SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

ക്ഷേമ പെൻഷൻ തട്ടിപ്പുകാർക്ക് സാധാരണ ശിക്ഷ പോരാ

pension

ദുർബലരും അശരണരും രോഗികളും വയോധികരുമായുള്ളവർക്ക് പൊതുഖജനാവിൽ നിന്ന് മാസംതോറും നൽകിക്കൊണ്ടിരിക്കുന്ന ക്ഷേമപെൻഷനായ 1600 രൂപ, ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന 1458 സർക്കാർ ജീവനക്കാർ കൈപ്പറ്റിക്കൊണ്ടിരിക്കുകയാണ് എന്ന വാർത്ത സംസ്ഥാനത്തിനു തന്നെ അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണ്. സമൂഹത്തിനു മാതൃകയാകേണ്ട കോളേജ് അദ്ധ്യാപകർ കൂടി അക്കൂട്ടത്തിലുണ്ട് എന്നതാണ് അതിലും വലിയ നാണക്കേട്! ഭീമമായൊരു സംഖ്യ മാസംതോറും ശമ്പളമായി വാങ്ങുന്ന സർക്കാർ ജീവനക്കാരാണ് ഇത്തരമൊരു നെറികേടു കാട്ടിയത്. എത്ര കിട്ടിയാലും പണത്തോടുള്ള ആർത്തി പിന്നെയും കൂടിക്കൂടി വരുന്ന ഒരു പ്രത്യേക വിഭാഗമാണ് സർക്കാർ ജീവനക്കാരിലെ ചിലർ. ഇത്തരത്തിൽ കൈയിട്ടു വാരിയ തുക ഇവരിൽ നിന്ന് തിരിച്ചുപിടിച്ചാൽ മാത്രം പോരാ; ഈ 1458 വ്യക്തികളെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും അവർക്കെതിരെ ക‌ർശന നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

ക്ഷേമ പെൻഷനുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് തദ്ദേശ വകുപ്പാണ്. അപേക്ഷയ്ക്കൊപ്പം, കുടുംബത്തിന്റെ വാർഷിക വരുമാനം വ്യക്തമാക്കുന്ന സാക്ഷ്യപത്രങ്ങൾ സമർപ്പിക്കേണ്ടതുണ്ടെന്നു മാത്രമല്ല,​ വർഷാവർഷം ഇത് പുതുക്കുകയും വേണം. സർക്കാർ ജോലിയുണ്ടെന്ന കാര്യം മറച്ചുവച്ചായിരിക്കണം ഇവർ വരുമാന സാക്ഷ്യപത്രം സമർപ്പിച്ചിരിക്കുക. അങ്ങനെ ഒളിച്ചുവയ്ക്കേണ്ടതാണ് സർക്കാർ ജോലിയെങ്കിൽപ്പിന്നെ അവർ അതിന് അർഹരല്ലല്ലോ. വ്യാജരേഖ ചമയ്ക്കൽ,​ സർക്കാരിനെ ബോധപൂർവം കബളിപ്പിക്കൽ,​ ​ വിശ്വാസ വഞ്ചന,​ തൊഴിൽപരമായ ചട്ടങ്ങൾ ലംഘിക്കൽ എന്നിങ്ങനെ പല വകുപ്പുകളിലും പെടുത്താവുന്നതല്ലേ ഇവർ ചെയ്ത കുറ്റം?​ പിഴയും നിയമനടപടിയും പോരാ,​ ഇവരുടെയെല്ലാം പേരുവിവരങ്ങൾ മാദ്ധ്യമങ്ങൾ വഴി പുറത്തുവിടുകയും വേണം. അതാകട്ടെ,​ അവർക്കുള്ള യഥാർത്ഥ ശിക്ഷ.

എ.കെ. അനിൽകുമാർ,

നെയ്യാറ്റിൻകര

'കുറുവ"കൾക്കും

അപരന്മാരോ!

സംസ്ഥാനത്ത് പല ജില്ലകളിൽ നിന്നും 'കുറുവാ സംഘങ്ങൾ" എന്നറിയപ്പെടുന്ന മോഷണസംഘങ്ങളെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം പുറത്തുവരുന്നുണ്ട്. നാട്ടിലെ ചെറുകിട മോഷ്ടാക്കളിൽ നിന്നു വ്യത്യസ്തമായി,​ എതിർക്കാൻ ശ്രമിക്കുന്ന ഇരകളോട് എന്തു ക്രൂരത കാട്ടാനും മടിക്കാത്തവരാണത്രേ ഇവർ. അതേസമയം,​ തമിഴ്നാട്ടിലും തെലങ്കാനയിൽ നിന്നും സംഘമായി എത്തുന്ന കുറുവാ സംഘങ്ങളുടെ മറവിൽ ഇപ്പോൾ നാട്ടിലെതന്നെ മോഷണ വിരുതന്മാർ രാത്രികാലങ്ങളിൽ അടിവസ്ത്രം മാത്രം ധരിച്ചും ദേഹമാകെ എണ്ണ പുരട്ടിയും മോഷണത്തിന് ഇറങ്ങുന്നുണ്ടെന്നതാണ് പുതിയ വാർത്ത!

കുറുവാ സംഘങ്ങൾ സജീവമായി രംഗത്തുള്ളതുകൊണ്ട് പൊലീസ് സ്വാഭാവികമായും അവരെ സംശയിക്കുമല്ലോ. സി.സി ടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചാലും,​ കാഴ്ചയിലെ രൂപങ്ങൾ കുറുവാ സംഘങ്ങളാണെന്നു തോന്നും. സ്വർണത്തിന്റെ വില കയറിക്കയറി പോകുന്നതാണ് നാട്ടിൽ മോഷണം പെരുകാൻ അടിസ്ഥാന കാരണം. അതിനൊപ്പം,​ ഉറങ്ങാൻ കിടക്കുമ്പോൾ പോലും പത്തും പതിനഞ്ചും പവൻ വരുന്ന ആഭരണങ്ങൾ കഴുത്തിലും കൈയിലുമൊക്കെ അണിയുന്ന മലയാളിയുടെ സ്വഭാവവും മോഷ്ടാക്കളെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്നതാണ്.

സ്വർണം മൂല്യം കുറയാത്ത നിക്ഷേപമാണ് എന്നത് ശരിതന്നെ. അത് സുരക്ഷിതമായി ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചാൽ പോരേ?​ ഇങ്ങനെ,​ ശരീരത്തിൽ കെട്ടിത്തൂക്കിയിട്ടു നടക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്?​ ഈയിടെയായി പല വീടുകളിൽ നിന്നും കിലോക്കണക്കിന് സ്വർണം മോഷ്ടിക്കപ്പെടുന്നതായും വാർത്തകളിൽ കാണുന്നു. മോഷ്ടാവിനെ പിടിക്കുകയും,​ മോഷണ മുതൽ ഉടമയ്ക്ക് തിരകെക്കിട്ടുകയും വേണമെന്നതിൽ സംശയമില്ല. അതേസമയം,​ ഇത്രയധികം സ്വർണശേഖരം വീട്ടിൽ സൂക്ഷിക്കുന്നവരുടെ വരുമാന സ്രോതസു കൂടി അന്വേഷണ പിരിധിയിൽ വരേണ്ടതല്ലേ?​

കെ. ശേഖരൻ നായർ

അമ്പലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION