്യം. ഇതിനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. മിഷൻ റാപ്റ്റർ, കാലാവസ്ഥാ നിരീക്ഷണം, ചെറു ഉപഗ്രഹ വിക്ഷേപണം അങ്ങനെ ഒരുപാട് ലക്ഷ്യങ്ങളിലൂടെയാണ് കമ്പനി മുന്നോട്ടു പോകുന്നത്.
പഠനത്തിനിടെ ഇതിനൊക്കെ എവിടെ സമയം? ചിരിയായിരുന്നു ഉത്തരം. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കളും അദ്ധ്യാപകരും ഒരുപോലെ ഉപദേശിക്കുന്നുണ്ട്. ''സിലബസ് അൽപ്പം പ്രയാസമാണ്. എത്ര കഷ്ടപ്പെട്ടും ഞാൻ ബഹിരാകാശ ശാസ്ത്രജ്ഞനാകും""-
കുഞ്ഞുനക്ഷത്രം പോലെ ശ്രേയസിന്റെ കണ്ണുകൾ തിളങ്ങി !
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |