
കോലഞ്ചേരി: കടയിരുപ്പ് പാറേപ്പീടിക പൂക്കോളയിൽ ഏലിയാമ്മയുടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന ജാതിക്ക മോഷ്ടിച്ച കേസിൽ രണ്ടുപേരെ പുത്തൻകുരിശ് പൊലീസ് പിടികൂടി. വടക്കേക്കര നോർത്ത് പറവൂർ പട്ടണം കുഞ്ഞിക്കൽ വീട്ടിൽ അജിത് (21), കണ്ടനാട് നടക്കാവ് പഴക്കാട്ട് നികർത്തിൽ രഞ്ജൻ (20) എന്നിവരെയാണ് പിടികൂടിയത്. വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന 7500രൂപ വിലവരുന്ന ജാതിക്കയാണ് മോഷണംപോയത്.
സംഭവത്തെത്തുടർന്ന് പ്രാദേശിക ചാനലിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ വീഡിയോദൃശ്യങ്ങൾ നവമാദ്ധ്യമങ്ങൾവഴി പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഏതാനുംപേർചേർന്ന് പാറേപ്പീടിക ഭാഗത്തുവച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഒന്നാംപ്രതിയായ അജിത് ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ പീഡനമടക്കം കേസുകളിൽ പ്രതിയാണ്.
രണ്ടാംപ്രതി രഞ്ജൻ പുത്തൻകുരിശ്, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിലും ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള രണ്ട് കേസുകളിലും ചോറ്റാനിക്കരയിൽ ഒരു എൻ.ഡി.പി.എസ് കേസിലും ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോലഞ്ചേരി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |