കയ്പമംഗലം: മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019ൽ നടന്ന കൊലക്കേസിലെ പ്രതി ഒഡീഷ സ്വദേശി ബിക്കാരി മാലിക്ക് (36) പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ജഹാഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിയെ മതിലകം പൊലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രതി ഒളിവിൽ പോയതിനെത്തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കൊടുങ്ങല്ലൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് അറസ്റ്റ്. പടിഞ്ഞാറേ വെമ്പല്ലൂർ ചന്ദന സ്വദേശിയായ വിജിത്ത് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ബിക്കാരി മാലിക്ക്.
വിജിത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടന്നിരുന്ന പറമ്പിൽ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒഡീഷയിലേക്ക് കടന്ന് ഒളിവിൽ പോവുകയായിരുന്നു. കേസിലെ മറ്റു പ്രതികളെ 2019ൽ നിലവിലെ മതിലകം സി.െഎ വി.വി.വിമലിന്റെ നേതൃത്വത്തിൽ ഒഡീഷയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. മതിലകം സ്റ്റേഷൻ ഹൗസ് ഓഫീസർ എം.നെസിയയുടെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ പ്രബിൻ, സി.പി.ഒ ബിനിൽ എന്നിവർ ഒഡീഷയിലെത്തി ദിവസങ്ങളോളം താമസിച്ച് പ്രതിയുടെ താമസസ്ഥലം നിരീക്ഷിച്ചും മറ്റും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |