ബംഗളൂരു: കഞ്ചാവ് ഉപയോഗം എതിർത്തതിന് മുത്തശിയെ 26കാരൻ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ശിവമോഗയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മിലാഘട്ട് വാർഡിൽ താമസിക്കുന്ന സുശീലാമ്മയെയാണ് (55) ചെറുമകൻ കിഷോർ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതിയെ വെടിവച്ചാണ് പൊലീസ് പിടികൂടിയത്.
കിഷോർ വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. ഇതിനെ സുശീലാമ്മ ആദ്യം മുതൽ എതിർത്തിരുന്നു. ലഹരി ഉപയോഗിക്കുന്നതിനെച്ചൊല്ലി മുത്തശിയും കിഷോറും തമ്മിൽ പലപ്പോഴും വഴക്കിട്ടിരുന്നു. സംഭവദിവസവും ഇരുവരും വഴക്കിടുകയും പൊലീസിൽ വിവരമറിയിക്കുമെന്ന് സുശീല ചെറുമകനെ അറിയിക്കുകയും ചെയ്‌തു. തുടർന്ന് പൊലീസിനെ വിളിക്കാനായി സുശീലാമ്മ പുറത്തിറങ്ങിയപ്പോൾ കിഷോറും ഇവരെ പിന്തുടർന്നെത്തി. വൃദ്ധയെ റോഡിലേക്ക് തള്ളിയിട്ട ശേഷം കല്ലെടുത്ത് തലയിൽ ഇടിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ കിഷോർ ഒളിവിൽപോയി. ഇയാളുടെ ഒളിത്താവളം കണ്ടെത്തിയ പൊലീസ് സ്ഥലം വളഞ്ഞാണ് പിടികൂടിയത്. ഇതിനിടെ കിഷോർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. തുടർന്നാണ് കാലിൽ വെടിവച്ച് കീഴ്‌പ്പെടുത്തിയത്. നിലവിൽ കിഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |