SignIn
Kerala Kaumudi Online
Monday, 12 October 2026 8.32 AM IST

കരിമഠം കോളനിയിൽ ലഹരിക്കെതിരെ പ്രതികരിച്ച സ്ത്രീയെ ഭീഷണിപ്പെടുത്തിയ രണ്ടുപേർ അറസ്റ്റിൽ

2

തിരുവനന്തപുരം: ചാല കരിമഠം കോളനിയിൽ രാത്രി കത്തിയുമായി നാട്ടുകാരെ വിറപ്പിച്ച് പരാക്രമം നടത്തിയ രണ്ടുപേർ പിടിയിൽ. കരിമഠം സ്വദേശിയും ഒന്നാം പ്രതിയുമായ സുനിൽകുമാർ,രണ്ടാം പ്രതി സഞ്ജിത്ത് എന്നിവരെയാണ് ഫോർട്ട് പൊലീസ് ഞായറാഴ്ച രാവിലെ പിടികൂടിയത്.

കഴിഞ്ഞയാഴ്ച അർഷാദ് എന്ന 19കാരനെ കുത്തിക്കൊലപ്പെടുത്തിയ അക്രമികളുടെ ഉറ്റ സുഹൃത്താണ് പിടിയിലായ സുനിൽകുമാറെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോളനിയിലെത്തിയ ഇയാൾ സ്ത്രീകൾക്കുനേരെ കത്തിവീശിയും തെറിവിളിച്ചും ഭീഷണിമുഴക്കി. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കോളനിയിൽ കാവൽ നിന്നിരുന്ന പൊലീസുകാർ വിവരമറിഞ്ഞെത്തിയപ്പോഴേക്കും ഇയാൾ കത്തിയുമായി ഓടിരക്ഷപ്പെട്ടു. രാത്രി പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. കോളനിയിലെ സ്ത്രീ നൽകിയ പരാതിയിലാണ് സുനിലിനെതിരെ ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്.

കോളനിയിൽ ലഹരിമരുന്നു വില്പന തടയുമെന്നു പറഞ്ഞ് ഏതാനും സ്ത്രീകൾ രംഗത്തു വന്നതാണ് സുനിൽകുമാറിനെ ചൊടിപ്പിച്ചതെന്നും ലഹരി വില്പനയുമായി ബന്ധപ്പെട്ട് സുനിൽകുമാർ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഭീഷണി മുഴക്കിയപ്പോൾ സുനിലിനൊപ്പമുണ്ടായിരുന്നയാളാണ് സൻജിത്ത്. ഇയാളാണ് സുനിലിനെ കോളനിയിൽ ഒളിവിൽ കഴിയാൽ സഹായിച്ചതെന്നും പൊലീസ് പറഞ്ഞു.

കൊലപാതകം നടന്നതിന്റെ പിറ്റേന്ന് കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച സ്ത്രീയുടെ കാല് വെട്ടിയെടുക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. കരിമഠം സ്വദേശി സുഹ്രബൻബീവിക്ക് (52) നേരെയാണ് മൂന്നംഗ സംഘം ഭീഷണി മുഴക്കിയത്. അന്ന് അവരുടെ പരാതിയിൽ കോളനിയിലെ ഷാരൂഖ് ഖാൻ,ജിയാസ്,അജിത് എന്നിവരെ ഫോർട്ട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തശേഷം ജാമ്യത്തിൽ വിട്ടയിച്ചിരുന്നു.

കൊലപാതകത്തിൽ

തെളിവെടുപ്പ് ബുധനാഴ്ച

കരിമഠം കോളനിയിലെ അർഷാദിന്റെ കൊലപാതകത്തിൽ പ്രതികളുമായി നാളെ തെളിവെടുപ്പ് നടത്തും. ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും. തുടർന്നാണ് നാളെ രാവിലെ തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. ഒന്നാം പ്രതി ഒന്നാം ധനുഷ് (19),രണ്ടാം പ്രതി ചിപ്പായി എന്ന നിതിൻ (18),മൂന്നാംപ്രതി കിട്ടുവെന്ന സുരേഷ് എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുവരുന്നത്. ബാക്കിയുള്ള അഞ്ചുപ്രതികൾക്ക് പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ ഇവരെ തത്കാലം തെളിവെടുപ്പിൽ നിന്ന് ഒഴിവാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY