SignIn
Kerala Kaumudi Online
Monday, 21 September 2026 10.20 AM IST

ഭീഷണി​യി​ലൂടെ പണം തട്ടൽ; ആദ്യം കസ്റ്റംസ്, പി​ന്നെ മുംബയ് സി.ബി.ഐ, തട്ടിയത് 29 ലക്ഷം

sd

കൊച്ചി: കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് കൊച്ചിയിൽ നിന്ന് വീണ്ടും പണം തട്ടൽ. എറണാകുളം സ്വദേശിക്ക് നഷ്ടമായത് 29 ലക്ഷം രൂപ. സി.ബി.ഐ മുംബയ് യൂണിറ്റിലെ ഉദ്യോഗസ്ഥരെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 22 മുതൽ 27 വരെയായിരുന്നു സംഭവം. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എറണാകുളം സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് 41ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

ഫെബ്രുവരി 22ന് രാവിലെയാണ് എറണാകുളം സ്വദേശിയുടെ ഫോണിലേക്ക് തട്ടിപ്പുകാരുടെ ആദ്യ വിളിയെത്തിയത്. മുംബയ് പൊലീസാണെന്നാണ് ധരിപ്പിച്ചത്. ജെറ്റ് എയർവേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണത്തിനിടെ പരാതിക്കാരന്റെ ആധാർ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും വൻ തുക നിക്ഷേപിച്ചതായി കണ്ടെത്തിയെന്നും അറിയിച്ച പൊലീസ്, അന്വേഷണത്തിനായി സി.ബി.ഐ വിളിക്കുമെന്നും അറിയിച്ചു.

തൊട്ടുപിന്നാലെ സ്‌കൈപ്പിലൂടെ സി.ബി.ഐ ഉദ്യോഗസ്ഥരുടെ വിളിയെത്തി.

ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാൻ നിശ്ചിത തുക സ്വകാര്യ ബാങ്കിലേക്ക് നിക്ഷേപിക്കാൻ ഇവർ നിർദ്ദേശിച്ചു. പണമിടപാട് പരിശോധിച്ച ശേഷം ഈ തുക തിരികെ നൽകുമെന്ന് വിശ്വസിപ്പിച്ചു. നടപടിയോട് സഹകരിച്ചില്ലെങ്കിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഭീതിയിലായ പരാതിക്കാരൻ തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് 29 ലക്ഷം രൂപ ആദ്യം നൽകി. തുടർന്ന് കഴിഞ്ഞ 27ാം തീയതിവരെ തട്ടിപ്പുകാർ വിവിധ കാരണങ്ങൾ പറഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. തട്ടിപ്പാണെന്ന് മനസിലായതോടെ ഇയാൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിക്കുകയായിരുന്നു.

അന്വേഷണം തട്ടിപ്പുകാരുടെ
അക്കൗണ്ട് കേന്ദ്രീകരിച്ച്

പരാതിയിൽ തട്ടിപ്പുകാർ കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസിൽ കൊച്ചിക്കാരടക്കം ഏഴ് പേർ അറസ്റ്റിലായിരുന്നു. ഈ തട്ടിപ്പിലും മലയാളികൾക്കും പങ്കുണ്ടാകുമെന്നാണ് കരുതുന്നത്.

ആദ്യ കേസ് കൊറിയർ ലഹരി
തായ്വാവിനിൽ നിന്ന് ഡോക്ടറുടെ പേരിൽ വന്ന കൊറിയറിൽ 200 ഗ്രാം എം.ഡി.എം.എയും അഞ്ച് പാസ്‌പോർട്ടും കണ്ടെത്തിയെന്നും പറഞ്ഞാണ് തട്ടിപ്പുകാർ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് വ്യാജേനെ വിളിച്ചത്. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന ആവശ്യമുണ്ടെന്നും അറിയിച്ചു. റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരിൽ വീണ്ടും വിളിച്ചു പ്രത്യേക അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നും 15 മിനിറ്റിനു ശേഷം തിരികെ ലഭിക്കുമെന്നും അറിയിച്ചു. തുടർന്ന് വിവിധ തവണകളായി 41ലക്ഷം രൂപ കൈമാറുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY