
നെടുമ്പാശേരി: കൊലക്കേസ് പ്രതിയായ കുറുമശേരി വേങ്ങൂപ്പറമ്പിൽവീട്ടിൽ നിധിനെ (തിമ്മയ്യൻ 32) കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്.
ചെങ്ങമനാട്, അങ്കമാലി, പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത കൊലപാതകം, കൂട്ടായ്മക്കവർച്ച തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024ൽ കുറുമശേരിയിൽ വിനു വിക്രമൻ വധക്കേസിലെ ഒന്നാംപ്രതിയായ ഇയാൾ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ജൂലായിൽ ജില്ലയിൽ പ്രവേശിച്ച് ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുവാൻ ശ്രമിക്കുന്നതിനിടെ അങ്കമാലി പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ഇയാൾ ഉൾപ്പടെ 9പേരെ അറസ്റ്റുചെയ്തിരുന്നു.
ജൂലായിൽത്തന്നെ കോയമ്പത്തൂരിൽ സ്വർണാഭരണങ്ങൾ വിറ്റശേഷം തൃശൂരിലേക്ക് തിരിച്ച് വരുകയായിരുന്ന കാർ യാത്രക്കാരനെ പിന്തുടർന്ന് പാലക്കാട് ആലത്തൂർ ഇരട്ടക്കുളം സിഗ്നലിൽവച്ച് കവർച്ചചെയ്തതിന് ആലത്തൂർ പൊലീസും ഇയാളെ ആലുവ സബ് ജയിലിൽവച്ച് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ നടപടി സ്വീകരിച്ചത്.
ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. റഷീദ്, സബ് ഇൻസ്പെക്ടർമാരായ അഖിൽ സെബാസ്റ്റ്യൻ, പി.എ. തോമസ്, കെ.ജി. ഇന്ദു, സിവിൽ പൊലീസ് ഓഫീസർ കൃഷ്ണലാൽ എന്നിവരാണ് അറസ്റ്റുചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |