
കോടതിയിൽ ഹാജരാക്കി ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
നെടുമങ്ങാട്: കാപ്പാക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ സുഗതനമായി തെളിവെടുപ്പ് നടത്തി പൊലീസ്. ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാത്തിയ സുഗതനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തെളിവെടുപ്പിന് ശേഷം ഇന്നലെ വൈകിട്ട് തന്നെ തിരികെ കോടതിയിൽ ഹാജരാക്കി. സുഗതന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ഇന്നലെ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സുഗതനെ കോടതി നിർദ്ദേശ പ്രകാരം കേസുമായി ബന്ധപ്പെട്ട സംഭവം നടന്ന വള്ളൈക്കടവ് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകിട്ട് അഞ്ചോടെ തിരികെ കോടതിയിൽ ഹാജരാക്കിയെങ്കിലും സുഗതന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേയ്ക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു.
വൈദ്യ പരിശോധനയിൽ തർക്കം
ഇന്നലെ രാവിലെ 11ഓടെയാണ് സുഗതനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയത്. മജിസ്ട്രേട്ട് അക്ഷയ പി.ആർ പ്രതിയെ കസ്റ്റഡിയിൽ വിടുന്നതിനു മുമ്പുള്ള വൈദ്യ പരിശോധന പൂർത്തിയാക്കാൻ പൊലീസിന് നിർദേശം നൽകിയതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചു.
ഈ സമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഡോക്ടർമാർ സുഗതനെ പരിശോധിച്ചു. രക്തസമ്മർദം കൂടിയതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. തിരികെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തർക്കമുണ്ടായത്.
ജയിൽ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലുള്ള സുഗതനെ ആശുപത്രിയിൽ കൊണ്ടുപോയത് വട്ടിയൂർക്കാവ് പൊലീസിന്റെ വാഹനത്തിലാണെന്നും എസ്.ഐ അഭിജിത് വാഹനത്തിൽ വച്ച് സുഗതനെ ഭീഷണിപ്പെടുത്തിയെന്നും രക്തസമ്മർദം കൂടാൻ ഇതാണ് കാരണമെന്നും പ്രതിഭാഗത്തിനായി ഹാജരായ അഡ്വ.എസ്.കെ.രഞ്ജു ഭാസ്കർ കോടതിയിൽ വാദിച്ചു.
ജയിൽ അധികൃതരുടെ കസ്റ്റഡിയിലുള്ള പ്രതിയെ വട്ടിയൂർക്കാവ് പൊലീസ് വൈദ്യ പരിശോധനക്ക് കൊണ്ടുപോയത് ഗുരുതര വീഴ്ചയാണെന്ന് രഞ്ജു ഭാസ്കർ ചൂണ്ടിക്കാട്ടി. ഇതുപരിഗണിച്ച കോടതി വട്ടിയൂർക്കാവ് എസ്.ഐ അഭിജിത്തിനെ മാറ്റിനിറുത്തി ക്രൈം ചുമതലയുള്ള എസ്.ഐ സാജുവിനെ വിളിച്ചുവരുത്താൻ നിർദ്ദേശം നൽകി.
തുടർന്ന് തെളിവെടുപ്പിനായി സുഗതനെ,എസ്.ഐ സാജുവിന്റെ കസ്റ്റഡിയിൽ നാല് മണിക്കൂർ വിടുകയായിരുന്നു. പ്രോസിക്യഷന് വേണ്ടി അഡ്വ.ലിറ്റിൽ ഫ്ളവർ ഹാജരായി. കോടതി പരിസരത്തും കച്ചേരിനടയിലും വൻ സുരക്ഷാക്രമീകരണം പൊലീസ് ഏർപ്പെടുത്തിയിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |