SignIn
Kerala Kaumudi Online
Friday, 12 June 2026 7.24 PM IST

ബാങ്കോക്കിൽ നിന്നും കോടികളുടെ കഞ്ചാവ് കടത്താൻ ശ്രമം; മുൻ 'മിസിസ് കേരള' മത്സരാർത്ഥി മുംബയിൽ അറസ്റ്റിൽ

READ ENGLISH VERSION
-harsha-sunny-

മുംബയ്: ബാങ്കോക്കിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മുൻ മിസിസ് കേരള മത്സരാർത്ഥി മോഡൽ മുംബയ് വിമാനത്താവളത്തിൽ അറസ്റ്റിലായി. തൃശൂർ സ്വദേശിനിയായ ഹർഷ സണ്ണി (28) ആണ് മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 11.82 കോടി രൂപ വിലമതിക്കുന്ന 11 കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു.

ജൂൺ 10-11 തീയതികളിൽ രാത്രി ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ (TG-351) വിമാനത്തിലാണ് ഹർഷ മുംബയ് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തിലെ പതിവ് പരിശോധനകൾക്കിടയിൽ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഹർഷയുടെ ട്രോളി ബാഗിൽ നിന്ന് വാക്വം സീൽ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടെടുത്തു. ഇതിൽ പച്ചനിറത്തിലുള്ള വസ്തുവായിരുന്നു ഉണ്ടായിരുന്നത്. എൻ.ഡി.പി.എസ് കിറ്റ് ഉപയോഗിച്ച് സംഭവസ്ഥലത്തുതന്നെ നടത്തിയ രാസപരിശോധനയിൽ അതീവ വീര്യമുള്ള ഹൈഡ്രോപോണിക് മരിജുവാനയാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

മയക്കുമരുന്ന് കടത്തിയതിന് ഹർഷ സണ്ണിക്കെതിരെ ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരം കസ്റ്റംസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 2025 ലെ 'മിസിസ് കേരള' മത്സരത്തിലെ മത്സരാർത്ഥിയായിരുന്നു ഹർഷ. കോടതിയിൽ ഹാജരാക്കിയ ഹർഷയെ മുംബയ് ഫോർട്ട് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഹർഷയുടെ കൈവശമുണ്ടായിരുന്ന ലഹരിമരുന്ന് കൺസൈൻമെന്റ് മുംബയിലോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലോ ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ച് കസ്റ്റംസും നാർക്കോട്ടിക് വിഭാഗവും ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, LATESTNEWS, SMUGGLING, MUMBAI, CASEDAIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY