SignIn
Kerala Kaumudi Online
Friday, 23 October 2026 12.49 AM IST

കാപ്പികുടിയിലെ രഹസ്യവും ക്യാമ്പസ് ലഹരിയും

d

കാള വാലുപൊക്കുമ്പോഴേ ഉദ്ദേശ്യം ഊഹിക്കാം. തലേന്നുവരെ, ശത്രുവായി പ്രഖ്യാപിച്ച് കുറ്റങ്ങൾ

പറഞ്ഞു നടന്നയാളെക്കുറിച്ച് ഒരു സുപ്രഭാതത്തിൽ ആരെങ്കിലും നല്ല വാക്ക് പറയുന്നെങ്കിൽ ഉറപ്പിക്കാം, എന്തോ കാര്യസാദ്ധ്യത്തിനുള്ള മണിയടിയാണെന്ന്. ബി.ജെ.പി- സംഘപരിവാർ ശക്തികളെ

ഫാസിസ്റ്റുകളായി ചിത്രീകരിച്ചിരുന്ന സി.പി.എമ്മിന് പെട്ടെന്ന് മനംമാറ്റം. കേന്ദ്രത്തിലെ മോദി സർക്കാരിനെ ഫാസിസ്റ്റെന്ന് വിളിക്കാനാവില്ലെന്നാണ് പിണറായി സഖാവിന്റെയും, അത് ഏറ്റുപാടുന്ന ഗോവിന്ദൻ-ജയരാജൻ- ബാലൻ സംഘത്തിന്റെയും പുതിയ ഭാഷ്യം. മോദി സർ്ക്കാർ തികച്ചും ഫാസിസ്റ്റായി മാറിയിട്ടില്ലെന്നും, അതിന്റെ ചില പ്രവണതകൾ ബി.ജെ.പിയും ആർ.എസ്.എസും പ്രകടിപ്പിക്കുന്നതേയുള്ളൂ എന്നുമാണ് സഖാക്കളുടെ വാദം!

ജർമ്മനിയിലെ ഹിറ്റ്ലർ, ഇറ്റലിയിലെ മുസോളിനി തുടങ്ങിയവരുടെ ഏകാധിപത്യ ഭരണകൂടങ്ങളെ പോലെയല്ല. ഇന്ത്യയിൽ ഇപ്പോഴും പാർലമെന്ററി ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിൽക്കുന്നില്ലേ?

പക്ഷേ, സി.പി.എം നേതാക്കളുടെ ഈ 'ഫാസിസ്റ്റ് ചാഞ്ചാട്ട"ത്തിനു പിന്നിലെ അപകടം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മണത്തതാണ്. തങ്ങൾ പേടിച്ചതു തന്നെ സംഭവിച്ചിരിക്കുന്നുവെന്നാണ് ഇപ്പോൾ അവർ പറയുന്നത്. അല്ലെങ്കിൽപ്പിന്നെ,​ കടുത്ത ശത്രുക്കൾ പെട്ടെന്ന് എങ്ങനെ മിത്രങ്ങളായി?

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് മുറവിളി കൂട്ടുകയായിരുന്നു,​ ഇതുവരെ സഖാക്കന്മാർ. അതിന്റെ പേരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ ഡൽഹി വരെ പോയി സമരം നടത്തി. സുപ്രീം കോടതിയിൽ കേസുമായി. എന്നിട്ടും ഇക്കഴിഞ്ഞ കേന്ദ്ര ബ‌ഡ്ജറ്റിൽ കേരളത്തിന്റെ പേര് വിട്ടുപോയി. വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനും ചില്ലിക്കാശില്ല. അതോടെ സഖാക്കൾക്ക് ഒരു കാര്യം

വ്യക്തമായി- കേന്ദ്രത്തോട് എന്നും യുദ്ധം പ്രഖ്യാപിച്ചു നടന്നിട്ട് കാര്യമില്ല. കേന്ദ്രത്തെ സദാ കൊങ്ങയ്ക്കുപിടിച്ച്

നടന്ന ഡൽഹിയിലെ കേജ്‌രിവാൾ സർക്കാരിനെയും 'ചൂൽ പാർട്ടി"യെയും ഒടുവിൽ ജനങ്ങൾ തന്നെ ചൂൽകൊണ്ട് തൂത്തെറിഞ്ഞു!

കേരളത്തിൽ സാമൂഹ്യ ക്ഷേമ പെൻഷനല്ല, സർക്കാർ ജീവനക്കാരുടെ ,ശമ്പളം മുടങ്ങിയാലും മോദി സർക്കാരിന് ഒരു ചുക്കുമില്ല. അപ്പോൾ കേന്ദ്രവുമായി സമാധാനവും അനുരഞ്ജനവുമല്ലേ ബുദ്ധി?​ പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഡൽഹിയിലെ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനകാര്യ മന്ത്രിക്ക് പ്രഭാതവിരുന്നൊരുക്കുന്നു. ചരിത്രത്തിൽ ആദ്യമായി കേന്ദ്ര ധനമന്ത്രി തന്റെ വസതിയിൽ നിന്നെത്തി ആ വിരുന്നിൽ പങ്കെടുക്കുന്നു. കേരള ഗവർണർ ആ‌ർലേക്കറും അവിടെ എത്തുന്നു. ഒപ്പം, കാര്യസ്ഥന്റെ റോളിൽ പ്രൊഫ. കെ.വി. തോമസും. അസാധാരണ കൂടിക്കാഴ്ച നീണ്ടത് മുക്കാൽ മണിക്കൂർ! ചർച്ചയുടെ വിവരങ്ങൾ പരമ രഹസ്യം! ഇതൊക്കെക്കണ്ട് എങ്ങനെ കോൺഗ്രസ് നേതാക്കളുടെ ചങ്കിടിക്കാതിരിക്കും? അതും,​ അടുത്ത ഭരണം സ്വപ്നംകണ്ട് നടക്കുമ്പോൾ.

.ഇതിനു പിന്നിൽ ഗൂഢാലോചന സംശയിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി.പി.എം, ബി.ജെ.പിയുടെ സഹായം തേടുന്നതാവില്ലെന്ന് ആരുകണ്ടു? നമ്മുടെ കഞ്ഞിയിലല്ലേ ഇവർ പാറ്റയിടുന്നത്? ഇത്തരം നീക്കത്തിന് ഇടനിലക്കാരനാകാൻ ആണത്രേ കെ.വി. തോമസിനെ പിണറായി സർക്കാർ ലക്ഷങ്ങൾ ചെല്ലും ചെലവും കൊടുത്ത് ഡൽഹിയിൽ ഇരുത്തിയിരിക്കുന്നത്.

 

ഈ വീട്ടിൽ പൊലീസിന് എന്തു കാര്യം. ഡൽഹി കേരള ഹൗസിൽ കേന്ദ്ര ധന മന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ പ്രാതൽ ചർച്ചയിൽ ഗവർണർ ആർലേക്കറും പങ്കെടുക്കുകയും, കേരളത്തിനായി വാദിക്കുകയും ചെയ്തതിന്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും കുമ്പക്കുടി സുധാകരന് മനസിലാവുന്നില്ല. ഗവർണറുടെ പണി അതാണോ?അതിലെന്തോ ഒരു കള്ളക്കളിയില്ലേ? സുധാകരന്റെ സംശയം വെറുതെയല്ല. ഇതിനു തൊട്ടുമുമ്പ് അഞ്ചരക്കൊല്ലം കേരളം വാണ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇങ്ങനെയായിരുന്നില്ലല്ലോ. കേരളത്തിനു വേണ്ടി കേന്ദ്രത്തോട് അദ്ദേഹം ഒരക്ഷരം ഉരിയാടിയിട്ടില്ല. മാത്രമല്ല, കേരള സർക്കാരിനെ ശത്രുപക്ഷത്തു നിറുത്തി വെല്ലുവിളിക്കാനും വെള്ളം കുടിപ്പിക്കാനുമാണ് ശ്രമിച്ചത്.

ഖാനേക്കാൾ പുപ്പുലിയാണ് ആർലേക്കർ എന്നു കരുതിയവർക്ക് തെറ്റി. പല പാർട്ടികളിൽ ചേക്കേറി, ഒടുവിൽ ബി.ജെ.പിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാൻ, തന്നെ ഗവർണറാക്കിയവരുടെ പ്രീതി പിടിക്കാൻ നോക്കുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം. ആർ.എസ്.എസിൽ മുങ്ങിക്കുളിച്ചു വളർന്ന് ഗോവ മുഖ്യമന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന ആർലേക്കർ ആള് വേറെ! ഗവർണറായി ചുമതലയേറ്റതു മുതൽ കേരള സർക്കാരുമായി ഇടയാനല്ല, രമ്യതയിലാകാനായിരുന്നു ശ്രമം. ഡൽഹിയിലെ പ്രാതൽ ചർച്ചയുടെ തലേന്ന് കേരളത്തിൽ നിന്നുള്ള എം.പിമാർക്ക് അത്താഴ വിരുന്നൊരുക്കിയ അദ്ദേഹം, കേരളത്തിനു വേണ്ടി ഒരുമിച്ച് ശബ്ദമുയർത്താമെന്ന ആഹ്വാനമാണ് നൽകിയത്. പിണറായി സർക്കാരുമായുള്ള ഗവർണറുടെ 'ലോഹ്യം" തുടർന്നാൽ എവിടെച്ചെന്നു നിൽക്കും?മുട്ടനാടുകളുടെ തമ്മിലിടിയല്ലേ പ്രതീക്ഷിച്ചത്. എന്നിട്ടിപ്പോൾ...! ആലോചിച്ചിട്ട് ഉറക്കം വരുന്നില്ല!

 

മുറികളിൽ കിലോക്കണക്കിന് കഞ്ചാവ്. തൂക്കിവിൽക്കാൻ ത്രാസ്. കെട്ടുകണക്കിന് പൊതികൾ. കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങൾ. മദ്യക്കുപ്പികൾ. അളവുപാത്രങ്ങൾ... ഏതെങ്കിലും ക്രിമിനൽ സംഘത്തിന്റെ രഹസ്യ താവളത്തിൽ നിന്നല്ല പൊലീസ് ഇതൊക്കെ കണ്ടെടുത്തത്. കൊച്ചി കളമശേരി ഗവ. പോളിടെക്നിക് കോളേജിന്റെ പെരിയാർ ഹോസ്റ്റലിൽ നിന്ന്! കേരളത്തിലാണോ ഇതൊക്കെ നടക്കുന്നത് എന്നാണെങ്കിൽ, ഇതും ഇതിലപ്പുറവും നടക്കുമെന്ന് ഉത്തരം.

കേരളത്തിലെ പല കോളേജ് ക്യാമ്പസുകളും ഹോസ്റ്റലുകളും, സ്കൂളുകൾ പോലും ലഹരിയുടെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞതിന്റെ വാർത്തകളാണ് ദിനവും കേൾക്കുന്നത്. ക്യാമ്പസുകളിൽ ലഹരിക്കച്ചവടം പൊടി പൊടിക്കുന്നതിന്റെ ഉത്തരവാദികൾ ആര്?ഉറവിടം കണ്ടെത്തി അമർച്ച ചെയ്യുന്നതിലുള്ള പൊലീസിന്റെയും സർക്കാരിന്റെയും വീഴ്ചയോ?അതോ, കുറ്റവാളികളെ രാഷ്ട്രീയ നിറം നോക്കി സംരക്ഷിക്കുന്ന ഭരണപക്ഷ നേതാക്കളോ? 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ" എന്ന മട്ടിൽ എന്തിനും ഏതിനും എസ്.എഫ്.ഐക്കാരെ മാത്രം പഴിച്ച് ആർക്കും കൈകഴുകി മാറാനാവില്ലെന്ന് തെളിയിക്കുന്നതാണ് ഒഠുവിലത്തെ സംഭവം.

ഇത്തരം പല കേസുകളിലും എസ്.എഫ്.ഐക്കാർ ഉൾപ്പെടുന്നു എന്നതു നേര്. പക്ഷേ അവർ മാത്രമാണോ അപരാധികൾ?കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ എസ്.എഫ്.ഐ നേതാവിന്റെ മുറിയിൽ നിന്ന് പിടിച്ച കഞ്ചാവ് ഒമ്പത് ഗ്രാം. കെ.എസ്.യു നേതാവിന്റെ മുറിയിൽ നിന്ന് പിടിച്ചത് രണ്ടു കിലോ! ഇടനിലക്കാരനിൽ നിന്ന് ഹോസ്റ്റലിൽ കഞ്ചാവ് മൊത്തമായി എത്തിക്കുന്നതു പോലും ഈ നേതാവാണെന്ന് പൊലീസ് ഭാഷ്യം. ആരും അത്ര പുണ്യാളൻ ചമയേണ്ടെന്ന് സാരം! 'തൻ കുഞ്ഞ് പൊൻകുഞ്ഞ്" എന്ന സമീപനം ആദ്യം മാറ്റുക; രക്ഷിതാക്കളും!

നുറുങ്ങ്:

# കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസിന് പ്രതിമാസം 30 ലക്ഷം രൂപയുടെ വരുമാനമുണ്ടെന്നും, ഇത്രയും പണം അദ്ദേഹം പുഴുങ്ങിത്തിന്നുകയാണോ എന്നും സി.പി.എം നേതാവ് ജി.സുധാകരൻ. തനിക്ക് രണ്ടര ലക്ഷമേ വരുമാനമുള്ളൂവെന്ന് തോമസ് മാഷ്.

@ മാഷ് പറയുന്നതാണ് ശരിയെങ്കിൽ ഉടനെ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നെങ്കിലും കൂടുതൽ പണം നൽകണം. ഡൽഹിയിൽ കേരളത്തിന്റെ മൊത്തം ഭാരം തേളിലേറ്റി നടക്കുന്നയാളെ പട്ടിണിക്കിടരുത്!

(വിദുരരുടെ ഫോൺ-99461 08221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION