
'മുതലാളിമാർ എത്ര നല്ലവരാണ്.അവരെപ്പോലെ ഇത്ര തങ്കം പിടിച്ച മനുഷ്യരെ ഞാൻ വേറേ കണ്ടിട്ടില്ല'.സന്ദേശം സിനിമയിൽ പിരിവിനിറങ്ങുന്ന പാർട്ടി ഛോട്ടാ നേതാവിന്റെ (മാമുക്കോയ) ഡയലോഗ്.ചോദിച്ചാലുടൻ വലിയ തുക സംഭാവന നൽകുന്ന 'ഉദാരമനസ്കർ' വേറേയാരുണ്ട്?.തനിക്ക് തിരുവനന്തപുരത്ത് നിന്ന് അടിയന്തരമായി മലപ്പുറത്തും, തിരികെയുമെത്താൻ സൗജന്യമായി വിമാനം ഏർപ്പാടാക്കിയ സ്പോൺസറും വളരെ നല്ലയാളാണെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാദം. അത്തരം സ്പോൺസർമാർ പൊതുവെ നല്ലവരാണ്. കണ്ട ആപ്പ ഊപ്പകളെപ്പോലെ, എന്തെങ്കിലും സഹായം ചെയ്ത ശേഷം നാളെ അതിന്റെ പേരിൽ ഔദാര്യം പറ്റാൻ കൈ നീട്ടുന്നവരല്ലെന്ന് സാരം. അങ്ങനെയുള്ള ഔദാര്യം ഒരാൾക്കും ചെയ്തു കൊടുക്കുന്ന സർക്കാരല്ല ഇതെന്നും മുഖ്യമന്ത്രി.
മലയാളിയായ പരിചയക്കാരനാണ് മലപ്പുറം യാത്രയ്ക്ക് വിമാനം ഏർപ്പാടാക്കിയതെന്നാണ് വി.ഡി.സതീശൻ പറയുന്നത്.ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനം മുഖ്യമന്ത്രിയുമായി കരിപ്പൂരേക്ക്.. അവിടെ നിന്ന് മുഖ്യമന്ത്രിയെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ച ശേഷം ബംഗളൂരുവിലേക്ക് മടക്കം. ഇതിന് ചെലവായത് 19.88 ലക്ഷം രൂപ. ഈ തുക നൽകിയ പരിചയക്കാരന്റെ പേര് പുറത്തുപറയുന്ന പ്രശ്നമില്ലെന്ന് സതീശൻ. നല്ല ആൾക്കാരുടെ പേര് എന്തിന് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു.
പരിചയക്കാരായാൽ ഇങ്ങനെ വേണം.നിസ്വാർത്ഥ സേവനം.അസൂയപ്പെട്ടിട്ട് കാര്യമില്ല.സ്വന്തമാക്കി അഭിമാനിക്കൂ. മുഖ്യമന്ത്രി സ്വകാര്യ വ്യക്തികളുടെ ഇത്തരം സൗജന്യങ്ങൾ സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലേ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. അതിൽ ഒരു തെറ്റുമില്ലെന്ന് സതീശൻ. ഇതുപോലെ സൗജന്യ വിമാനങ്ങൾ തരപ്പെട്ടാൽ താൻ ഇനിയും പറക്കുമെന്നും. അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷം.
മറ്റ് മന്തിമാരും ഇതുപോലെ സൗജന്യ വിമാന യാത്ര ചെയ്യുന്നതിലും ആഡംബര കാർ സർക്കാർ ബോർഡും നമ്പരും വച്ച് ഓടിച്ചതിലും സതീശൻ ഒരു തെറ്റും കാണുന്നില്ല. മന്ത്രിമാർ വിദേശ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങണം.വിദേശത്തുള്ള മലയാളി സുഹൃത്തുക്കളും സംഘടനകളും അവിടേക്ക് ക്ഷണിക്കുകയും, വിമാന യാത്രയ്ക്ക് ടിക്കറ്റെടുത്തു കൊടുക്കുകയും ചെയ്യും.മന്ത്രിമാർ അങ്ങനെ പോയാൽ ആകാശം ഇടിഞ്ഞു വീഴുമോ. സർക്കാരിൽ നിന്ന് എന്തെങ്കിലും നേടാൻ അവരാരും ഇവിടെ വന്ന് ക്യൂ നിൽക്കില്ല. പോരേ.
'എന്റെ പിള്ളേരും കാണെട്ടെടോ മദ്രാസ്' എന്ന് ഒരു സിനിമയിൽ പറയുന്നതു പോലെ,മന്ത്രിമാരും പറന്ന് നടന്ന് ലോകത്ത് നടക്കുന്നതൊക്കെ കാണട്ടെ എന്ന് വിശാല മനസ്കനായ വി.ഡി.സതീശൻ . മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകൾക്ക് സുതാര്യത വേണമെന്നും,എല്ലാം ജനങ്ങളോട് തുറന്നു പറയണമെന്നും പ്രതിപക്ഷ നേതാവായിരിക്കെ ആവശ്യപ്പെട്ട വി.ഡി.സതീശൻ തന്നെയല്ലേ ഇത് പറയുന്നതെന്ന് ചോദിക്കുന്നവരോട് :അത് അന്തക്കാലം.
'അവതാരങ്ങളെ ഈ സർക്കാർ അകറ്റി നിറുത്തും'. 2016ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ പിണറായി വിജയൻ നടത്തിയ പ്രഖ്യാപനം.പക്ഷേ,ആ സർക്കാരിന്റെ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ അവതാരങ്ങളുടെ അയ്യരുകളിയായിരുന്നുവെന്നാണ് ആക്ഷേപം.വിശേഷിച്ച് ,രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്.
വി.ഡി.സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം തന്നെ കാണാനെത്തിയപ്പോൾ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ നൽകിയ ഉപദേശം ഇതായിരുന്നു: 'അധികാരത്തിലുള്ളവരുമായി ചങ്ങാത്തം കൂടാനെത്തുന്ന ചിലരുണ്ടാവും.അത്തരം ചങ്ങാതിമാരെ സൂക്ഷിക്കണം'. എന്നാലിപ്പോൾ, വി.ഡി.സതീശൻ അവതാരങ്ങളുടെ പിടിയിലാണെന്നാണ് ആക്ഷേപം.
പാർട്ടി-സർക്കാർ ഏകോപനമില്ല. കെ.പി.സി.സി നാഥനില്ലാക്കളരിയായി. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാനോ, തിരുത്താനോ പാർട്ടിക്ക് കഴിയാത്ത സ്ഥിതി.പത്ത് കൊല്ലം പ്രതിപക്ഷത്തിരുന്ന ശേഷം ഭരണം കിട്ടിയപ്പോൾ, ഗ്രഹണി പിടിച്ച കുട്ടികൾ ചക്കപ്പുഴുക്ക് കണ്ടാലെന്നത് പോലെയുള്ള ആക്രാന്തമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെന്നാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ പറഞ്ഞത്.പുത്തൻ അവതാരങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ കെടുത്തുന്നുവെന്നാണ് കോൺഗ്രസിലും യു.ഡി.എഫിലും ഉയരുന്ന മുറുമുറുപ്പ്.
മാദ്ധ്യമങ്ങളോടുള്ള സമീപനത്തിൽ മുഖ്യമന്തി വി.ഡി.സതീശൻ പിണറായി വിജയന് പഠിക്കുകയാണെന്നാണ് സമൂഹ മാദ്ധ്യമത്തിലെ കമന്റ്. മാദ്ധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും സൗമ്യതയോടെ വിശദമായി മറുപടി പറയുന്ന ഏക മുഖ്യമന്ത്രി താനാണെന്നായിരുന്നു തുടക്കത്തിൽ വി.ഡി.സതീശന്റെ അവകാശവാദം.അത് പുത്തനച്ചി പുരപ്പുറം
തൂത്തത് പോലെയാണെന്നാണ് ഇപ്പോൾ സംസാരം.സൗജന്യ വിമാന യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തുന്നുവത്രെ.
ക്യാമറകളുമായി ചുറ്റും കൂടി സ്വൈരം കെടുത്തുന്ന ചാനലുകാരോട് പിണറായിയെപ്പോലെ 'കടക്ക് പുറത്ത്' എന്നല്ല,'മാറി നിൽക്ക് ' എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ മാദ്ധ്യമങ്ങളെ വിലക്കി.
മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും, മറുപടി പറയാൻ അദ്ദേഹത്തിന് താത്പര്യമില്ലെന്നുമായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൽപ്പന. അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷയുള്ളതിനാൽ മാറി നിൽക്കണമെന്നും ആവശ്യപ്പെട്ടു.
'മോനേ,നിന്റെ അച്ഛനാടാ പറയുന്നത്.കത്തി താഴെയിടെടാ'. കിരീടം സിനിമയിലേതു പോലൊരു സൂപ്പർ ഡയലോഗ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കേട്ടു. 'അച്ഛൻ എന്തെല്ലാം കണ്ടതാണെടോ.ഇതാദ്യമായിട്ടാണോ'?. ഡയലോഗിന്റെ ഉടമ
പിണറായി വിജയൻ. രംഗം സി.പി.എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. വിഷയം മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണം.
നുറുങ്ങ്
നിയമസഭയിൽ പ്രത്യേക ബ്ളോക്കായി ഇരിക്കാനുള്ള നീക്കം സി.പി.ഐ ഉപേക്ഷിക്കുന്നു
♦വല്യേട്ടന് മുന്നിൽ കീഴടങ്ങൽ ശീലമായിപ്പോയി.
(വിദുരരുടെ ഫോൺ:9946108221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |