SignIn
Kerala Kaumudi Online
Friday, 02 October 2026 5.27 PM IST

പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് മോഷണം: പ്രതികൾ പിടിയിൽ

shyju-khan

ചാരുംമൂട്: പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ ലഹരിക്കടത്തുകാരനും മോഷ്ടാവും അറസ്റ്റിലായി. ലഹരിക്കടത്തുകാരൻ നൂറനാട് പുതുപ്പളളിക്കുന്നം മുറിയിൽ ഖാൻ മൻസിലിൽ ഷൈജുഖാൻ എന്നു വിളിക്കുന്ന ഖാൻ.പി.കെ (42), നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട അമ്പലപ്പുഴ വളഞ്ഞവഴി പൊക്കത്തിൽ വീട്ടിൽ പൊടിച്ചൻ എന്നു വിളിക്കുന്ന പൊടിമോൻ (27) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 24നാണ് ചാരുംമൂട് ടൗണിനു സമീപം മുറുക്കാൻ കട നടത്തുന്ന താമരക്കുളം വേടരപ്ലാവ് സന്ധ്യാഭവനം സതിയമ്മയുടെ വീട് കുത്തിത്തുറന്ന് ഒരുപവന്റെ സ്വർണവളയും 52000 രൂപയും മോഷ്ടിച്ചത്. കടയിൽ പോയിരുന്ന സതിയമ്മ വൈകിട്ട് 3 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിനുകുമാറിന്റെ മേൽ നോട്ടത്തിൽ നൂറനാട് സി.ഐ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മോഷ്ടാക്കൾ സംഭവദിവസം ഉച്ചക്ക് സതിയമ്മയുടെ വീട്ടുമുറ്റത്ത് ഒരു കറുത്ത സ്‌കൂട്ടറിൽ നിൽക്കുന്നതായി അയൽവാസിയായ ഒരു സ്ത്രീയും കുട്ടിയും കണ്ടിരുന്നു. ഈ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. നിരന്തരം ലഹരിക്കേസിൽ പിടിക്കപ്പെട്ട ഷൈജുഖാന്റെ വീടും 17 സെന്റ് സ്ഥലവും സഫേം നിയമപ്രകാരം കണ്ടുകെട്ടാൻ നോട്ടീസ് നൽകിയിരിക്കുയാണ്. പൊടിമോൻ ചേർത്തല, അമ്പലപ്പുഴ എന്നീ സ്റ്റേഷനുകളിലും ആലപ്പുഴ റെയിൽവെ പൊലീസ് സ്റ്റേഷനിലും, പുന്നപ്ര, കരുനാഗപ്പളളി, ഓച്ചിറ എന്നീ സ്റ്റേഷനുകളിലുമായി 16മോഷണക്കേസുകളിൽ ഉൾപ്പെട്ടയാളാണ്. സതിയമ്മയെ നേരിട്ട് അറിയാവുന്ന ഷൈജുഖാൻ ഇവർ പകൽ സമയത്ത് വീട്ടിൽ ഉണ്ടാകില്ല എന്ന വ്യക്തമായ ധാരണയിൽ മുൻകൂട്ടി പ്ലാൻ ചെയ്ത് കൂട്ടാളിയേയും കൂട്ടി വന്ന് മോഷണം നടത്തി മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ എസ്.മിഥുൻ, എ.എസ്.ഐ സിനു വർഗീസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജി.ഉണ്ണികൃഷ്ണപിളള, മുഹമ്മദ് ഷെഫീഖ്, അരുൺ ഭാസ്‌കർ, വിഷ്ണു വിജയൻ, കലേഷ്.കെ, അൻഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരു​ന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY