
നാളെയാണ് കർക്കടകം ഒന്ന്, കർക്കടകം ഒന്ന് കേരളത്തിൽ രാമായണ മാസത്തിന്റെ ആരംഭം കൂടിയാണ്. ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണത്തിനും നാളെ തുടക്കമാകും. രാമായണ മാസത്തോടനുബന്ധിച്ച് നാലമ്പല ദർശനം നടത്തുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു .
തിരുവനന്തപുരത്ത് നാലമ്പല ദർശനത്തിന് ഉതകുന്ന ക്ഷേത്രങ്ങൾ ഇല്ലെങ്കിലും ചുരുക്കം ചില ശ്രീരാമ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. അതിലൊന്നാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തിന് എതിർഭാഗത്തായി സ്ഥിതിചെയ്യുന്ന ശ്രീരാമ സ്വാമി ക്ഷേത്രം. സീതാ - ലക്ഷ്മണ - ഹനുമദ് സമേതനായി രാജാവായി വാഴുന്ന ശ്രീരാമനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറ് ദർശനമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹനുമാനെയും ഗരുഡനേയും, ശ്രീകോവിലിന് ഇരുവശങ്ങളിലും കാണാം.
തേവാരപ്പുര എന്ന നിലയിലാണ് ഇവിടുത്തെ നിർമ്മിതി. നടുമുറ്റത്തിന് തെക്കു പടിഞ്ഞാറ് കോണിൽ ചെറിയ ശ്രീകോവിലിൽ , കിഴക്ക് അഭിമുഖമായി ബാണലിംഗ പ്രതിഷ്ഠയുണ്ട്. ശിവന്റെ ശ്രീകോവിലിന് മുന്നിൽ ഗണപതിഹോമകുണ്ഡവും അതിനു സമീപം പടിഞ്ഞാറ് ദർശനമായിരിക്കുന്ന ചെറിയ ഗണേശ വിഗ്രഹവും കാണാം. ക്ഷേത്രത്തിന് പിന്നിലായുള്ള ആൽത്തറയിൽ നാഗർ പ്രതിഷ്ഠയും ശ്രീകോവിലിന് ഇടതുവശത്തായി ഗണപതിയേയും വലതുഭാഗത്ത് ശാസ്താവിനേയും പ്രതിഷ്‌ഠിച്ചിരിക്കുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ക്ഷേത്രം. രാവിലെ 5.30 മുതൽ 10 വരെയും വൈകിട്ട് 5.00 മുതൽ 7.45 വരെയുമാണ് ദർശന സമയം. താഴ്‌മൺ മഠത്തിനാണ് താന്ത്രികാവകാശം രാമായണ മാസാചരണം ജൂലായ് 17 മുതൽ ഓഗസ്റ്റ് 16 വരെ. ക്ഷേത്രത്തിൽ രാമായണ ചിറപ്പും നടത്താറുണ്ട്. രാമായണ ചിറപ്പ് നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ദേവസ്വം ഓഫീസിൽ സമീപിക്കാവുന്നതാണ്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |