SignIn
Kerala Kaumudi Online
Saturday, 20 June 2026 2.39 AM IST

ഇതൊരു പുത്തൻ ഇന്ത്യൻ മഹാസമുദ്ര ശതകം

a

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യൻ മഹാസമുദ്ര നൂറ്റാണ്ടായി പറയപ്പെട്ടു വരികയാണ്.
ഏഷ്യ ആഗോള സാമ്പത്തിക പ്രവർത്തനത്തിന്റെ കേന്ദ്രമായി മാറിയതോടെ, ആഫ്രിക്കയുടെ കിഴക്കേ തീരം മുതൽ പശ്ചിമ പസഫിക് വരെയുള്ള സമുദ്രമേഖല ലോകത്തെ പ്രധാന സമുദ്ര പാതയായി മാറിയിരിക്കുകയാണ്. സമുദ്രങ്ങളിലൂടെയുള്ള ആഗോള എണ്ണ വ്യാപാരത്തിന്റെ 80 ശതമാനവും ഇന്ത്യൻ മഹാസമുദ്രം വഴിയാണ്. വലിപ്പം കണക്കാക്കിയാൽ 90 ശതമാനവും. ലോകത്തെ ധൃതഗതിയിൽ വികസിക്കുന്ന പല സമ്പദ് വ്യവസ്ഥകളുടെയും ഗേഹം കൂടിയാണിത്. തന്ത്ര പ്രധാനമായ കപ്പൽ മാർഗവും ഇതാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ മഹാസമുദ്രം കേവലം ഭൂമിശാസ്ത്രപരമായ മേഖല മാത്രമല്ല. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയുടെയും ഊർജ സുരക്ഷയുടെയും തന്ത്ര പ്രധാന സ്വാധീനത്തിന്റെയും അടിത്തറ കൂടിയാണ്. ഇതിന്റെ ഹൃദയ ഭാഗത്താണ് കേരളം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രവും തുറമുഖങ്ങളും കപ്പൽ നിർമാണ സാധ്യതകളും കപ്പൽ ഗതാഗത പാരമ്പര്യവുമെല്ലാം ഇന്ത്യയുടെ ഈ മേഖലയിലെ പ്രതീക്ഷകൾക്കു ചിറകുകൾ നൽകുന്നു.

മാറി മറിയുന്ന സമുദ്ര ഗതാഗത സംവിധാനത്തിൽ കേരളത്തെപ്പോലെ സ്വാഭാവിക നേട്ടമുണ്ടാക്കാൻ കഴിയുന്ന ഭൂഭാഗങ്ങൾ അപൂർവമാണ്. അറേബ്യൻ കടൽ തീരത്തു സ്ഥിതി ചെയ്യുന്ന കേരളം ഏഷ്യയും ആഫ്രിക്കയും യൂറോപ്പും മിഡിൽ ഈസ്റ്റും ഒക്കെ കടന്നുപോകുന്ന തന്ത്ര പ്രധാന മേഖലയിലാണ്. ഓരോ വർഷവും പതിനായിരക്കണക്കിനു വ്യാപാരക്കപ്പലുകളാണ് ഇതു വഴി കടന്നുപോകുന്നത്. ട്രില്യൺ കണക്കിനു ഡോളറുകളുടെ വ്യാപാരമാണ് നടക്കുന്നത്.

ഇതിൽ ഏറ്റവും പ്രധാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഏറ്റവും തിരക്കേറിയ കിഴക്കുപടിഞ്ഞാറൻ അന്താരാഷ്ട്ര കപ്പൽ മാർഗത്തിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലമുളള വിഴിഞ്ഞത്തിന് അപൂർവമായ ഭൂമിശാസ്ത്ര സവിശേഷതമുണ്ട്. മറ്റു പല തുറമുഖങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ കപ്പലുകൾക്ക് നേരിയ തോതിൽ മാത്രം വഴി തിരിച്ചാൽ എത്തിച്ചേരാൻ കഴിയും.

ഇതുണ്ടാക്കുന്ന സാമ്പത്തിക വരും വരായ്കൾ ഏറെയാണ്. ആഗോള ട്രാൻസ്ഷിപ്പ് ബിസിനസ്സിൽ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങൾക്ക് വലിയ തോതിൽ ഷെയർ നൽകേണ്ടിവരുന്നുണ്ട്. ഇന്ത്യയുടെ ട്രാൻസ് ഷിപ്പ്മെന്റ് ബിസിനസ്സിന്റെ 75 ശതമാനവും രാജ്യത്തിനു വെളിയിലാണ് നടക്കുന്നത്. ഇത് നമ്മുടെ ചെലവ് വർധിപ്പിക്കുന്നു എന്നു മാത്രമല്ല, വിദേശ രാജ്യങ്ങളുടെ തന്ത്ര പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയും സൃഷ്ടിക്കുന്നു. ഇതു നേരെ തിരിച്ചാക്കാൻ വിഴിഞ്ഞത്തിനു കഴിയും.

വിഴിഞ്ഞത്തിന് 20 മീറ്ററോളം സ്വാഭാവിക ആഴമള്ളതു കൊണ്ട് 20000 ത്തിലേറെ കണ്ടെയ്നറുകൾ കൊണ്ടുവരുന്ന ഭീമൻ കണ്ടയ്നർ കപ്പലുകൾക്കു വരെ ഇവിടെ നങ്കൂരമിടാൻ കഴിയും. ഇത്തരത്തിൽ കഴിവുള്ള ചുരുക്കം തുറമുഖങ്ങളേ ലോകത്തുള്ളൂ. പൂർണ തോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ, വർഷംതോറും ദശലക്ഷക്കണക്കിനു കണ്ടെയ്നറുകൾ ഇവിടെ വരും.

എന്നാൽ കേരളത്തിന്റെ സമുദ്രമേഖലാ പ്രാധാന്യം തുറമുഖങ്ങൾക്കും അപ്പുറമാണ്. കൊച്ചിൻ ഷിപ്പ് യാർഡ് രാജ്യത്തിന്റെ തന്ത്ര പ്രധാന വ്യാവസായിക ആസ്തിയായി മാറിയിട്ടുണ്ട്. 1972 ൽ ആരംഭിച്ച ഈ ഷിപ്പ് യാർഡ് രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ - റിപ്പയറിങ്ങ് യൂണിറ്റായി മാറി. കഴിഞ്ഞ പതിറ്റാണ്ടുകൾക്കിടയിൽ ഇവിടെ നിന്ന് നൂറു കണക്കിന് വാണിജ്യ കപ്പലുകളടക്കം നിർമിച്ചു നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ വിമാന വാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് നിർമിച്ചത് കൊച്ചിൻ ഷിപ്പ് യാർഡിന്റെ ശ്രദ്ധേയ നേട്ടമാണ്. 45000 ടൺ ശേഷിയുള്ളതാണ് ഈ കപ്പൽ .

ഷിപ്പ് യാർഡ് രാജ്യത്തെ നാവിക ആധുനികവൽക്കരണത്തിനും സംഭാവന നൽകുന്നുണ്ട്. വരും ദശകങ്ങളിൽ ഇന്ത്യൻ നാവികസേന നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളിലും ഈ ഷിപ്പ് യാർഡ് നിർണായക സംഭാവനകൾ നൽകും.

സമുദ്ര ഗതാഗത സുരക്ഷ യ്ക്ക് പ്രാധാന്യം ഏറി വരികയാണ്. ഇന്ത്യൻ മഹാസമുദ്രം വഴിയാണ് ആഗോള എണ്ണ കപ്പൽ ഗതാഗതത്തിന്റെ 60 ശതമാനവും നടക്കുന്നത്. മറ്റു ചരക്കുഗതാഗതത്തിന്റെ മൂന്നിലൊന്നും ഈ മേഖലയിലാണ്. ഈ മേഖലയിൽ മത്സരവും, കടൽക്കൊളള ഭീഷണിയും നിയമ വിരുദ്ധ മത്സ്യബന്ധനവുമാക്കെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് ഇവിടെ നു രക്ഷ വർധിപ്പിക്കുന്നതിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നത്. ഇന്ത്യൻ ദക്ഷിണ നാവിക സേനാ കമാൻഡിന്റെ ആസ്ഥാനമാണ് കൊച്ചി. നാവിക പരിശീലനത്തിന്റെ തൊട്ടിൽ എന്നും കൊച്ചി അറിയപ്പെടുന്നു. ആയിരക്കണക്കിന് നാവികസേനാംഗങ്ങളാണ് ഇവിടെ പരിശീലിപ്പിക്കപ്പെടുന്നത്.

ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും കൊച്ചിയുടെ പ്രാധാന്യം വലുതാണ്. ശ്രീലങ്ക, മാലിദ്വീപ്, മൗറീഷ്യസ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ കേരളത്തിൽ നിന്നുള്ളു നാവിക-തീരസംരക്ഷണ സേനാ വിഭാഗങ്ങൾക്ക് ഇവിടെ നിന്ന് പ്രവർത്തനങ്ങൾ നടത്താനുള്ള സൗകര്യവും ഏറെയാണ്.

കടൽ വിഭവങ്ങളുമായി ബന്ധപ്പെട്ട ബ്ലൂ ഇക്കോണമിയാണ് കേരളത്തിന്റെ മറ്റൊരു അനുഗ്രഹം. ലോക ബാങ്ക് കണക്കുകൾ പ്രകാരം ബ്ലൂ ഇക്കോണമി ട്രില്യൺ കണക്കിനു ഡോളർ വരുന്നതാണ്. 7500 കിലോമീറ്റർ വരുന്ന സമുദ്രതീരവും രണ്ടു ദശലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള എക്സ്ക്ലൂസിവ് ഇക്കണോമിക് സോണും കൊണ്ട് ഇന്ത്യ സമുദ്ര വിഭങ്ങളുടെ കാര്യത്തിൽ സമ്പന്നമാണ്. കേരളം വിശേഷിച്ചും മത്സ്യബന്ധനം, അക്വാ കൾച്ചർ , മറൈൻ ബായാ ടെക്നോളജി, തീരദേശ വിനോദ സഞ്ചാരം തുടങ്ങിയവയിൽ നല്ല നിലയിലാണ്. മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവർ ദശലക്ഷണക്കിനു വരും. കേരളമാകട്ടെ, രാജ്യത്തെ ഏറ്റവും പ്രമുഖ സമുദ്രോൽപ്പന്ന കയറ്റുമതി സംസ്ഥാനവുമാണ്.

പുതുതായി വികസിച്ചു വരുന്ന ഓഫ് ഷോർ വിൻഡ് എനർജി , അന്തർ സമുദ്ര സാങ്കേതിക വിദ്യ എന്നിവയും പുതിയ വളർച്ചാ അവസരങ്ങളുണ്ടാക്കും. ഇതെല്ലാം ചേർന്ന് കേരളത്തെ ബ്ലൂ ഇക്കോണമിയുടെ ഹബ്ബ് ആയി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഒത്തുചേരൽ ചരിത്രപരമായ അവസരമൊരുക്കുന്നു. ഇന്ത്യയുടെ സമുദ്ര ഗതാഗതത്തെ വിഴിഞ്ഞം ശക്തിപ്പെടുത്തുന്നു. കൊച്ചി തുറമുഖം വ്യവസായ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ഇവിടെ ഇന്ത്യൻ നാവികസേനയുടെ സാന്നിദ്ധ്യം സുരക്ഷ ഊട്ടിയുറപ്പിക്കുന്നു. അങ്ങനെ ബ്ലൂ ഇക്കോണമി സുസ്ഥിര വികസനത്തിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്നു. ഇതെല്ലാം ചേർന്ന് കേരളത്തെ ഇന്ത്യൻ സമുദ്ര ഗതാഗതത്തിന്റെ കേന്ദ്ര ബിന്ദുവായി മാറ്റുന്നു. അതുകൊണ്ട് രാജ്യത്തെ സംബന്ധിച്ചിടത്തോളം കേരളം കേവലമൊരു തീരദേശ സംസ്ഥാനമല്ല. മറിച്ച് രാജ്യത്തിന്റെ നിർണായക സമുദ്ര ഗതാഗത പ്രവേശന കവാടമാണ്. തന്ത്ര പ്രധാനമായ വ്യവസായ ഹബ്ബാണ്. ഇന്ത്യൻ മഹാസമുദ്രത്തെപ്പറ്റിയുള്ള രാജ്യത്തിന്റെ വിഷൻ തന്നെയാണ്. അതുകൊണ്ട് വരും ദശകങ്ങളിൽ രാജ്യത്തിന്റെ മാരിടൈം പവർ എന്ന നിലയിലുള്ള മുന്നേറ്റം തീരുമാനിക്കപ്പെടുക ന്യൂഡൽഹിയിൽ മാത്രമല്ല, കേരളത്തിന്റെ തീരങ്ങളിൽക്കൂടിയായിരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY