
സ്നേഹത്തിന്റെ തണൽ വിരിച്ച്, ആകുലതകളുടെ കടലാഴങ്ങളിൽ നിന്ന് ആയിരങ്ങളെ ജീവിതത്തിന്റെ തീരത്തേക്ക് തിരികെയെത്തിച്ച ഡോക്ടർ. ഔഷധങ്ങൾക്കുമപ്പുറം ഹൃദയത്തിൽത്തൊട്ട വാക്കുകളാൽ, മനഃശാസ്ത്ര മന്ത്രങ്ങളാൽ ജീവിതത്തിന്റെ താളം പിഴച്ച മനുഷ്യരുടെ മനസിലേക്ക് പ്രതീക്ഷയുടെ വെളിച്ചം പകർന്ന ഒരത്ഭുതമാണ് ഡോ.സാഗർ.ടി.തേവലപ്പുറം. സ്റ്റേജിൽ പാടാൻ ഭയന്ന ഗായകന്റെ സ്വരസ്ഥാനങ്ങൾ ഉറപ്പിച്ചതും, അറ്റുപോയ ജീവിതങ്ങളെ കൂട്ടിവിളക്കി കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ പുഞ്ചിരികൾ സമ്മാനിച്ചതുമൊക്കെ അസാധാരണ ആതുരസേവന സിദ്ധിയുടെ ഏടുകളിൽ ഏറെയുണ്ട്. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന് വികസനത്തിന്റെ പുതുവഴികൾ വെട്ടിയ കർമ്മയോഗിയാണ്. തെരുവിന്റെ തണലിൽ കഴിയുന്നവർക്ക് സ്നേഹക്കൂടൊരുക്കിയും കൊല്ലത്തിന്റെ മണ്ണിൽ 'മനസോട് കൊല്ലം" പദ്ധതിയിലൂടെ ആത്മഹത്യകൾക്കെതിരെ ബോധവത്കരണ പ്രതിരോധ മതിൽ തീർത്തും തന്റെ സമർപ്പിത സേവനം അദ്ദേഹം തുടരുന്നു. നിലവിൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന പ്രസിഡന്റും പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സീനിയർ സൈക്യാട്രിക് കൺസൾട്ടന്റുമായ ഡോ. സാഗർ.ടി.തേവലപ്പുറം ആതുര സേവന രംഗത്ത് മായ്ച്ചുകളയാനാകാത്ത കൈയൊപ്പാണ്...
ഒരിക്കൽ സിനിമാതാരവും പ്രസിദ്ധനായ ഒരു ഗായകനും ഡോ. സാഗർ ടി.തേവലപ്പുറത്തെ കാണാനെത്തി. സിനിമാതാരം തന്റെ സുഹൃത്തായ ഗായകന്റെ പ്രശ്നങ്ങൾ പറഞ്ഞു. നാട്ടിലും വിദേശത്തും തുടർച്ചയായി സ്റ്റേജ് ഷോകൾ ചെയ്ത് ആസ്വാദകരെ ഇളക്കിമറിച്ചിരുന്നയാളാണ് ഒപ്പമുള്ള ഗായകൻ. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് സ്റ്റേജിൽ കയറാൻ ഭയമാണ്. ബുക്ക് ചെയ്തിരുന്ന പരിപാടികളെല്ലാം റദ്ദാക്കി. അതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. ഡോ. സാഗർ ടി. തേവലപ്പുറം കുറച്ചു നേരം ഗായകനുമായി ഒറ്റയ്ക്ക് സംസാരിച്ചു.ചില മരുന്നുകൾ നൽകി. വീണ്ടും മൂന്ന് തവണ കൂടി ആ ഗായകൻ ഡോക്ടറെ കാണാൻ വന്നു. ഓരോ തവണ വരുമ്പോഴും ഗായകനുമായി ഡോ. സാഗർ ടി. തേവലപ്പുറം ഏറെ നേരം സംസാരിച്ച് മനസിന്റെ സ്വരസ്ഥാനങ്ങൾ കൃത്യമായി ഉറപ്പിച്ചു. ആഴ്ചകൾക്കുള്ളിൽ ആ ഗായകൻ വീണ്ടും സ്റ്റേജിലേക്ക് മടങ്ങി. ഇപ്പോൾ പഴയത് പോലെ പാടിത്തിമിർത്ത് ആസ്വാദകരെ ഇളക്കിമറിക്കുകയാണ്. ഇങ്ങനെ മനസിന്റെ താളം തെറ്റിയ ആയിരക്കണക്കിന് പേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഹൃദയത്തിൽ ദൈവത്തിന്റെ വിരൽ സ്പർശമുള്ള സൈക്യാട്രിസ്റ്റാണ് ഡോ. സാഗർ ടി. തേവലപ്പുറം.
ഏതാനും വർഷം മുമ്പ്ഒരു സുഹൃത്ത് ഭാര്യയ്ക്കൊപ്പം ഡോ. സാഗർ ടി തേവലപ്പുറത്തിന് മുന്നിലെത്തി. മദ്യപാനത്തിന് അടിമയായ സുഹൃത്ത് ഭാര്യയുമായി വേർപിരിയുന്നതിന്റെ വക്കിലായിരുന്നു. കിട്ടുന്ന പണമെല്ലാം കുടിച്ചു തീർക്കുകയാണ്. മക്കളെ നോക്കില്ല. വീട്ടിൽ എന്നും അടിയും വഴക്കുമാണ്. ബന്ധുക്കളെല്ലാം യുവതിയെ വേർപിരിയലിന് നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ സന്മനസുള്ള യുവതി ഭർത്താവിന് ഒരവസരം കൂടി നൽകി. അങ്ങനെയാണ് അവർ ഇരുവരും ഡോ. സാഗർ ടി.തേവലപ്പുറത്തിന് മുന്നിലെത്തിയത്. യുവതി കരഞ്ഞുകൊണ്ട് സങ്കടങ്ങൾ പറഞ്ഞു. അതുകേട്ട് ഭർത്താവ് തല കുനിച്ചിരുന്നു. ഒടുവിൽ അയാൾ ഡോക്ടറോട് പറഞ്ഞു. 'എനിക്ക് മദ്യപാനം നിറുത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ കഴിയുന്നില്ല'- അപ്പോൾ ഡോ. സാഗർ പറഞ്ഞു, ആ മനസ് മാത്രം മതി. അദ്ദേഹം സുഹൃത്തുമായി സംസാരിച്ച് മനസിലേക്ക് ആഴ്ന്നിറങ്ങി. മനസിന്റെ ആഴങ്ങളിൽ മനഃശാസ്ത്ര തന്ത്രങ്ങൾ കൊണ്ട് ശസ്ത്രക്രിയ നടത്തി. മദ്യപാനത്തോടുള്ള ആസക്തിയെ പലപ്പോഴായി പിഴുതെടുത്ത്, പകരം സ്വപ്നങ്ങളും പ്രതീക്ഷകളും നിറച്ചു. അയാൾ ആഴ്ചകൾക്കുള്ളിൽ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തികമായി ഉയർന്നു.
വർഷങ്ങൾക്ക് ശേഷം ഒരു സുഹൃദ്വേദിയിൽ അയാൾ ഡോ. സാഗർ ടി തേവലപ്പുറത്തെ ചൂണ്ടി പറഞ്ഞു. ഞാൻ നേരിൽ കണ്ട ദൈവമാണ് ഡോ. സാഗർ. അദ്ദേഹത്തെ കണ്ടില്ലായിരുന്നെങ്കിൽ, എന്റെ കുടുംബം എന്നെ എന്നേ ഉപേക്ഷിച്ചേനേ. മക്കൾക്ക് മുന്നിൽ വെറുക്കപ്പെട്ടവനായി ഞാൻ ആത്മഹത്യയിൽ അഭയം പ്രാപിച്ചേനേ. ഇങ്ങനെ മനസിന്റെ താളം തെറ്റിയും ലഹരിക്ക് അടിമപ്പെട്ടും ആത്മഹത്യയുടെ വക്കിലെത്തിയ എത്രയോ പേരെയാണ് ഡോ. സാഗർ.ടി തേവലപ്പുറം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുള്ളത്. അതിന് എത്രയോ കുടുംബങ്ങളാണ് അദ്ദേഹത്തോട് കടപ്പെട്ടിട്ടുള്ളത്. ഒരുപാട് കുടുംബങ്ങളാണ് നന്ദിപൂർവ്വം അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നത്. ഇങ്ങനെ ആത്മസമർപ്പണത്തിലൂടെ ആതുരസേവന രംഗത്ത് ആകാശത്തോളം ഉയർന്നു നിൽക്കുന്ന സെക്യാട്രിസ്റ്റാണ് ഡോ. സാഗർ ടി. തേവലപ്പുറം. സ്കീസോഫ്രീനിയ, ഡിപ്രഷൻ, ബൈ പോളാർ ഡിസോർഡർ, അമിത ലഹരി ഉപയോഗം, ഉത്കണ്ഠ, പാനിക് ഡിസോർഡർ, ഫോബിയ, ഒ.സി.ഡി, കുട്ടികളിൽ കാണുന്ന എ.ഡി.എച്ച്.ഡി (ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ), ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡർ അടക്കമുള്ള വിവിധ മാനസിക പ്രശ്നങ്ങളുടെ ചികിത്സയിൽ അതിവിദഗ്ദ്ധനാണ് അദ്ദേഹം.
സക്രിയതയുടെ പര്യായം
സക്രിയതയുടെ പര്യായം കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സീനിയർ സൈക്യാട്രിക് കൺസൾട്ടന്റായ ഡോ. സാഗർ ടി തേവലപ്പുറം. കേന്ദ്ര സർക്കാരിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടി പരീക്ഷണാർത്ഥം കേരളത്തിൽ ആദ്യമായി 1999ൽ തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കിയത്. ഡോ. എസ്. വിജയചന്ദ്രനായിരുന്നു നോഡൽ ഓഫീസർ. പദ്ധതിയിലെ സെക്യാട്രിസ്റ്റ് എതാനും മാസത്തിന് ശേഷം അവധിയിൽ പോയപ്പോൾ ചുമതല ഡോ. സാഗർ ടി. തേവലപ്പുറത്തിന് ലഭിച്ചു. ആ ചുമതലയിൽ നാലരവർഷത്തോളം തുടർന്നു. പിന്നീട് രണ്ട് വർഷത്തോളം പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറായി.
ഡോ. എസ്.കെ. വിജയചന്ദ്രൻ, ഡോ. കെ. ഗിരീഷ് , ഡോ. അരുൺ, ഡോ. പ്രതാപചന്ദ്രൻ, ഡോ. വിനോദ് മുത്തിക്കാവ്, ഡോ. കിരൺ.പി.എസ് തുടങ്ങിയവർക്കൊപ്പം സമർപ്പിത മനസോടെയുള്ള ഡോ. സാഗർ. ടി. തേവലപ്പുറത്തിന്റെ പ്രവർത്തനത്തിൽ ജില്ലാ മാനസികാരോഗ്യ പദ്ധതി പരിപാടി വൻ വിജയമായി. പദ്ധതി വിലയിരുത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച നിംഹാൻസ് ഡയറക്ടർ പ്രൊഫ. നാഗരാജ്, ഡോ. മാത്യു വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റവും മികച്ച പദ്ധതി നടത്തിപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ തിരഞ്ഞെടുത്തു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ലോകാരോഗ്യ സംഘടന മെന്റൽ ഹെൽത്ത് പ്രോഗ്രാമുകളെക്കുറിച്ച് നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ബെസ്റ്റ് പ്രാക്ടീസ് മോഡലായി തിരുവനന്തപുരത്തെ ജില്ലാ മാനസികാരോഗ്യ പദ്ധതിയെ തിരഞ്ഞെടുത്തു. ആ സമയം തിരുവനന്തപുരം ജില്ലയിലെ നോഡൽ ഓഫീസറായിരുന്നു ഡോ. സാഗർ. കേന്ദ്ര സർക്കാർ ഫണ്ട് തീർന്നിട്ടും ഭംഗിയായി പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. പരിശോധന റിപ്പോർട്ട് അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ' ഇൻർഗ്രേറ്റിംഗ് മെന്റൽ ഹെൽത്ത് ഇന്റു പ്രൈമറി കെയർ- എ ഗ്ലോബൽ പെർസ്പെക്ടീവ്' എന്ന പുസ്തകത്തിൽ ഒരു അദ്ധ്യായം തിരുവനന്തപുരത്തെ പദ്ധതിയെക്കുറിച്ചായിരുന്നു. ഡോ. സാഗർ കൂടി ചേർന്നാണ് എഴുതിയത്.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ ജനകീയമാക്കി
തിരുവനന്തപുരം പേരൂർക്കട മെന്റൽ ഹെൽത്ത് സെന്ററിനെ ജനകീയമാക്കുന്നതിൽ മറ്റ് പല പ്രമുഖർക്കുമൊപ്പം നിർണായകമായ പങ്ക് ഡോ. സാഗർ ടി തേവലപ്പുറം വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം മാനിസാരോഗ്യ കേന്ദ്രത്തിൽ ഡോ.എസ്.കെ. വിജയചന്ദ്രൻ, ഡോ. സുഭാഷ്, ഡോ. രാമചന്ദ്രൻ പിള്ള, ഡോ. ആർ. ജയകുമാർ തുടങ്ങിയ പ്രഗത്ഭമതികൾക്കൊപ്പം അസിസ്റ്റന്റായി പ്രവർത്തിച്ചു. പ്രസിദ്ധ മാനസികാരോഗ്യ വിദഗ്ദ്ധരായ ഡോ. എസ്. ജയറാം, ഡോ. അബ്ദുൽ ബാരി എന്നിവർ തിരുവനനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സൂപ്രണ്ടായിരിക്കെ 2004 മുതൽ 2008 വരെ ഡോ. സാഗർ.ടി തേവലപ്പുറം ആർ.എം,ഒ ആയിരുന്നു. കൺസൾട്ടന്റായി പ്രവർത്തിക്കവേ 2016ൽ സൂപ്രണ്ടിന്റെ അധിക ചുമതല ലഭിച്ചു. എട്ട് തവണ സൂപ്രണ്ടിന്റെ അധിക ചുമതല വഹിച്ചു. ഒരു തവണ രണ്ടു വർഷത്തിലേറെ സൂപ്രണ്ടായിരുന്നു. അക്കാലത്ത് നിർണായകമായ പല കാര്യങ്ങളും ചെയ്തു.
1870ൽ ആരംഭിച്ച ആശുപത്രി പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം 150 വർഷം പൂർത്തിയായ ഘട്ടമായിരുന്നു അത്. ഡി.എം.ഒ, ഡി.എച്ച്.എസ്, മന്ത്രി എന്നിവരുമായി ആലോചിച്ച് ആശുപത്രിയുടെ കാലോചിതമായ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള ശ്രമം തുടങ്ങി. അന്ന് കെ.കെ. ശൈലജ ആരോഗ്യമന്ത്രിയും രാജീവ് സദാനന്ദൻ ഐ.എ.എസ് ഹെൽത്ത് അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്നു. നൂറ് കോടി രൂപയെങ്കിലും ചെലവിട്ടാലെ കാലത്തിനൊത്ത നവീകരണം സാദ്ധ്യമാകുവെന്ന് പറഞ്ഞ് ശൈലജ പിന്തുണ നൽകി. കിറ്റ്കോയെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത്, ബംഗളുരുവിലെ നിംഹാൻസ്, ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസ് തുടങ്ങിയ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. അവിടങ്ങളിൽ നിന്ന് ലഭിച്ച അറിവുകൾ ആധാരമാക്കി കിറ്റ്കോയുമായി ചർച്ച നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഡോ. ദിനേഷ് ഉൾപ്പടെയുള്ള സഹപ്രവർത്തകർ വലിയ പിന്തുണ നൽകി.
നടക്കാത്ത സ്വപ്നം
തിരുവനനന്തപുരം മെന്റൽ ഹെൽത്ത് സെന്ററിന്റെ പേര് അവിടത്തെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ തരത്തിൽ മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ആക്കണമെന്ന ഡോ. സാഗർ ടി.തേവലപ്പുറത്തിന്റെ സ്വപ്നം ഇനിയും നടപ്പായിട്ടില്ല.
ആശുപത്രിയെ ഉന്നത നിലവാരത്തിൽ ഉയർത്തുന്നതിന് തന്റേതായ പങ്ക് എങ്ങനെ വഹിക്കാമെന്ന ചിന്തയിലാണ് നൽകുന്ന സേവനം ദ്യോതിപ്പിക്കുന്ന തരത്തിലുള്ള പേര് മാറ്റമെന്ന സ്വപ്നം ഡോ. സാഗർ.ടി തേവലപ്പുറത്തിന്റെ മനസിൽ വന്നത്. 1870ൽ ആരംഭിച്ചപ്പോൾ മെന്റൽ അസൈലം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ലോകത്തുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് മെന്റൽ ഹെൽത്ത് സെന്ററർ എന്നും പേരുമാറി. 300 ഓളം ഒ.പി, ഡീ അഡിക്ഷൻ സെന്ററർ അടക്കം 531 കിടക്കകളുള്ള കേന്ദ്രം. ഡി.എൻ.ബി. സൈക്യാട്രി പരിശീലനം, എം.ഡി. സൈക്യാട്രി വിദ്യാർത്ഥികൾ, ബി.എസ്സി, എം.എസ് സി നഴ്സിംഗ് വിദ്യാർത്ഥികൾ, ക്ലിനിക്കൽ സൈക്കോളജി വിദ്യാർത്ഥികൾ, എന്നിവർ പരിശീലനവും ഗവേഷണവും നടത്തുന്ന കേന്ദ്രം അതുകൊണ്ട് മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ എന്ന് പേര് മാറ്റണമെന്ന നിർദേശം അദ്ദേഹം ആശുപത്രി വികസന സമിതിക്ക് മുന്നിൽ വച്ചു. ആശുപത്രി വികസന സമിതിയും അന്നത്തെ സ്ഥലം എം.എൽ.എ കെ. മുരളീധരനും ആശുപത്രി സന്ദർശിച്ച വി.എസ്.അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കാര കമ്മിഷനും ജില്ലാ ജഡ്ജി അദ്ധ്യക്ഷനും സുഗതകുമാരി ടീച്ചർ അംഗവുമായ മോണിട്ടറിംഗ് കമ്മിറ്റിയും ആരോഗ്യമന്ത്രിയും അനുകൂല നിലപാട് സ്വീകരിച്ചു. നിയമസഭ അഷ്വറൻസ് കമ്മിറ്റിയും ഇതേ നിർദേശം സമർപ്പിച്ചു. ആശുപത്രിയിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ പേരുമാറ്റത്തിനുള്ള നിർദേശം മന്ത്രി പ്രഖ്യാപിച്ചെങ്കിലും പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല.
പി.ജി പഠനം സമ്മാനിച്ച
പൊതുജനാരോഗ്യ അവബോധം
ഡോ. സാഗർ, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് കോഴ്സ് വിജയകരമായി പൂർത്തിയാക്കി. അത് വീക്ഷണത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. പൊതുജനാരോഗ്യ വിദഗ്ദ്ധൻ കൂടിയായി മാറി. ദിശാബോധത്തോടെ ഒരു സ്ഥാപനം എങ്ങനെ നടത്തണമെന്ന കാഴ്ചപ്പാട് ലഭിച്ചു. അത് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ മേൽനോട്ടത്തിന് വലിയ സഹായമായി. തയ്യാറാക്കുന്ന പദ്ധതികളിൽ ജനപക്ഷ ചിന്ത ആഴത്തിൽ കടന്നുകൂടി.
മാനസികനില തെറ്റി തെരുവിൽ അലഞ്ഞുനടക്കുന്നവരെ ചികിത്സിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പുനരധിവസിപ്പിക്കുന്ന 'ഹോം എവേ ഫ്രം ഹോം' സ്നേഹക്കൂട് എന്ന പദ്ധതി ബാനിയൻ എന്ന സംഘടനയുടെ പിന്തുണയോടെ തിരുവനന്തപുരം മെന്റൽ ഹെൽത്ത് സെന്ററിൽ നടപ്പാക്കി. മാനസികരോഗത്തിൽ നിന്ന് മുക്തി നേടുന്നവരെ പ്രത്യേക വീടുകളിലേക്ക് കൊണ്ടുപോയി. തൊഴിൽ പരിശീലനം നൽകി ബന്ധുക്കളെ കണ്ടെത്തി എൽപ്പിക്കുന്നതായിരുന്നു പദ്ധതി. നിരവധി പേരുടെ ജീവിതങ്ങളിൽ ആ പദ്ധതിയിലൂടെ നിറങ്ങൾ നിറഞ്ഞു. ദീർഘകാല മാനസിക രോഗം ഉള്ളവരുടെ പുനരധിവാസം ജീവിതദൗത്യമായാണ് ഡോ. സാഗർ.ടി തേവലപ്പുറം കാണുന്നത്.
സംഘാടകൻ
ഉജ്ജ്വലനായ സംഘാടകൻ കൂടിയാണ് ഡോ. സാഗർ ടി.തേവലപ്പുറം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് ശാഖ സെക്രട്ടറി യും പ്രസിഡന്റുമായിരുന്നു. തിരുവന്തപുരത്തെ സൈക്യാട്രിസ്റ്റുമാരുടെ സംഘടനയായ വേണാട് ഗിൽഡ് ഒഫ് സൈക്യാടിസ്റ്റിന്റെ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ്, രണ്ട് വർഷക്കാലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. അക്കാലത്ത് ഇന്ത്യൻ സൈക്യാടിസ്റ്റ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വച്ച് ഭംഗിയായി സംഘടപ്പിച്ചു. പിന്നീട് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി. ഇപ്പോൾ ഐ. പി. എസ് സംസ്ഥാന പ്രസിഡന്റാണ്.
മനസിന്റെ മാത്രമല്ല, സംഘടനാ പ്രവർത്തനത്തിന്റെ രസതന്ത്രവും ഡോ. സാഗറിന് നന്നായി അറിയാം. അദ്ദേഹം നിരന്തരം ക്യാമ്പയിനുകൾ സംഘടിപ്പിച്ച് സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കുകയാണ്. കേരളത്തിലെ മാനസികാരോഗ്യ മേഖലയുടെ ചരിത്രം സംഘടനയുടെ നേതൃത്വത്തിൽ തയ്യാറാക്കുകയാണ്. 'മെൻഡ് യുവർ മൈൻഡ് - മെന്റൽ ഹെൽത്ത് മാറ്റേഴ്സ്' എന്ന പേരിൽ ബോധവത്കരണ പരിപാടിക്ക് രൂപം നൽകി. സുസ്മിതം എന്ന പേരിലുള്ള ആ പദ്ധതി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ സെപ്തംബർ 10 ന് ഉദ്ഘാടനം ചെയ്തു. ജോലിയിലെ സമ്മർദ്ദം മൂലം ഡോക്ടർമാർക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐ.എം.എ, യു.കെയിലുള്ള ഡോ.എൻ.ആർ.അരുൺ കിഷോറിന്റെ നേതൃത്വത്തിലുള്ള ആശ (ASHA) എന്നീ സംഘടനകളുമായി ചേർന്നുള്ള ഇടപെടൽ ആലോചനയിലാണ്.
കേരളത്തിലെ എല്ലാ സൈക്യാട്രിസ്റ്റുമാരെയും സംഘടനയിൽ അംഗങ്ങളാക്കാനും നിലവിൽ ഇല്ലാത്തജില്ലകളിലും സെക്യാട്രിസ്റ്റുമാരുടെ ഗിൽഡ് ആരംഭിക്കാനുമുള്ള ശ്രമവും നടക്കുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിയിലാകുന്നവർക്ക് ലഹരിയില്ലാത്ത ജീവിതം സാദ്ധ്യമാക്കാനുള്ള പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിക്കുന്നു. 2017ലെ മെന്റൽ ഹെൽത്ത് കെയർ ആക്ടിന്റെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ നയം പുനരാവിഷ്കരിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്തിടെ ചർച്ച നടത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. വർദ്ധിക്കുന്ന ആത്മഹത്യ, ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നം, മാനസിരോഗത്തോടുള്ള സ്റ്റിഗ്മ എന്നിവ പരിഹരിക്കുന്നതിന് സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചുള്ള ക്യാമ്പയിൻ ആലോചനയിലുണ്ട്.
പഠനത്തിൽ സമർത്ഥൻ
ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥനായ ഡി. തങ്കച്ചന്റെയും പി.എം. ഗ്രേസിയുടെയും മകനായാണ് ജനനം. തേവലപ്പുറം ഗവ. എൽ.പി.എസ്, തേവലപ്പുറം യു.പി.എസ് എന്നിവിടങ്ങളിലെ പഠന ശേഷം വെണ്ടാർ ശ്രീ. വിദ്യാധിരാജ മോഡൽ എച്ച്.എസ്.എസിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. എട്ടിലും ഒൻപതിലും ക്ലാസ് ടോപ്പറായിരുന്നു. സ്കൂൾ പഠനകാലത്ത് കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. പത്താം ക്ലാസിൽ 529 മാർക്ക് നേടി വിജയിച്ചു. സ്കൂളിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു. തുടർന്ന് പ്രീഡിഗ്രിക്ക് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ചേർന്നു. മികച്ച നിലയിൽ 745 മാർക്കോടെ പ്രീഡിഗ്രി പാസായി.സ്കൂൾ കാലത്ത് യുറേക്ക തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്ത് അഭിനയിച്ചു. കോളേജ് കാലത്ത് അനിൽ ജോർജുമൊത്ത് കൽത്തുറങ്കിൽ നിന്ന് എന്ന നാടകത്തിൽ അഭിനയിച്ചു.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസും സൈക്കോളജിക്കൽ മെഡിസിനിൽ പി.ജിയും എടുത്തു. സുഹൃത്തായ ഡോ.സജുവുമായി ചേർന്ന് നെടുമങ്ങാട് പ്രിയ എന്ന പേരിൽ ആശുപത്രി നടത്തി. വിവിധ ആശുപത്രികളിൽ സൈക്യാട്രിസ്റ്റായി പ്രാക്ടീസ് ചെയ്തു. പിന്നീട് സർക്കാർ സർവീസിൽ പ്രവേശിച്ചു. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം ജനറൽ ആശുപത്രി, കോട്ടയം പാല താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി,പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ സൈക്യാട്രിസ്റ്റായി പ്രവർത്തിച്ചു. സാമൂഹ്യ, സാംസ്കാരിക, പൊതു മണ്ഡലങ്ങളിലും സജീവമാണ്.
കുടുംബം
തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിൽ 'അഭിആദർശി'ലാണ് താമസം. അടൂർ ഗവ. ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് സർജൻ ഡോ. സി.എം. ശോബയാണ് ഭാര്യ. മൂത്തമകൻ അഭിനവ് സാഗർ യു.ഐ.ടിയിൽ ബി.സി.എ വിദ്യാർത്ഥിയാണ്. ഇളയമകൻ ആദർശ് സാഗർ, ബാച്ച ്ലർ ഒഫ് ഡിസൈൻ വിദ്യാർത്ഥിയാണ്. റോമി ലാലു, പരേതരായ ഡോ. സന്തോഷ്, സാജൻ എന്നിവർ സഹോദരങ്ങൾ.
അത്മഹത്യക്കെതിരെ പോരാട്ടം
2022ൽ ഡോ. സാഗർ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറി. കൊല്ലം ജില്ലയിലും ഡിസ്ട്രിക് മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ നോഡൽ ഓഫീസറായി പ്രവർത്തിച്ചു. സംസ്ഥാനത്ത് ആത്മഹത്യയിൽ മുന്നിൽ കൊല്ലം ജില്ലയാണെന്ന റിപ്പോർട്ടുകൾ തുടർച്ചയായി വരുന്ന ഘട്ടമായിരുന്നു അത്. കൊല്ലത്തെ ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ ഡി.എം.ഒയുടെ പിന്തുണയോടെ കളക്ടർ എൻ. ദേവീദാസിന്റെ നേതൃത്വത്തിൽ 'മനസോടെ കൊല്ലം" എന്ന പദ്ധതി ആരംഭിച്ചപ്പോൾ മുഖ്യ പങ്കു വഹിച്ചു. ജില്ലയാകെ സഞ്ചരിച്ച് ആത്മഹത്യക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അതിന് പിന്തുണ നൽകിയ കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ ഇപ്പോഴത്തെ പ്രിൻസിപ്പൽ ഡോ. പി.എസ്. ഇന്ദു പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഐ.സി.എം.ആർ ഫണ്ടോടെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി പ്രത്യേക ആത്മഹത്യ പ്രതിരോധ പ്രോജക്ട് നടപ്പാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |