ഹൈദരാബാദ്: വാടകവീട്ടിനുള്ളിൽ വ്യാജനോട്ട് നിർമാണത്തിലേർപ്പെട്ടിരുന്ന സംഘം പിടിയിൽ. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. സംഭവത്തിൽ നാലുപേർ പിടിയിലായി. ഇവരിൽ നിന്ന് 6.78 കോടിയുടെ വ്യാജനോട്ടുകളും പിടിച്ചെടുത്തു. യൂട്യൂബും മറ്റ് സോഷ്യൽ മീഡിയയും വഴിയാണ് കള്ളനോട്ട് നിർമാണം പഠിച്ചതെന്നാണ് പ്രധാന പ്രതിയായ മധുപോജു കർണാകർ പൊലീസിന് മൊഴി നൽകിയത്. ചിന്നോല മാണിക്യ റെഡ്ഡി, ചെറുകുപെള്ളി രത്നാകർ റെഡ്ഡി, കരണം അജയ് കുമാർ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ.
നവംബർ ഒന്നിന് തെലങ്കാനയിലെ അബ്ദുള്ളാപൂർമെറ്റ് പൊലീസും ഷാദ്‌നഗർ സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീമും ചേർന്ന് രാമോജി ഫിലിം സിറ്റിക്ക് സമീപത്തുനിന്ന് ഒരു കാർ പിടിച്ചെടുത്തിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ 500 കള്ളനോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദ് കുണ്ട്‌ല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് വ്യാജനോട്ട് നിർമാണം നടക്കുന്നതായി മനസിലാക്കിയത്. ഇവിടെ നടത്തിയ പരിശോധനയിൽ ഒരു വ്യാജനോട്ട് നിർമാണ യൂണിറ്റ് കണ്ടെത്തി. കള്ളനോട്ടുകളുടെ 134 കെട്ടുകളാണ് ഇവിടെ നിന്ന് പൊലീസ് പിടിച്ചെടുത്തത്.
യഥാർത്ഥ 500 രൂപ നോട്ടുകൾ സ്കാൻ ചെയ്യുകയും ഫോട്ടോഷോപ്പ് ഉൾപ്പെടെയുള്ള ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് അവയിൽ മാറ്റങ്ങൾ വരുത്തിയ ശേഷം വ്യാജ നോട്ടുകൾ അച്ചടിക്കുകയുമാണ് പ്രതികൾ ചെയ്തിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. യഥാർത്ഥ ഒരു ലക്ഷം രൂപയ്ക്ക് പകരമായി മൂന്നോ നാലോ ലക്ഷം രൂപയുടെ വ്യാജനോട്ടുകൾ വിൽക്കാനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. എന്നാൽ ഇടപാടിലേയ്ക്ക് കൂടുതൽ പേരെ ആകർഷിക്കാൻ സാധിക്കാതെ വന്നതോടെ യഥാർത്ഥ നോട്ടുകളും വ്യാജ പൊലീസ് ഐഡികളും ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാനും സംഘം ശ്രമിച്ചു.
Hyderabad police arrested four people for operating a counterfeit currency unit in a rented house and seized fake notes worth ₹6.78 crore. The main accused reportedly learned the process through YouTube and social media. The gang scanned genuine ₹500 notes, digitally edited them and printed counterfeits, planning to exchange ₹1 lakh in real currency for ₹3–4 lakh in fake notes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |