ഗോഹട്ടി: കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവച്ചുവീഴ്‌ത്തി. അസമിലെ ഗോഹട്ടിയിൽ കഴിഞ്ഞദിവസം പിടികൂടിയ കള്ളനോട്ട് സംഘത്തിലെ പ്രധാന പ്രതിയായ അജയ് വിശ്വകർമ്മയ്ക്കാണ് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. ചോദ്യം ചെയ്യലിനിടെ ഗോഹട്ടിയിലെ കലാക്ഷേത്ര പരിസരത്ത് കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രം ഒളിപ്പിച്ചിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് തെളിവെടുപ്പിനായി എത്തിയപ്പോഴാണ് പ്രതി പൊലീസിനെ വെട്ടിച്ച് ഓടാൻ ശ്രമിച്ചത്.
പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രതി ഓട്ടം തുടർന്നതോടെ ഉദ്യോഗസ്ഥർ ആദ്യം ആകാശത്തേക്ക് വെടിവച്ചു. എന്നിട്ടും വഴങ്ങാതിരുന്നതോടെയാണ് കാലിന് താഴേക്ക് രണ്ട് റൗണ്ട് വെടിയുതിർക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിലൊരു വെടിയുണ്ട പ്രതിയുടെ കാലിൽ കൊള്ളുകയായിരുന്നു. പരിക്കേറ്റ അജയ് വിശ്വകർമ്മയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോഹട്ടയിൽ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ 13.46 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ജൂൺ 30, ജൂലായ് ഒന്ന് തീയതികളിൽ ദിസ്പൂർ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. കേസുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർ കാൺപൂർ (ഉത്തരാഖണ്ഡ്) സ്വദേശികളും രണ്ട് പേർ അസമിലെ സിലാപഥർ സ്വദേശികളുമാണ്. സംഭവത്തിന് പിന്നിൽ വൻ കള്ളനോട്ട് ശൃംഖല തന്നെയുണ്ടെന്നും വരും ദിവസങ്ങളിൽ ബാക്കി പ്രതികളെയും വലയിലാക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |