കൊല്ലം ജില്ലയിലെ പരവൂർ ദേശത്തിന്റെ ഉദയാസ്‌തമയങ്ങളുടെ ശോഭ കൂട്ടുന്നതിൽ വളരെ പ്രധാന പങ്കുവഹിക്കുന്ന ഒരു ക്ഷേത്രമുണ്ട്. പരവൂർ കായലും അറബിക്കടലും സംഗമിക്കുന്ന പൊഴിമുഖത്തിനരികിലായി സ്ഥിതി ചെയ്യുന്ന പൊഴിക്കര ദേവീ ക്ഷേത്രം. പരവൂരിന്റെ സൗന്ദര്യം തേടിയെത്തുന്നവർക്ക് ഒരിക്കലും ഒഴിവാക്കാനാകാത്തൊരിടമാണ് ആത്മീയത പ്രകൃതിയിൽ ലയിക്കുന്ന ഈ പുണ്യസ്ഥലം.
കേരളത്തിനെ കടലിൽനിന്ന് വീണ്ടെടുത്ത ശേഷം പരശുരാമൻ സ്ഥാപിച്ച 108 ദേവാലയങ്ങളിലൊന്നാണ് പൊഴിക്കര ദേവീ ക്ഷേത്രമെന്നാണ് ഐതിഹ്യം. പ്രശസ്‌തമായ കന്യാകുമാരി ക്ഷേത്രവുമായി പൊഴിക്കര ക്ഷേത്രത്തിന് സാമ്യതകളേറെയാണ്. വേണാട് ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. തടിയിൽ തീർത്ത ശില്‌പങ്ങൾക്ക് പേരുകേട്ടതാണ് പൊഴിക്കര ദുർഗാ ദേവീ ക്ഷേത്രം. വളരെ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ഒരു ക്ഷേത്രക്കുളവും ഇവിടെയുണ്ട്.
വാസ്‌തുശാസ്‌ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിന്റെ വിന്യാസം ഒരുക്കിയിരിക്കുന്നത്. ശ്രീകോവിലിന് ചുറ്റുമുള്ള വിശാലമായ പ്രകാരവും തുറസായ ഇടങ്ങളും മികച്ച രീതിയിലുള്ള വായുസഞ്ചാരം ഉറപ്പാക്കുന്നു. സ്വാഭാവിക വെളിച്ചം നേരിട്ട് ക്ഷേത്രത്തിനുള്ളിലേക്കെത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എല്ലായ്‌പോഴും വളരെ പ്രസന്നവും ശാന്തവുമായ അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടുന്നത്.
ചരിത്രപരമായും ധാരാളം പ്രത്യേകതകളുള്ള സ്ഥലമാണ് പൊഴിക്കര മേജർ ദുർഗാദേവീ ക്ഷേത്രം. 12-ാം നൂറ്റാണ്ടിൽ എഴുതിയതെന്ന് കരുതപ്പെടുന്ന പൊഴിക്കര ശാസനം ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. വട്ടെഴുത്ത് ലിപിയിലുള്ള ഈ ശിലാരേഖയിൽ ക്ഷേത്രഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബ്രീട്ടീഷ് ഭരണകാലത്ത് പരവൂർപ്രദേശത്തിന്റെ ഭരണകേന്ദ്രമായിരുന്നു പൊഴിക്കര. പഴയ കോട്ടയുടെ അവശേഷിപ്പുകൾ ഇപ്പോഴും പൊഴിക്കര ദേശത്തിലുണ്ട്.
പരവൂരിന്റെ സായാഹ്നങ്ങൾ തേടിയെത്തുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനമാണ് പൊഴിക്കര ദേവീ ക്ഷേത്രം. ക്ഷേത്രത്തിന് പിന്നിലായി പൊഴിമുഖത്തിന് അഭിമുഖമായി ഒരുക്കിയിരിക്കുന്ന വിശ്രമസ്ഥലങ്ങളിലേക്ക് ആശ്വാസം തേടിയെത്തുവരിൽ പ്രധാനികൾ പ്രദേശത്തെ അമ്മമാരും കുട്ടികളും തന്നെയാണ്. വൈകുന്നേകുന്നേരങ്ങളിൽ ചുവന്നുതുടുത്ത ആകാശത്തിനെ സാക്ഷിയാക്കി കടലും കായലും ഒന്നിക്കുന്ന കാഴ്‌ച വിവരണങ്ങൾക്കതീതമാണ്. സൂര്യന്റെ പൊൻകിരണങ്ങളിൽ ക്ഷേത്രമകുടം മിന്നിത്തിളങ്ങും. ദേശമാകെ ചുവന്ന ഛായമെഴുതി അസ്‌തമയസൂര്യൻ കടലിൽ ലയിക്കുമ്പോൾ കടൽ കാറ്റിൽ ക്ഷേത്രത്തിൽ നിന്നുയരുന്ന മന്ത്രധ്വനികളും ലയിക്കാൻ തുടങ്ങുന്നു.
Nestled near the Paravur estuary in Kollam, Pozhikkara Devi Temple is known for its rich history, Venad-style architecture and scenic beauty. Overlooking the confluence of the Paravur backwaters and the Arabian Sea, the temple is a popular destination for its serene atmosphere and breathtaking sunsets.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |