കണ്ണൂർ: പൊലീസിന്റെ ഓപ്പറേഷൻ തൂഫാന്റെയും എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിന്റെയും ഭാഗമായി ജില്ലയിൽ ഒരു മാസത്തിനിടെ പിടിയിലായത് 320 പേർ. പൊലീസിന്റെ പരിശോധനയിൽ 158 പേരും എക്സൈസിന്റെ പരിശോധനയിൽ 162 പേരുമാണ് അറസ്റ്റിലായത്.
നേരത്തെ കഞ്ചാവ് കേസുകളാണ് കൂടുതലെങ്കിൽ ഇപ്പോൾ സിന്തറ്റിക് ലഹരികളാണ് വ്യാപകം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് വരെ എളുപ്പത്തിൽ ഇത് ലഭ്യമാകുന്നുവെന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. പിടിയിലായവരിൽ നിന്നും വൻ തോതിലാണ് ലഹരി കണ്ടെത്തിയതെന്നതും ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.
ഒളിപ്പിച്ചു കടത്താനുള്ള എളുപ്പവും പെട്ടെന്നു ലഭിക്കുന്ന ഉയർന്ന ലഹരിയുമാണ് സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർദ്ധിപ്പിച്ചത്. മെത്തലിൻ ഡയോക്സിൻ മെത്താഫെറ്റാമിനാണ് (എം.ഡി.എം.എ) ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. കേരളത്തിൽ കൂടുതലായും ക്രിസ്റ്റൽ രൂപത്തിൽ ലഭിക്കുന്ന എം.ഡി.എം.എ 'പാർട്ടി ഡ്രഗ്' എന്നാണ് അറിയപ്പെടുന്നത്. എക്സ്റ്റസി, മെത്ത്, മോളി എന്നും അറിയപ്പെടുന്ന എം.ഡി.എം.എ ഗുളിക, പൗഡർ, ഓയിൽ രൂപങ്ങളിലും കടത്തുന്നുണ്ട്.
വിവിധ വകുപ്പുകളുടെ പരിശോധന കർശനമായതിനാൽ കരമാർഗമുള്ള കടത്തിനു പകരം കടൽ മാർഗമുള്ള മയക്കു മരുന്ന് കടത്താണ് ഇപ്പോൾ കൂടുതലുള്ളതെന്ന് കേന്ദ്ര അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളിലുണ്ട്. കേരള തീരത്തോട് ചേർന്നുള്ള അന്താരാഷ്ട്ര കപ്പൽ പാതകളാണ് മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നത്. കൊച്ചി, കോഴിക്കോട് ജില്ലാ അതിർത്തികളും കടത്തിനുള്ള മാർഗമാണെന്ന് പൊലീസ് പറഞ്ഞു.
നീണ്ടു നിൽക്കുന്ന ലഹരി,
ജീവന് ഭീഷണി
എം.ഡി.എം.എ ശരീരത്തിലെത്തിയാൽ അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കും. ശരീരതാപനിലയും രക്തസമ്മർദവും അസാധാരണമായി ഉയരും. എം.ഡി.എം.എ ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 12 മുതൽ 16 മണിക്കൂർ വരെ ലഹരി നീണ്ടുനിൽക്കും. ക്ഷീണമില്ലാത്ത അവസ്ഥയും മണിക്കൂറുകളോളം നിലനിൽക്കും. ഇതിന്റെ നിരന്തര ഉപയോഗം നയിക്കുന്നത് ഹൃദയാഘാതത്തിലേക്കാണ്. വൃക്കകളുടെ പ്രവർത്തനവും തടസപ്പെടും. അക്രമാസക്തി, ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന എന്നിവ തുടർ പ്രശ്നങ്ങളാകും. പല്ലുകൾ പൊടിഞ്ഞു നഷ്ടപ്പെടുന്ന 'മെത്ത് മൗത്ത്' എന്ന അവസ്ഥയിലേക്കും നയിക്കും. നാഡീ വ്യവസ്ഥയുടെ സ്വാഭാവിക പ്രവർത്തനം തടസപ്പെടും.
ലഹരി സംബന്ധിച്ച വിവരങ്ങൾ നൽകാം
പൊലീസ് 9995966666, 9497979794
നർക്കോട്ടിക് സെൽ 9497990135
എക്സൈസ് 9447178000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |