SignIn
Kerala Kaumudi Online
Sunday, 05 July 2026 1.14 PM IST

വീട്ടമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; 21 മണിക്കൂർ മരണത്തോട് പൊരുതി 55കാരിക്ക് അത്ഭുത രക്ഷപ്പെടൽ

tangarala-lakshmi
55 കാരിയായ തങ്കരാല ലക്ഷ്മി കിണറിനുള്ളിൽ.

ഹൈദരാബാദ്: ലക്ഷങ്ങളുടെ കടം വീട്ടാൻ 55കാരിയായ വീട്ടമ്മയെ കബളിപ്പിച്ച് ആഭരണങ്ങൾ കവർന്ന ശേഷം കിണറ്റിലിട്ടു കൊല്ലാൻ ശ്രമം. സംഭവത്തിൽ 21കാരനായ ധമ്മ ദിനേഷ് റെഡ്ഡി (21) എന്ന വിദ്യാർത്ഥിയെയും ഇയാൾ മോഷ്ടിച്ച് സ്വർണം വാങ്ങിയ ജ്വല്ലറി ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ കരീംനഗർ ജില്ലയിൽ ഇക്കഴിഞ്ഞ ജൂലായ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. തങ്കരാല ലക്ഷ്മി എന്ന തോട്ടം തൊഴിലാളിയാണ് 21 മണിക്കൂറോളം മരണത്തോട് പൊരുതി കിണറ്റിനുള്ളിൽ കിടന്നത്.


ജോലിക്ക് പോയ ലക്ഷ്മി വൈകിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെ മകൻ പൊലീസിൽ പരാതി നൽകി. ആദ്യം ഇതൊരു സാധാരണ കാണാതാകൽ കേസ് മാത്രമായാണ് പൊലീസ് എടുത്തത്. എന്നാൽ പിറ്റേന്ന് രാവിലെ ഗ്രാമത്തിലെ തോട്ടത്തിലെ ഒരു കിണറ്റിൽ നിന്ന് നാട്ടുകാർ ലക്ഷ്മിയെ രക്ഷപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്.

തോട്ടത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു അപരിചിതൻ ലക്ഷ്മിയെ സമീപിക്കുകയായിരുന്നു. തുടർന്ന് റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്ത് ഇവരെ തിമ്മാപൂർ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ സിസിടിവി ക്യാമറകളും ജനത്തിരക്കും ഉള്ളതിനാൽ പ്രതി പദ്ധതി മാറ്റി. പിന്നീട് തന്റെ സ്വന്തം ബൈക്കിൽ കയറ്റി മറ്റൊരു വിജനമായ സ്ഥലത്ത് വീട്ടമ്മയെ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.


വിജനമായ സ്ഥലത്തെത്തിച്ച ശേഷം പ്രതി ലക്ഷ്മിയെ ഭീഷണിപ്പെടുത്തി അഞ്ച് ഗ്രാം സ്വർണാഭരണങ്ങളും 20 ഗ്രാം വെള്ളിക്കൊലുസും പണവും കവർന്നു. തന്നെ തിരിച്ചറിയാതിരിക്കാൻ ലക്ഷ്മിയെ ജീവനോടെ വിടില്ലെന്ന് പ്രതി ഉറപ്പിച്ചിരുന്നു. തുടർന്ന് ഇയാൾ വീട്ടമ്മയെ ആഴമേറിയ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.

lakshmi
കിണറ്റിൽ വീണ തങ്കരാല ലക്ഷ്മിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുന്നു.

കിണറ്റിലേക്ക് വീണ ലക്ഷ്മി അവിടെയുണ്ടായിരുന്ന കയറിൽ പിടിച്ച് കിടക്കുന്നത് പ്രതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ലക്ഷ്മി മരിച്ചെന്ന് ഉറപ്പാക്കാൻ പ്രതി കയർ കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റുകയും ചെയ്തു. എന്നാൽ നീന്തൽ അറിയാമായിരുന്ന ലക്ഷ്മി കിണറ്റിലെ മോട്ടോർ പൈപ്പിന്റെ കേബിളിൽ എങ്ങനെയോ പിടിത്തം കിട്ടി രാത്രി മുഴുവൻ വെള്ളത്തിൽ കിടന്നു. പ്രദേശം വിജനമായിരുന്നതിനാൽ രാത്രിയിൽ ഇവരുടെ നിലവിളി ആരും കേട്ടില്ല. പിറ്റേന്ന് രാവിലെ എത്തിയ കർഷകരാണ് ഇവരെ കിണറ്റിൽ നിന്നും കണ്ടെത്തിയത്.


പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ റാപ്പിഡോ ബൈക്കിന്റെ ബുക്കിംഗ് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചാണ് പ്രതിയായ ദിനേഷ് റെഡ്ഡിയിലേക്ക് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

ഓൺലൈൻ ആപ്പുകളിലൂടെയും ബെറ്റിംഗിലൂടെയും നാല് ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യത ദിനേഷിനുണ്ടായിരുന്നു. ഈ കടം വീട്ടാനാണ് വീട്ടമ്മയെ കൊള്ളയടിക്കാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMENEWS, WOMAN ESCAPE, WOMAN SURVIVE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY