
കാസർകോട്: ഗാരേജ് കത്തിച്ച കേസിലും വാളുകൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആളുകളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവങ്ങളിലും ഉൾപ്പെടെ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി ഉപ്പളയിലെ ‘മീശ റൗഫ്’ എന്നറിയപ്പെടുന്ന റൗഫ് (40) മുംബൈയിൽ പിടിയിലായി. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും കുമ്പള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.
നാട്ടിൽ അക്രമസംഭവങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഒളിവിൽ പോകുന്നതാണ് റൗഫിന്റെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ബന്തിയോട് പെർമുദയിൽ ഗാരേജ് കത്തിച്ച സംഭവത്തിനും മാരകായുധങ്ങൾ ഉപയോഗിച്ച് ആളുകളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസുകൾക്കും പിന്നാലെ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാൾ മുംബൈയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.
സംഭവങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെയും പ്രതി സഞ്ചരിച്ചിരിക്കാമെന്ന് സംശയിക്കുന്ന മേഖലകളിലെയും നൂറോളം സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ വിവരങ്ങളും പരിശോധിച്ചും ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതി മുംബൈയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തി അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യനീക്കങ്ങൾക്കൊടുവിൽ പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും ഇയാളുമായി ബന്ധമുള്ളവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മുംബൈയിൽനിന്ന് പിടികൂടിയ പ്രതിയെ കാസർകോട്ടെത്തിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |