SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

സ്വന്തം തിരക്കഥയിൽ ഹീറോ ആയി സ്റ്റാലിൻ

nn

ലോക്‌സഭാ മണ്ഡ‌ല പുനർനിർണയ വിഷയത്തിലാണ് സ്റ്റാലിൻ തെന്നിന്ത്യൻ പടനായകനായി മാറിയതെങ്കിലും തുടർന്നങ്ങോട്ട് കേന്ദ്ര സർക്കാരിനെതിരെയുള്ള പടപ്പുറപ്പാടിന്റെ നായക സ്ഥാനം കൂടി സ്റ്റാലിൻ ലക്ഷ്യമിടുന്നുണ്ട്

.....................

കേരളത്തിൽ പരസ്പര വൈരികളാണെങ്കിലും പുറത്ത് കോൺഗ്രസും ഇടതു പാർട്ടികളും 'ഇന്ത്യ" മുന്നണിയുടെ ഭാഗമാണ്. എന്നാൽ തെലങ്കാനയിൽ പരസ്പരം എതിർക്കുന്നവരാണ് ബി.ആർ.എസും കോൺഗ്രസും. ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും സൗഹൃദമില്ലാത്ത പാർട്ടികളുടെ നേതാക്കളെ വരെ സംയുക്ത കർമ്മ സമിതി (ജെ.എ.സി) യോഗത്തിൽ തന്റെ ചുറ്റുമിരുത്തിയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ചത്. ലോക്‌സഭാ മണ്ഡ‌ല പുനർനിർണയ വിഷയത്തിലാണ് സ്റ്റാലിൻ തെന്നിന്ത്യൻ പടനായകനായി മാറിയതെങ്കിലും തുടർന്നങ്ങോട്ട് കേന്ദ്ര സർക്കാരിനെതിരെയുള്ള പടപ്പുറപ്പാടിന്റെ നായക സ്ഥാനം കൂടി സ്റ്റാലിൻ ലക്ഷ്യമിടുന്നുണ്ട്.

ഹിന്ദി വിരുദ്ധ നിലപാട് കടുപ്പിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ നിലകൊണ്ടപ്പോൾ സ്വന്തം സംസ്ഥാനത്ത് പിന്തുണ ഏറിയെങ്കിൽ ഇപ്പോൾ, ദക്ഷിണേന്ത്യയുടെ മുഴുവൻ ആവശ്യമാണ് സ്റ്റാലിൻ മുന്നോട്ടു വയ്ക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മാൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയപ്പോൾ ബിജു ജനതാദൾ നേതാവ് നവീൻ പട്നായിക് ഓൺലൈനായി പങ്കെടുത്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പൊതുവിൽ ബാധിക്കാവുന്ന വിഷയത്തിൽ ആദ്യ പ്രതിഷേധം ഉയർത്തുക മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളെ അണിനിരത്താനും സ്റ്റാലിനു കഴിഞ്ഞു. 'ടാസ്‌മാക്ക്" അഴിമതി ആരോപണത്തിൽ തമിഴ്നാട്ടിലെ പ്രതിപക്ഷം സ്റ്റാലിൻ സർക്കാരിനെതിരെ ആരോപണം ഉയർത്തിവിട്ട് ദിവസങ്ങൾക്കു ശേഷമായിരുന്നു കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധ സംഗമം.

സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കും പി.സി.സി അദ്ധ്യക്ഷന്മാർക്കും എ.ഐ.സി.സി അനുമതി നൽകിയത് സമ്മേളനത്തലേന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു. യോഗത്തിൽ ഹിന്ദി വിരുദ്ധ വികാരം ഉണ്ടായാൽ അത് ഉത്തരേന്ത്യയിലെ കോൺഗ്രസിന് ക്ഷീണമാകുമെന്ന ഭയമായിരുന്നു പിന്നിൽ. 'ഇന്ത്യ" മുന്നണിയിൽ കോൺഗ്രസ് കഴിഞ്ഞാൽ എസ്.പി. തൃണമൂൽ കോൺഗ്രസ് എന്നിവർക്കു ശേഷം ലോക്‌സഭ അംഗബലത്തിൽ നാലാം സ്ഥാനമാണ് ഡി.എം.കെയ്ക്ക്. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയില്ല.

ജനസംഖ്യ നിയന്ത്രിക്കുന്നതിൽ വിജയിച്ച സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം തിരിച്ചടിയാകുമെന്നാണ് തമിഴ്നാടിന്റെ പ്രധാനവാദം. പശ്ചിമബംഗാളിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ വിജയം കണ്ട സംസ്ഥാനമല്ല. മാത്രമല്ല,​ 'ഇന്ത്യ" മുന്നണിയുമായി കുറച്ചുകാലമായി മമത അകലം പാലിക്കുകയാണ്. ദക്ഷിണേന്ത്യയിലെ എൻ.ഡി.എ ഇതരപാർട്ടികളെയെല്ലാം ചെന്നൈയിൽ എത്തിക്കാനായിരുന്നു സ്റ്റാലിൻ ലക്ഷ്യമിട്ടത്. എന്നാൽ ആന്ധ്രയിലെ പ്രധാന പ്രതിപക്ഷമായ വൈ.എസ്.ആർ.സി.പി നേതാക്കളാരും യോഗത്തിൽ എത്തിയില്ല. നിലവിൽ ഒരു മുന്നണിയുടെയും ഭാഗമല്ല വൈ.എസ്.ആർ കോൺഗ്രസ്.

നയതന്ത്ര

ചർച്ചകൾ

ചെന്നൈയിലെ സംയുക്ത കർമ്മ സമിതി യോഗത്തിനെത്തിയ പ്രധാന നേതാക്കളെയെല്ലാം എം.കെ.സ്റ്റാലിൻ വെവ്വേറെ കണ്ട് ചർച്ച നടത്തി പിന്തുണ ഉറപ്പാക്കി. ഭാഷാവിവാദം കത്തി നിൽക്കുന്നതുകൊണ്ടു തന്നെ ജെ.എ.സി യോഗത്തിൽ മാതൃഭാഷകളുടെ പ്രധാന്യം വ്യക്തമാക്കാൻ സ്റ്റാലിനായി. യോഗത്തിനെത്തിയ നേതാക്കളുടെ പേരുകൾ ഇംഗ്ലീഷിനു പുറമേ അവരുടെ മാതൃഭാഷകളിലും രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇംഗ്ലിഷ്, തമിഴ്, മലയാളം, ഹിന്ദി, പഞ്ചാബി എന്നീ അഞ്ചു ഭാഷകളിലെ വിവർത്തനം തൽസമയം ഹെഡ്‌ഫോണുകൾ വഴി നേതാക്കളിൽ എത്തിക്കുകയും ചെയ്തു.

സമ്മേളനത്തിനെത്തിയ നേതാക്കൾക്ക് തമിഴ്നാടിന്റെ പാരമ്പര്യവും സംസ്‌കാരവും കോർത്തിണക്കിയ സമ്മാനങ്ങളാണ് സ്റ്റാലിൻ നൽകിയത്. വനിതാ സ്വാശ്രയ സംഘങ്ങൾ തയ്യാറാക്കിയ പത്തമടൈ പായ, തോഡ ഷാൾ, കാഞ്ചീപുരം കൈത്തറി പട്ടുസാരി, ഊട്ടി വർക്കി, കന്യാകുമാരി ഗ്രാമ്പൂ, കോവിൽപട്ടി കടല മിഠായി എന്നിവ കൂടാതെ ഈറോഡ് മഞ്ഞൾ, കൊടൈക്കനാൽ വെളുത്തുള്ളി എന്നിവയും സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു. സ്റ്റാലിൻ നേരിട്ടാണ് അതിഥികൾക്ക് സമ്മാനങ്ങൾ കൈമാറിയത്.

എന്തുകൊണ്ട്

ഹൈദരാബാദ്?​

ഒറ്റ യോഗംകൊണ്ട് മണ്ഡല പുനർനിർണയ നീക്കത്തിനെതിരായുള്ള പ്രതിഷേധം അവസാനിക്കുന്നില്ല. പാർലമെന്റിൽ ഉൾപ്പെടെ പ്രതിഷേധമുയരും. അടുത്ത ജെ.എ.സി യോഗം ഹൈദാരാബാദിലാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. പ്രധാന പ്രതിപക്ഷമായ ബി.ആർ.എസ് വൈസ് പ്രസിഡന്റ് കെ.ടി രാമറാവു യോഗത്തിനെത്തിയിരുന്നു. ബി.ജെ.പി ലക്ഷ്യമിടുന്ന തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന.

ക്യാപ്ഷൻ

........................

പ്രതിഷേധ സംഗമത്തിന് എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ എം.കെ. സ്റ്റാലിൻ സ്വീകരിച്ചപ്പോൾ. ബി.ആർ.എസ് വൈസ് പ്രസിഡന്റ് കെ.ടി രാമറാവു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഡി.എം.കെ ജനറൽ സെക്രട്ടറി ദൊരൈ മുരുകൻ എന്നിവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION