
ടെൽ അവീവ്: ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ 97% വോട്ടെണ്ണൽ പൂർത്തിയായിട്ടും 120 അംഗ പാർലമെന്റിൽ (നെസെറ്റ്) കേവല ഭൂരിപക്ഷമായ 61 സീറ്റ് നേടാൻ ആർക്കുമായില്ല. വോട്ടെണ്ണൽ ഇന്ന് പൂർത്തിയാകും. 53 സീറ്റെന്ന നിലയിൽ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യം മുന്നിലുണ്ട്. യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും. 19 സീറ്റുനേടി അറബ് പാർട്ടികളാണ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയത്.
അധികാരം നിലനിറുത്താൻ നെതന്യാഹുവിനും ഭരണം പിടിക്കാൻ ഐസൻകോട്ടിനും പുറത്തുനിന്നുള്ള പിന്തുണ ആവശ്യമാണ്. അറബ് പാർട്ടികൾ പുറത്തുനിന്ന് പിന്തുണയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഐസൻകോട്ട് പ്രതികരിച്ചിട്ടില്ല. നെതന്യാഹു അറബുമായി സഹകരിക്കില്ല. തീരുമാനമായില്ലെങ്കിൽ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകും.
ഇതിനിടെ, തിരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളുടെ വഴിവിട്ട ഇടപെടലുണ്ടായെന്ന ആരോപണത്തിൽ അന്വേഷണ്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. അറബ് വംശജരായ പൗരൻമാരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന സംഘടനകൾക്ക് വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന സംശയത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. അറബ് പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ പ്രവർത്തിച്ച ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം നൽകിയത് ഖത്തറും തുർക്കിയുമാണെന്ന് നെതന്യാഹു ആരോപിക്കുന്നു. ഖത്തർ നിഷേധിച്ചിട്ടുണ്ട്.
അറബുമായി ചേരാൻ ഡെമോക്രാറ്റ്സ്
നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അറബ് പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇടതുപക്ഷ നേതാവ് യെയർ ഗോലാൻ. ഗോലാന്റെ 'ഡെമോക്രാറ്റ്സ് " പാർട്ടി 8 സീറ്റുകൾ നേടി.
സർക്കാർ രൂപീകരണത്തിന്റെ സാദ്ധ്യതകൾ
1. മറുകണ്ടം ചാടിക്കൽ: പ്രതിപക്ഷത്തുള്ള ചെറുകക്ഷികളെയോ മത യാഥാസ്ഥിതിക കക്ഷികളെയോ കൂടെനിറുത്തി ഭൂരിപക്ഷമായ 61 തികയ്ക്കാൻ നെതന്യാഹുവിന് ശ്രമിക്കാം
2. അറബ് പിന്തുണയോടെ പ്രതിപക്ഷ ഭരണം: നെതന്യാഹുവിനെ പുറത്താക്കാൻ അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിച്ച് ഐസൻകോട്ടിന്റെ സർക്കാർ
3. ദേശീയ സഖ്യ സർക്കാർ: നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ഐസൻകോട്ടിന്റെ യാഷ് അതീദും ചേർന്ന് ഒരു പൊതു സർക്കാർ രൂപീകരണം (വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ജനവിരുദ്ധമായ നീക്കത്തെ പ്രതിപക്ഷ അണികൾ എതിർക്കുന്നു).
4. വീണ്ടും ഒരു തിരഞ്ഞെടുപ്പ്: ഒരു മുന്നണിക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ വന്നാൽ രാജ്യം വീണ്ടും മറ്റൊരു പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |