കൊച്ചി: കേരളത്തിലെ പ്രധാന ഗണപതി ക്ഷേത്രങ്ങളിൽ ഒന്നായ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര വളപ്പിലെ ഇ കാണിക്കയുടെ മുകളിലെ ഗണപതി ഭഗവാന്റെ ചെറു വിഗ്രഹമാണ് അടിച്ചു മാറ്റിയത്. നൂറ് കണക്കിന് ഭക്തജനങ്ങൾ ദർശനം നടത്തിക്കൊണ്ടിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ എളമക്കര പൊലീസ് ഇന്നലെ അന്വേഷണം തുടങ്ങി.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇടപ്പള്ളി ശാഖയാണ് ഒരു കൊല്ലം മുമ്പ് ഗണപതി ക്ഷേത്രത്തിൽ ഇ കാണിക്ക സൗകര്യം ഒരുക്കിയത്. ഭക്തരുടെ സൗകര്യാർത്ഥം ഗണപതി ഭഗവാന്റെ നടയ്ക്ക് സമീപം വെച്ചിട്ടുള്ള ഇ കാണിക്കയുടെ മുകളിൽ പിച്ചള കൊണ്ട് നിർമ്മിച്ച ഗണപതിയുടെ ചെറു രൂപം സ്ഥാപിച്ചിട്ടുണ്ട്. 24,000 രൂപയാണ് ഇതിന് വില കണക്കാക്കുന്നത്. ഈ ചെറു രൂപമാണ് മോഷണം പോയത്. ഗണപതി രൂപത്തോട് ചേർന്നുള്ള കുട്ടയും പണവും ചാർത്തിയിരുന്ന പൂമാലയും കവർന്നു. കാണിക്കയും ഗണപതി രൂപവും സൗത്ത് ഇന്ത്യൻ ബാങ്കാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
ഗണപതിയുടെ രൂപം കാണാനില്ലെന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ക്ഷേത്രം അധികൃതർ സി.സി ടിവി ക്യാമറകൾ പരിശോധിച്ചു. ബുധനാഴ്ച രാവിലെ 8.30നും 9നുമിടെയാണ് മോഷണം നടന്നതെന്ന് ഇതോടെ സ്ഥിരീകരിച്ചു. മോഷണം നടന്ന ബുധനാഴ്ച രാവിലെ നല്ല തിരക്കായിരുന്നു. ഇതിനിടെ ഒരാൾ ഇ കാണിക്കയ്ക്ക് സമീപം വരുന്നതും ഗണപതിയുടെ രൂപം ഇളക്കിയെടുക്കുന്നതും സി.സി ടിവിയിലുണ്ട്. മുഖം വ്യക്തമല്ല. ഇന്നലെ രാവിലെയാണ് എളമക്കര പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെത്തി ദൃശ്യങ്ങൾ ശേഖരിച്ചു. ക്ഷേത്രത്തിന് സമീപമുള്ള ക്യാമറകൾ കൂടി പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. എല്ലാ സാദ്ധ്യതകളും പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |